എന്തുകൊണ്ട് മെസ്സിയുടെ കരാർ പുതുക്കാൻ ഖലീഫി വളരെയധികം താല്പര്യപ്പെടുന്നു? ഫാബ്രിസിയോ പറയുന്നു

കഴിഞ്ഞ സീസണിലായിരുന്നു ലയണൽ മെസ്സി ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്.എന്നാൽ മെസ്സി കരുതിയ പോലെയല്ല കാര്യങ്ങൾ സംഭവിച്ചത്. മെസ്സിക്ക് വലിയ ബുദ്ധിമുട്ട് ആദ്യ സീസണിൽ അനുഭവിക്കേണ്ടി വന്നിരുന്നു.ഫലമായി വലിയ വിമർശനങ്ങൾ ഏൽക്കുകയും ചെയ്തിരുന്നു.

എന്നാൽ തന്റെ രണ്ടാം സീസണിൽ, അഥവാ ഈ സീസണിൽ മെസ്സി വിമർശകർക്കെല്ലാം പലിശ സഹിതം തിരിച്ചു നൽകിയിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ സീസണിൽ മെസ്സി പിഎസ്ജിക്കും അർജന്റീനക്കും വേണ്ടി കാഴ്ച്ച വെക്കുന്നത്.ആകെ 11 ഗോളുകളും 8 അസിസ്റ്റുകളും ഈ സീസണിൽ മെസ്സി നേടിക്കഴിഞ്ഞു.

മെസ്സിയുടെ ഈ തകർപ്പൻ പ്രകടനത്തിൽ പിഎസ്ജിയുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള എല്ലാവരും സംതൃപ്തരാണ് എന്ന് മാത്രമല്ല അവരെല്ലാവരും ഇപ്പോൾ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഏത് രൂപേനെയും മെസ്സിയുടെ കരാർ പുതുക്കാൻ പിഎസ്ജി തീരുമാനിച്ച് കഴിഞ്ഞത് എന്നുമാണ് ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിട്ടുള്ളത്.

‘ പിഎസ്ജിയിലുള്ള എല്ലാ ആളുകളും, പ്രസിഡന്റ് നാസർ അൽ ഖലീഫിയും, പരിശീലകൻ ക്രിസ്റ്റോഫ് ഗാൾട്ടിയറും, സ്പോർട്ടിംഗ് അഡ്വൈസർ ലൂയിസ് കാമ്പോസും ഉൾപ്പെടെയുള്ള എല്ലാവരും ലയണൽ മെസ്സിയെ ഇപ്പോൾ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല മെസ്സി ഈ സീസണിൽ ഉണ്ടാക്കുന്ന ഇമ്പാക്ട് അവരെ വളരെയധികം സംതൃപ്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ ക്ലബ്ബ് മെസ്സിയുടെ കരാർ പുതുക്കാൻ തീരുമാനിച്ചിരിക്കുന്നത് ” ഫാബ്രിസിയോ റൊമാനോ പറഞ്ഞു.

കളിക്കളത്തിലും ഇപ്പോൾ മെസ്സി അസാമാന്യമായ ഇമ്പാക്ട് ആണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതിനുപുറമേ ലയണൽ മെസ്സി പിഎസ്ജി എന്ന ക്ലബ്ബിന് ഉണ്ടാക്കിയിട്ടുള്ള റീച് അപാരമാണ്. മെസ്സിയുടെ വരവോടുകൂടി വലിയ രൂപത്തിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാനും പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.

Rate this post
Lionel Messi