ബ്രസീലിയൻ സൂപ്പർ താരം വില്യനെ ചെൽസി പോകാൻ അനുവദിച്ചത് തനിക്കിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ ആഴ്സണൽ താരം പോൾ മേഴ്സൺ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചെൽസിക്കെതിരെ വിമർശനമുന്നയിച്ചത്. വില്യനെ ഫ്രീ ട്രാൻസ്ഫറിൽ പറഞ്ഞു വിട്ടത് ചെൽസി ചെയ്ത അബദ്ധമാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
” വില്യനെ ചെൽസി പോകാൻ അനുവദിച്ചു എന്നുള്ളത് എനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല. അവർക്ക് ഒരുപാട് മികച്ച താരങ്ങളെ കിട്ടി എന്നുള്ള കാര്യം എനിക്കറിയാം. പക്ഷെ അവർ അവരുടെ മികച്ച ഒരു താരത്തെയാണ് നഷ്ടപ്പെടുത്തി കളഞ്ഞത്. അവർ സൈൻ ചെയ്ത താരങ്ങളെയെല്ലാം ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷെ ഒരുപാട് പണം ചിലവഴിച്ചു, മാത്രമല്ല പലരുടെയും സാലറി വില്യന്റെതിന് തുല്യമാണ്. വില്യനെ കൈവിട്ടത് ചെൽസി ചെയ്ത അബദ്ധമാണ് ” മേഴ്സൺ പറഞ്ഞു.
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു വില്യൻ ചെൽസി വിട്ട് ചിരവൈരികളായ ആഴ്സണലിൽ എത്തിയത്. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ കരാർ ഈ വർഷത്തോടെ അവസാനിച്ചിരുന്നു. രണ്ട് വർഷത്തേക്ക് കരാർ പുതുക്കാൻ ചെൽസി സമ്മതിച്ചിരുന്നുവെങ്കിലും മൂന്നു വർഷത്തേക്ക് പുതുക്കണമെന്ന് വില്യൻ ആവിശ്യപ്പെടുകയായിരുന്നു. ഇതിന് ചെൽസി വഴങ്ങാതിരുന്നതോടെ താരം ചെൽസി വിടുകയായിരുന്നു. ഏഴ് വർഷത്തെ കരിയറിൽ രണ്ട് പ്രീമിയർ ലീഗ്, ഒരു എഫ്എ കപ്പ്, ഒരു കരബാവോ കപ്പ്, ഒരു യൂറോപ്പ ലീഗ് എന്നിവ താരം ബ്ലൂസിനൊപ്പം സ്വന്തമാക്കിയിരുന്നു.
പിന്നീട് താരം ആഴ്സണലിൽ എത്തുകയും അരങ്ങേറ്റം കുറിക്കുകയും തകർപ്പൻ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഫുൾഹാമിനെതിരെ രണ്ട് അസിസ്റ്റുകളാണ് താരം നേടിയത്. അതേ സമയം ലമ്പാർഡിന്റെ കാര്യത്തിൽ മേഴ്സൺ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്രയും താരങ്ങളെ എത്തിച്ച സ്ഥിതിക്ക് ലംപാർഡ് ഈ സീസണിൽ തന്നെ കിരീടം നേടണമെന്നാണ് ഇദ്ദേഹം അറിയിച്ചത്. ലംപാർടിന് നാലു വർഷമൊന്നും അവസരം ലഭിക്കാൻ പോവുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.