ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിന് അർജന്റീന ഇന്നിറങ്ങാൻ പോവുകയാണ്. ഗ്രൂപ്പ് സി ജേതാക്കളായ അർജൻറീനക്ക് ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് എതിരാളികൾ. എല്ലാ ടീമുകളും മികച്ച പ്രകടനം നടത്തുന്ന ഖത്തർ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ കടുത്ത പോരാട്ടമാണ് അർജൻറീന പ്രതീക്ഷിക്കുന്നതെങ്കിലും മത്സരത്തിൽ ടീം വിജയം നേടുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഓസ്ട്രേലിയക്കെതിരെ വിജയം നേടിയാൽ ക്വാർട്ടർ ഫൈനലിൽ അർജൻറീനക്ക് എതിരാളികളായി ലഭിക്കാൻ സാധ്യത രണ്ടു ടീമുകളെയാണ്. ഇന്നു രാത്രി തന്നെ നടക്കുന്ന പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന നെതർലൻഡ്സ്, യുഎസ്എ എന്നീ ടീമുകളിൽ ഒന്നായിരിക്കും അർജൻറീനയുടെ എതിരാളികൾ. വളരെ മികച്ച താരങ്ങളുള്ള രണ്ടു ടീമുകളും അർജന്റീനക്ക് വലിയ ഭീഷണിയായിരിക്കും. ഹോളണ്ടിനെ ക്വാർട്ടറിൽ ലഭിക്കാനാണ് കൂടുതൽ സാധ്യത.
ക്വാർട്ടറിൽ വിജയം നേടി സെമിയിലേക്കു കടന്നാൽ ജപ്പാൻ, ക്രൊയേഷ്യ, ബ്രസീൽ, സൗത്ത് കൊറിയ എന്നീ നാലു ടീമുകളിൽ ഒന്നിനെയാകും അർജൻറീന നേരിടേണ്ടി വരിക. പ്രീ ക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യക്കു മുന്നിലും സൗത്ത് കൊറിയ ബ്രസിലിനു മുന്നിലും വീഴുമെന്നേ കരുതാനാകൂ. നിലവിലെ ഫോം പരിഗണിക്കുമ്പോൾ ബ്രസീലാണ് സെമിയിൽ വരാൻ കൂടുതൽ സാധ്യതയെങ്കിലും ക്രൊയേഷ്യയേയും എഴുതി തള്ളാൻ കഴിയില്ല. കഴിഞ്ഞ ലോകകപ്പിൽ അത്ഭുതങ്ങൾ കാണിച്ച ടീം ഇത്തവണയും മികച്ച ഫോമിലാണ്.
Argentina has weaker opponents upto finals pic.twitter.com/OgSVrAthAk
— Kiiza Kenneth (@kenneth_kizza) December 3, 2022
ആ കടമ്പയും മറികടന്നാൽ ഫൈനലിൽ വമ്പന്മാരാവും അർജൻറീനയെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ട്, സെനഗൽ, ഫ്രാൻസ്, പോളണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, മൊറോക്കോ, സ്പെയിൻ തുടങ്ങി ഏതു ടീമിനെയും അർജൻറീന പ്രതീക്ഷിക്കാം. നിലവിലെ ഫോം നോക്കുമ്പോൾ ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കാണ് സാധ്യത കൂടുതലെങ്കിലും ഫൈനലിൽ മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടമായിരിക്കും ആരാധകർ ആഗ്രഹിക്കുന്നത്.