കഴിഞ്ഞ 15 വർഷത്തോളം ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിച്ചത് ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കുറച്ചായിരിക്കും.അത്രമേൽ വലിയ സ്വാധീനമാണ് ഈ രണ്ടു താരങ്ങളും കഴിഞ്ഞ പതിറ്റാണ്ടിൽ വേൾഡ് ഫുട്ബോളിൽ ഉണ്ടാക്കിയിട്ടുള്ളത്.ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സി ഏഴ് തവണ നേടിയപ്പോൾ ക്രിസ്റ്റ്യാനോ 5 തവണയും നേടിയിട്ടുണ്ട്.
എന്നാലിപ്പോൾ മെസ്സിയും റൊണാൾഡോയും തങ്ങളുടെ പഴയ മികവിലൊന്നുമല്ല. തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് മെസ്സിയും റൊണാൾഡോയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇപ്പോൾ പുതിയ ഒരു ഡിബേറ്റ് ലോക ഫുട്ബോളിൽ ഉയർന്നു വന്നിട്ടുണ്ട്. അത് സൂപ്പർ സ്ട്രൈക്കർമാരായ എർലിംഗ് ഹാലണ്ടും കൈലിയൻ എംബപ്പേയും തമ്മിലുള്ളതാണ്.
അതുകൊണ്ടുതന്നെ മുൻ ചെൽസി- ടോട്ടൻഹാം താരമായിരുന്ന ഗസ് പോയറ്റിന് ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ട്. അതായത് ഉടൻതന്നെ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ആളുകൾ മറക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പകരം ഹാലണ്ടും എംബപ്പേയുമാണ് ഇരുവരുടെയും സ്ഥാനം കൈയ്യടക്കുക എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
Why Cristiano Ronaldo, Lionel Messi Will Be Forgotten Soon, Former Player Claims https://t.co/WEhrwuC7Ux
— PSG Talk (@PSGTalk) September 12, 2022
‘ ഇപ്പോൾ ഹാലന്റും എംബപ്പേയുമാണ് താരങ്ങൾ. അതുകൊണ്ടുതന്നെ വരുന്ന കുറച്ചു വർഷങ്ങൾക്കുള്ളിൽ മെസ്സിയെയും റൊണാൾഡോയെയും ആളുകൾ മറക്കും.ഫുട്ബോളിൽ വലിയ സ്വാധീനമാണ് എംബപ്പേയും ഹാലന്റും ചെലുത്താൻ പോവുന്നത്. എല്ലാവരും പറയുന്നത് ഇപ്പോൾ ബെൻസിമയാണ് മികച്ച താരമെന്നാണ്. പക്ഷേ പ്രീമിയർ ലീഗ് ഹാലന്റിനെ ലഭിച്ചതിൽ സന്തോഷിക്കുക തന്നെ വേണം ‘ പോയറ്റ് പറഞ്ഞു.
ഈ സീസണിൽ സിറ്റിക്ക് വേണ്ടി ഹാലന്റ് മികച്ച പ്രകടനമാണ് നടത്തുന്നത്.പ്രീമിയർ ലീഗിലെ ടോപ്പ് സ്കോറർ അദ്ദേഹമാണ്.ലീഗ് വണ്ണിൽ 7 ഗോളുകൾ നേടിയ എംബപ്പേയും ഇപ്പോൾ മിന്നും ഫോമിലാണ് കളിക്കുന്നത്.