പിഎസ്ജിയുടെ ബ്രസീലിയൻ മിന്നും താരമായ നെയ്മർ ജൂനിയർ ഈ സീസണിന് ശേഷം ക്ലബ്ബ് വിടുന്നത് ഗൗരവമായി കൊണ്ട് തന്നെ പരിഗണിക്കുന്നുണ്ട്.പിഎസ്ജി ആരാധകരുടെ അധിക്ഷേപങ്ങൾ അതിരുകടന്നിരുന്നു.നെയ്മറുടെ വീടിന് മുന്നിൽ പോലും ഇവർ പ്രതിഷേധ പ്രകടനം നടത്തുകയും നെയ്മറോട് ക്ലബ്ബ് വിട്ട് പുറത്തു പോകാൻ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ തന്നെ നെയ്മറെ ഒഴിവാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും ഇതുവരെ നെയ്മർ ജൂനിയർ അതിന് സമ്മതിച്ചിരുന്നില്ല.പക്ഷേ ഇപ്പോൾ നെയ്മർ മറ്റു ക്ലബ്ബുകളെ പരിഗണിക്കുന്നുണ്ട്.ലോൺ അടിസ്ഥാനത്തിൽ പോലും നെയ്മറെ കൈമാറാൻ പിഎസ്ജി തയ്യാറാണ് എന്ന വാർത്തകൾ സജീവമാണ്.നെയ്മറെ സ്വന്തമാക്കുക എന്നത് എല്ലാ ക്ലബ്ബുകൾക്കും സാധ്യമാകുന്ന ഒന്നല്ല.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് നെയ്മറിൽ താൽപര്യം പ്രകടിപ്പിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.നെയ്മർക്ക് വേണ്ടി യുണൈറ്റഡ് മുന്നോട്ടു വരികയും പിഎസ്ജിയുമായി ചർച്ചകൾ നടത്തുകയും ചെയ്തു എന്നുള്ളത് ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.പക്ഷേ ആ വാർത്തകളിൽ കഴമ്പില്ലെന്ന് പിന്നീട് ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നിരുന്നാലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗിനോട് ഈ ട്രാൻസ്ഫർ റൂമറുകളെ കുറിച്ച് ചോദിക്കപ്പെട്ടിരുന്നു.പരിശീലകനും ഇത് തള്ളിക്കളയുന്ന രൂപത്തിലുള്ള മറുപടിയാണ് നൽകിയത്.ഇത്തരത്തിലുള്ള വാർത്തകൾ ഉണ്ടെങ്കിൽ ഞങ്ങൾ തന്നെ അറിയിക്കും എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അതായത് നെയ്മറുമായി ബന്ധപ്പെട്ട യാതൊരുവിധ വാർത്തകൾ ഇല്ലെന്നും അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അത് നേരിട്ട് അറിയിക്കും എന്നുമാണ് ടെൻ ഹാഗ് വ്യക്തമാക്കിയിട്ടുള്ളത്.
Erik ten Hag when asked on Neymar Jr as Man Utd transfer target: “When we have news… we will tell you”. 🔴🇧🇷 #MUFC
— Fabrizio Romano (@FabrizioRomano) May 24, 2023
🎥 @footballdaily pic.twitter.com/oqhoz1ySVR
മറ്റു പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവർക്ക് നെയ്മറിൽ താല്പര്യമുണ്ട് എന്ന റൂമറുകൾ സജീവമാണ്.പക്ഷേ ഇവർ ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ല.നെയ്മറുടെ സാലറി ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ബാലികേറാമല തന്നെയാണ്.നിലവിൽ പിഎസ്ജിയുമായി ദീർഘകാലത്തെ കോൺട്രാക്ട് നെയ്മർക്ക് അവശേഷിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ക്ലബ്ബുകൾ ആരും വന്നില്ലെങ്കിൽ നെയ്മർ പാരീസിൽ തന്നെ തുടർന്നേക്കും.