ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ മാഞ്ചസ്റ്റർ സിറ്റി ലംഘിച്ചുവെന്ന കണ്ടെത്തൽ കഴിഞ്ഞ ദിവസമായിരുന്നു പ്രീമിയർ ലീഗ് പുറത്ത് വിട്ടത്. നാല് വർഷത്തോളം നീണ്ടുനിന്ന അന്വേഷണമാണ് ഇവർ നടത്തിയിട്ടുള്ളത്.2009 മുതൽ 2018 വരെയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഇടപാടുകളും കണക്ക് വിവരങ്ങളുമാണ് ഇവർ പരിശോധിച്ചിട്ടുള്ളത്.നൂറോളം നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഒരുപക്ഷേ കടുത്ത ശിക്ഷാനടപടികൾ മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ടി വന്നേക്കും.പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ പോയിന്റുകൾ വെട്ടി ചുരുക്കാൻ സാധ്യതയുണ്ട്. ഒരുപക്ഷേ പ്രീമിയർ ലീഗിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയെ തരംതാഴ്ത്താൻ വരെ സാധ്യതയുണ്ട് എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്. എന്ത് ശിക്ഷ നടപടി നിൽക്കേണ്ടി വന്നാലും സിറ്റിയെ സംബന്ധിച്ചിടത്തോളം അത് പ്രതിസന്ധി സൃഷ്ടിക്കും.
എന്നാൽ അതിനേക്കാൾ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തങ്ങൾ നീങ്ങുകയാണ് എന്നുള്ള ബോധ്യം ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്. എന്തെന്നാൽ കുറ്റക്കാരാണ് എന്ന് തെളിഞ്ഞ് ശിക്ഷ നടപടികൾ ഏറ്റുവാങ്ങേണ്ടി വന്നാൽ തങ്ങളുടെ പരിശീലകനായ പെപ് ഗാർഡിയോള ക്ലബ്ബ് വിടാൻ സാധ്യതയുണ്ട് എന്നുള്ളത് മാഞ്ചസ്റ്റർ സിറ്റി പ്രതീക്ഷിക്കുന്നുണ്ട്.നേരത്തെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ പെപ് നൽകിയതിനാൽ അദ്ദേഹം ഈയൊരവസ്ഥയിൽ ക്ലബ്ബ് വിട്ടാലും സിറ്റി അധികൃതർ അത്ഭുതപ്പെടില്ല.ഗോൾ എന്ന മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തത്.
നേരത്തെ പെപ് തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിരുന്നു.എന്നോട് ക്ലബ്ബ് കള്ളം പറഞ്ഞു എന്ന് എനിക്ക് തെളിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ താൻ ക്ലബ്ബ് വിടും എന്നായിരുന്നു പെപ് പറഞ്ഞിരുന്നത്. ക്ലബ്ബ് മാനേജ്മെന്റിൽ താൻ വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നും അത് നഷ്ടമായാൽ ഉടൻതന്നെ ക്ലബ്ബ് വിടാൻ മടിക്കില്ല എന്നും നേരത്തെ തന്നെ പെപ് പറഞ്ഞതായിരുന്നു. അത്തരത്തിലുള്ള ഒരു സാഹചര്യമാണ് ഇപ്പോൾ വന്ന ചേർന്നിരിക്കുന്നത്.
Man City could lose Pep!🫣https://t.co/8rhAVXKR5X
— GOAL South Africa (@GOALcomSA) February 7, 2023
2025 വരെയാണ് ഈ പരിശീലകന് കോൺട്രാക്ട് അവശേഷിക്കുന്നത്. പക്ഷേ മാഞ്ചസ്റ്റർ സിറ്റിക്ക് ശിക്ഷകൾ നേരിടേണ്ടി വന്നാൽ പെപ് ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ കാര്യങ്ങൾ താളം തെറ്റും. കാരണം ഈയൊരു കാലയളവിൽ മാഞ്ചസ്റ്റർ സിറ്റിയെ ഉയർത്തിക്കൊണ്ടുവന്നതിലെ പ്രധാന കാരണക്കാരൻ പെപ് ഗാർഡിയോളയാണ്.