എൻസോ ഫെർണാണ്ടസ് സ്റ്റാർട്ട് ചെയ്യുമോ? സ്കലോണിയുടെ മറുപടി ഇങ്ങനെ|Qatar 2022

ഈ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അർജന്റീന പോളണ്ടിനെയാണ് നേരിടുക. മുമ്പ് ലൗറ്ററോ മാർട്ടിനസ്‌ വിശേഷിപ്പിച്ചത് പോലെ ഒരു ഫൈനൽ മത്സരം തന്നെയാണ് അർജന്റീനയെ കാത്തിരിക്കുന്നത്. മത്സരത്തിൽ പരാജയപ്പെട്ടാൽ അർജന്റീനക്ക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോകേണ്ടിവരും. അതുകൊണ്ടുതന്നെ ജീവൻ മരണ പോരാട്ടം അർജന്റീന പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ലയണൽ മെസ്സി തന്നെയാണ് പതിവുപോലെ അർജന്റീനയെ മുന്നിൽനിന്നും നയിച്ചത്.എന്നാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകിയ കാര്യം എൻസോ ഫെർണാണ്ടസിന്റെ ഗോളായിരുന്നു.അതിസുന്ദരമായ ഗോളാണ് അദ്ദേഹത്തിന്റെ ബൂട്ടുകളിൽ നിന്നും മത്സരത്തിൽ പിറന്നിരുന്നത്.

പോളണ്ടിനെതിരെ ആദ്യ ഇലവനിൽ എൻസോ ഫെർണാണ്ടസ് ഉണ്ടാവുമോ? മത്സരത്തിന് മുന്നേയുള്ള പ്രസ് കോൺഫറൻസിന് എത്തിയ ലയണൽ സ്കലോണിയോട് ജേണലസ്റ്റുകൾ ഈ ചോദ്യം ചോദിക്കപ്പെട്ടിരുന്നു.എന്നാൽ സ്റ്റാർട്ടിങ് ഇലവൻ ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. എല്ലാവരെ പോലെയും എൻസോക്കും അവസരം ലഭിക്കുമെന്നും അർജന്റീനയുടെ പരിശീലകൻ കൂട്ടിച്ചേർത്തു.

‘ എൻസോ ഫെർണാണ്ടസ് സ്റ്റാർട്ട് ചെയ്താലും ഇല്ലെങ്കിലും എല്ലാവരെ പോലെയും കളിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുക തന്നെ ചെയ്യും.ഏതൊരു സാഹചര്യത്തിന് വേണ്ടിയും താരങ്ങൾ ഇപ്പോൾ തയ്യാറായി നിൽക്കേണ്ടതുണ്ട്. പക്ഷേ ആരൊക്കെ ആദ്യ ഇലവനിൽ കളിക്കും എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനങ്ങൾ ഒന്നും തന്നെ കൈകൊണ്ടിട്ടില്ല ‘ ഇതാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അർജന്റീനയിലെ പ്രമുഖ മാധ്യമമായ Tyc സ്പോർട്സ് മുമ്പ് ഒരു സാധ്യത ഇലവൻ റിപ്പോർട്ട് ചെയ്തിരുന്നു. ആ ഇലവനിൽ എൻസോ ഫെർണാണ്ടസിന് സ്ഥാനമുണ്ടായിരുന്നു.ഗൈഡോ റോഡ്രിഗസിന്റെ സ്ഥാനത്ത് ആയിരിക്കും എൻസോ കളിക്കുക എന്നാണ് ഇവർ അവകാശപ്പെട്ടിരിക്കുന്നത്. താരം ആദ്യ ഇലവനിൽ ഉണ്ടാവണമെന്ന് തന്നെയാണ് അർജന്റീന ആരാധകർ ഇപ്പോൾ ആഗ്രഹിക്കുന്നതും.എന്തെന്നാൽ സമീപകാലത്ത് അത്രയേറെ മികവിലാണ് എൻസോ കളിച്ചുകൊണ്ടിരിക്കുന്നത്.

Rate this post