പ്രഗത്ഭരായ കളിക്കാർക്ക് കുറവില്ലെങ്കിലും, 2002-ന് ശേഷം ബ്രസീലിന് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. 20 വർഷമായി ഒരു ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ബ്രസീൽ ആരാധകർ.ചിരവൈരികളായ അർജന്റീന 2022 ഫിഫ ലോകകപ്പും 2021 കോപ്പ അമേരിക്കയും നേടിയതിന് ശേഷം ബ്രസീലിന് മേലുള്ള സമ്മർദ്ദം വർദ്ധിച്ചു.
അടുത്ത ലോകകപ്പിൽ കിരീടമെന്ന ലക്ഷ്യത്തിലെത്താൻ, ഇപ്പോൾ പ്രവർത്തിച്ചാൽ മാത്രമേ അത് നേടാനാകൂ എന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ തിരിച്ചറിഞ്ഞു.പരമ്പരാഗത രീതികൾ തകർത്ത് അടുത്ത ലോകകപ്പിന് തയ്യാറെടുക്കുകയാണ് ബ്രസീൽ. ഇതിനായി, അവർ ആദ്യം ചെയ്യുന്നത് ബ്രസീലിൽ നിന്നുള്ള പരിശീലകരെ ദേശീയ ടീമിന്റെ മാനേജർമാരായി സ്ഥിരമായി നിയമിക്കുന്ന രീതി മാറ്റുക എന്നതാണ്. അതിനാൽ സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ ഒഴിവിലേക്ക് യൂറോപ്പിലെ മികച്ച മാനേജർമാരെ കൊണ്ടുവരാനുള്ള പദ്ധതികൾ അവർ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ബ്രസീലിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സ്പെയിൻ മാനേജരായിരുന്ന ലൂയിസ് എൻറിക്വയും ബ്രസീൽ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ബ്രസീലിന്റെ ഇതിഹാസതാരമായ റൊണാൾഡോ വഴിയാണ് എൻറിക്വയുമായി ബ്രസീൽ ചർച്ചകൾ നടത്തുന്നത്. സ്പാനിഷ് ക്ലബായ റയൽ വയ്യഡോളിഡിന്റെ ഉടമ കൂടിയാണ് റൊണാൾഡോ. ചർച്ച വിജയിച്ചാൽ എൻറിക്വ ബ്രസീൽ ടീമിന്റെ മാനേജറാകും.
🚨 Luis Enrique is in pole position to become the new head coach of Brazil! 🇧🇷
— Transfer News Live (@DeadlineDayLive) January 12, 2023
(Source: @sport) pic.twitter.com/SxlhwCKUrg
സ്പെയിൻ പരിശീലകനായതിനു ശേഷം തിളക്കമാർന്ന നേട്ടങ്ങളൊന്നും ലൂയിസ് എൻറിക്കിന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും ബാഴ്സലോണക്കൊപ്പം ഒരു സീസണിൽ ആറു കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ബ്രസീലിനെ പോലൊരു ടീമിനെ ലഭിച്ചാൽ മികച്ചതാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നതിൽ സംശയമില്ല. അതേസമയം ലൂയിസ് എൻറിക്കിന് പുറമെ കാർലോ ആൻസലോട്ടിയെയും ബ്രസീൽ നോട്ടമിടുന്നുണ്ട്.