ലയണൽ മെസിയാണ് ഫുട്ബോൾ ലോകത്തെ ചൂടുള്ള ചർച്ചാവിഷയം. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് പോയതിന്റെ പേരിൽ താരത്തെ സസ്പെൻഡ് ചെയ്യാൻ പിഎസ്ജി തീരുമാനിക്കുകയും അതിനു പിന്നാലെ ആരാധകർ താരത്തെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തു വരികയും ചെയ്തു. ഇതോടെ ലയണൽ മെസി അടുത്ത സീസണിൽ പിഎസ്ജിക്കൊപ്പം ഉണ്ടാകില്ലെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.
മെസി പിഎസ്ജിയിൽ തുടരുന്നില്ലെന്ന് ഉറപ്പായതോടെ താരം ഏതു ക്ലബിലാകും അടുത്ത സീസണിൽ കളിക്കുകയെന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ താരത്തിനായി ബാഴ്സലോണ ശ്രമം നടത്തിയിരുന്നെങ്കിലും അതിൽ സങ്കീർണതകൾ നേരിടുകയാണ്. ഇതോടെ ലയണൽ മെസി സൗദി അറേബ്യയിലേക്കോ ഇന്റർ മിയാമിയിലേക്കോ ചേക്കേറുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
എന്നാൽ യൂറോപ്പിൽ നിന്നും ലയണൽ മെസിക്ക് ഇപ്പോഴും ഓഫറുകളുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. സൗദി ക്ലബിൽ നിന്നു മാത്രമല്ല, സൗദി പബ്ലിക്ക് ഇൻവെസ്റ്റമെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മെസി സൗദിയിൽ നടത്തുന്ന ചർച്ചകൾ അതിന്റെ ഭാഗമായിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
അതിനു പുറമെ ഇംഗ്ലണ്ടിലെ തന്നെ മറ്റൊരു ക്ലബായ ചെൽസിക്കും താരത്തിൽ താല്പര്യമുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സീസണിൽ മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ചെൽസി കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനും മികവ് വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് മെസിയെ സ്വന്തമാക്കാൻ ആലോചിക്കുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്ത ക്ലബ്ബിലേക്ക് മെസി ചേക്കേറാനുള്ള സാധ്യത കുറവാണ്.
🚨🚨 JUST IN: On Leo Messi: “Watch out for potential offer from Chelsea”@LucasBeltramo [🎖️] pic.twitter.com/oOXxRMTahs
— Managing Barça (@ManagingBarca) May 3, 2023
ലയണൽ മെസിയെ സംബന്ധിച്ച് ബാഴ്സലോണ തന്നെയാകും പ്രധാന പരിഗണന. എന്നാൽ ബാഴ്സലോണക്ക് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ സമയം അതു പ്രതീക്ഷിച്ച് ചിലവഴിക്കാതെ മറ്റു ക്ലബുകളുടെ ഓഫർ താരം പരിഗണിച്ചേക്കും യൂറോപ്പിൽ തന്നെ തുടരാൻ ഇഷ്ടമുള്ള താരത്തിനായി സമ്മറിൽ കൂടുതൽ ഓഫറുകൾ വരാനുള്ള സാധ്യതയുമുണ്ട്.