‘ഞാൻ എന്തിന് മാപ്പ് പറയണം, എൻ്റെ കുറ്റമല്ല ഘാനയുടെ താരം പെനാൽറ്റി പാഴാക്കിയത്’ : ലൂയിസ് സുവാരസ് |Qatar 2022|Luis Suarez

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ നിമിഷങ്ങളിലൊന്ന് നടന്നിട്ട് 12 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്.2010 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഘാനയുടെ ഡൊമിനിക് ആദിയ്യയുടെ ഒരു ഷുവർ ഷോട്ട് ഗോൾ ഉറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ് മനഃപൂർവം തടഞ്ഞതാണ് ആ നിമിഷം.ഘാനയുടെ ദേശീയദുരന്തമായിമാറിയ മത്സരം കൂടിയയായിരുന്നു അത്.

ഇന്നും യുറഗ്വായോടും ലൂയി സുവാരസിനോടും പൊറുക്കാന്‍ ഘാനയ്ക്ക് കഴിയുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ വീണ്ടും നേര്‍ക്കുനേര്‍വരുമ്പോള്‍, യുറഗ്വായുടെ ‘ചതി’ക്ക് പകരംവീട്ടാനുള്ള ഒരുക്കത്തിലാണ് ഘാന.സ്കോർ 1-1 ന് സമനിലയിൽ നിൽകുമ്പോൾ ആ പന്ത് വലയിൽ പോയിരുന്നുവെങ്കിൽ, ഘാന അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുമായിരുന്നു.“ദൈവത്തിന്റെ കൈ ഇപ്പോൾ എനിക്കുള്ളതാണ്,” തന്റെ ഗോൾലൈൻ ഹാൻഡ്‌ബോൾ ഘാനയുടെ അവസാന ഗോൾ ശ്രമം തടഞ്ഞുനിർത്തി ഉറുഗ്വേയെ 2010 ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ചതിന് ശേഷം ലൂയിസ് സുവാരസ് പറഞ്ഞു.”ചിലപ്പോൾ പരിശീലനത്തിൽ ഞാൻ ഒരു ഗോൾകീപ്പറായി കളിക്കും, അതിനാൽ അത് വിലമതിക്കുന്നു” വിവാദ രക്ഷപെടുത്തലിനു ശേഷം സുവാരസ് പറഞ്ഞു.

2010 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ, ഏതെങ്കിലും ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമെന്ന നേട്ടം സുവാരസ് ഘാനയ്ക്ക് നിഷേധിച്ചു. 2010 ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടന്ന ആദ്യ വേൾഡ് കപ്പായിരുന്നു. എന്നാൽ ആ ലോകകപ്പിൽ ഘാന മാത്രമായിരുന്നു ആഫ്രിക്കൻ രാജ്യങ്ങളിൽ നോക് ഔട്ടിലേക്ക് യോഗ്യത നേടിയത്.അവസാന 16-ൽ ദക്ഷിണ കൊറിയയെ പരാജയപെടുത്തിയാണ് ഘാന ക്വാർട്ടറിൽ ഉറുഗ്വേയെ നേരിടാനെത്തിയത്.ലോക ഫുട്ബോളിൽ പുതിയ ചരിതം കുറിക്കാനുള്ള അവസരമാണ് ഘാനക്ക് മുന്നിൽ വന്നത്.

മത്സരത്തിന്റെ 45 ആം മിനുട്ടിൽ സുല്ലി മുണ്ടാരിയുടെ ഗോളിൽ ഘനയാണ് ആദ്യ മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഡീഗോ ഫോർലാന്റെ ഫ്രീ കിക്ക് ഉറുഗ്വേക്ക് സമനില നേടിക്കൊടുത്തു. നിശ്ചിത സമയത്ത് സമനില ആയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിന്റെ 120 ആം മിനുട്ടിൽ ഘാനയുടെ ഗോളെന്നുറച്ച ഷോട്ട് ലൈനിൽ വെച്ച് അന്നത്തെ അയാക്സ് താരമായ ലൂയി സുവാരസ് കൈകൊണ്ട് തടുത്തിട്ടു.റഫറി കണക്ക് ഘാനക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയും സുവാരസിന് ചുവപ്പ് കാർഡ് നൽകുകയും ചെയ്തു.

സ്പോട്ട് കിക്ക് ഗോളാക്കി മാറ്റിയാൽ ഘാനക്ക് സെമിയിൽ സ്ഥാനം പിടിക്കാനുള്ള അവസരം ലഭിക്കും. എന്നാൽ അസമോവ ഗ്യാൻ പന്ത് ക്രോസ്സ് ബാറിൽ അടിച്ചു പുറത്തു പോവുകയും ചെയ്തു. ഒരു നിമിഷം കൊണ്ട് വില്ലനായ ലൂയി സുവാരസ് നായകനായി മാറി. അതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു. ഷൂട്ട് ഔട്ടിൽ ഘാന താരങ്ങളായ ഡൊമിനിക് ആദിയ്യ,ജോൺ മെൻസ എന്നിവർ പെനാൽറ്റി നഷ്ടപെടുത്തിയതോടെ ഉറുഗ്വേ സെമിയിലേക്ക് മാർച്ച് ചെയ്തു. കണ്ണീരുമായാണ് ഘാനയും ആഫ്രിക്കയും മത്സര ശേഷം കളം വിട്ടത്.

ഇപ്പോഴിതാ അന്ന് പന്ത് കൈകൊണ്ട് തട്ടിയ വിഷയത്തിൽ തനിക്ക് കുറ്റബോധം ഇല്ലെന്നും മാപ്പ് പറയില്ലെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സുവാരസ്.“ഈ വിഷയത്തിൽ ഞാൻ ഒരിക്കലും മാപ്പ് പറയില്ല. ഞാൻ ഏതെങ്കിലും ഒരു കളിക്കാരനെ മുറിവേൽപ്പിച്ച് ചുവപ്പുകാർഡ് കണ്ട് പുറത്തായത് ആയിരുന്നെങ്കിൽ ഞാൻ മാപ്പ് പറയുമായിരുന്നു. എനിക്ക് ചുവപ്പ് കാർഡ് ലഭിച്ചത് ഹാൻഡ് ബോൾ ആയതുകൊണ്ടാണ്. എൻ്റെ കുറ്റമല്ല ഘാനയുടെ താരം പെനാൽറ്റി പാഴാക്കിയത്. അതുകൊണ്ടുതന്നെ ഞാൻ മാപ്പ് പറയില്ല.”- സുവാരസ് പറഞ്ഞു.

“ഞങ്ങൾ ഞങ്ങളുടെ ജീവിതവും ആത്മാവും ഈ മത്സരത്തിൽ ഉൾപ്പെടുത്താൻ പോകുന്നു. ഘാന ഒരു നല്ല ടീമാണ്, പക്ഷേ ഞങ്ങൾക്ക് അവരെ അറിയാം, ഞങ്ങൾ മുമ്പ് അവരെ തോൽപിച്ചിട്ടുണ്ട്, അവരെ എങ്ങനെ തോൽപ്പിക്കണമെന്ന് ഞങ്ങൾക്ക് അറിയാം”. ഇന്നത്തെ മത്സരത്തെക്കുറിച്ച് സുവാരസ് പറഞ്ഞു

Rate this post
FIFA world cupLuis SuarezQatar2022