വലിയ പ്രതീക്ഷകളോടെയാണ് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റത്. ക്ലബിലെ തൻ്റെ ആദ്യ സീസണിൽ ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗ് സ്പോട്ടിലേക്ക് നായിക്കുകയും ചെയ്തു.പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയ യുണൈറ്റഡ് 2023 എഫ്എ കപ്പ് ഫൈനലിലും എത്തി.
എന്നാൽ കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് തോറ്റു. വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ പ്രീമിയർ ലീഗിൽ 1-0 വിജയത്തോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2023-24 സീസൺ ആരംഭിച്ചത് .എന്നാൽ ന്യൂകാസിൽ യുണൈറ്റഡിനോട് ഹോം ഗ്രൗണ്ടിൽ 3-0 തോൽവി ഏറ്റുവാങ്ങി EFL കപ്പിൽ നിന്ന് നാലാം റൗണ്ടിൽ പുറത്തായി.ബയേൺ മ്യൂണിക്കിനോട് 1-0 ന് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി. ലീഗിലെ തുടർച്ചയായ തോൽവികൾ യുണൈറ്റഡിനെ പോയിന്റ് ടേബിളിൽ താഴേക്ക് എത്തിച്ചു. നിലവിൽ 27 മത്സരങ്ങളിൽ നിന്നും 44 പോയിന്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ്.
ഈ സീസണിലെ യുണൈറ്റഡിന്റെ മോശം പ്രകടനത്തോടെ പരിശീലകൻ ടെൻ ഹാഗിന്റെ കസേരക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. ഈ സീസൺ അവസാനിക്കുമ്പോൾ അദ്ദേഹത്തെ പുറത്താക്കുമെന്ന് കളിക്കാർ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. ഓൾഡ് ട്രാഫോർഡിലെ ടെൻ ഹാഗിന് പകരക്കാരനാകാൻ സാധ്യതയുള്ളതായി ചില പേരുകൾ ഇതിനകം വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ട്, അവരിലെ പ്രധാനപ്പെട്ട പേരാണ് ബ്രൈറ്റൺ മാനേജർ റോബർട്ടോ ഡി സെർബിക്ക്.നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും അഭിലഷണീയമായ കളിക്കാരിൽ ഒരാളാണ് ഡി സെർബി.
ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റിന്റെ പേരും ഉയർന്നു വരുന്നുണ്ട്. ഇംഗ്ലണ്ടിനെ ഒരു യൂറോ ഫൈനലിലേക്കും ഫിഫ ലോകകപ്പ് സെമിഫൈനലിലേക്കും നയിച്ച സൗത്ത്ഗേറ്റിന് മികച്ച റെക്കോർഡുണ്ട്. യുണൈറ്റഡിന് തൽക്ഷണ വിജയം മാത്രമല്ല വർഷങ്ങളോളം വിജയത്തിൻ്റെ സംസ്കാരം വളർത്തിയെടുക്കാനുള്ള അടിത്തറയും ആവശ്യമാണ്: ഇതിഹാസ താരം സർ അലക്സ് ഫെർഗൂസൻ്റെ വിടവാങ്ങലിന് ശേഷം ക്ലബ്ബിന് ഇല്ലാത്തത് അതാണ്.നിലവിൽ, യുണൈറ്റഡ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ്, നാലാം സ്ഥാനത്തുനിന്നും 11 പോയിൻ്റ് അകലെയാണ് .
അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാവുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല.കരബാവോ കപ്പിൽ തോറ്റതിന് ശേഷം എഫ്എ കപ്പിന് വേണ്ടി മാത്രമാണ് അവർ ഇപ്പോൾ മത്സരിക്കുന്നത്.റെഡ് ഡെവിൾസ് അവരുടെ മോശം ഫോം തുടരുകയാണെങ്കിൽ സീസൺ അവസാനിക്കുന്നതിന് മുന്നേ ഡച്ചുകാരന് എക്സിറ്റ് ഡോർ കാണിക്കാനുള്ള സാധ്യതയുണ്ട്.