ഫുട്ബോള്‍ പോരാട്ടങ്ങളില്‍ പതിറ്റാണ്ടുകളായി ആരാധകരെ രണ്ടാക്കി തിരിക്കുന്ന വികാരമാണ് ബ്രസീലും അര്‍ജന്‍റീനയും. ഇഷ്ടടീമുകള്‍ക്കായി ജീവിതം തന്നെ അര്‍പ്പിക്കുന്നവരുണ്ട് ഈ ആരാധകക്കൂട്ടങ്ങളില്‍. തലമുറകള്‍ കൈമാറിയ പോരാട്ടവീറാണ് ഒട്ടും ചോരാതെ ഇരു ടീമുകളും അവരുടെ ആരാധകരും ഇന്നും നെഞ്ചേറ്റുന്നത്. ജയത്തിന്‍റെയും തോല്‍വിയുടേയും നേടിയ കപ്പുകളുടെയും എണ്ണം പറഞ്ഞ് വീമ്പിളക്കുന്ന ആരാധകര്‍ ഇരുപക്ഷത്തുമുണ്ട്.
ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴൊക്കെ എന്താണ് സംഭവിച്ചതെന്ന് കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ നമുക്ക് കാണാൻ സാധിച്ചിരുന്നു. മാറ്റിവെച്ച ലോക കപ്പ് യോഗ്യത മത്സരവും , ഓസ്‌ട്രേലിയയിൽ വെച്ച് നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരവും റദ്ദാക്കിയതോടെ ഇനിയൊരു അർജന്റീന -ബ്രസീൽ പോരാട്ടം കാണണമെങ്കിൽ അത് ഖത്തർ വേൾഡ് കപ്പിൽ ആയിരിക്കും. ഖത്തർ വേൾഡ് കപ്പിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് കാല്പന്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു എതിരാളികളായ ബ്രസീൽ അര്ജന്റീന പോരാട്ടം കാണാമെന്ന പ്രതീക്ഷയിലാണ്.
1914 സെപ്തംബര്‍ 20-നാണ് ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയത്. ഇരുടീമുകളും തമ്മിലുള്ള ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരം. ബ്യൂണസ് അയേഴ്സിലെ ജിംനേഷ്യ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്‍റീന ബ്രസീലിനെ മലര്‍ത്തിയടിച്ചു. എന്നാല്‍ പിന്നീടിങ്ങോട്ടുള്ള മത്സരങ്ങല്‍ പരിശോധിച്ചാല്‍ കണക്കുകളെല്ലാം ബ്രസീലിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക.1914 മുതലിങ്ങോട്ട് 109 മത്സരങ്ങളിലാണ് ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങിയത്. ഇതില്‍ 42 മത്സങ്ങളില്‍ ബ്രസീല്‍ വിജയിച്ചപ്പോള്‍ 41 മത്സരങ്ങളില്‍ മാത്രമേ ജയം അര്‍ജന്‍റീനയ്ക്കൊപ്പം നിന്നുള്ളൂ.
26 മത്സരങ്ങളില്‍ മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. അര്‍ജന്‍റീനയ്‍ക്കെതിരെ ബ്രസീല്‍ 165 ഗോളുകള്‍ അടിച്ചു കയറ്റിയപ്പോള്‍ തിരിച്ച് അര്‍ജന്‍റീന 163 തവണ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചു.പ്രമുഖ ചാമ്പ്യന്‍ഷിപ്പുകള്‍ പരിശോധിച്ചാല്‍ അർജന്റീനക്ക് ചെറിയ മേൽക്കോയ്മയുണ്ട് . ലോകകപ്പും കോപ്പ അമേരിക്കയു അടക്കമുള്ള കപ്പുകളുടെ എണ്ണം നോക്കിയാല്‍ ബ്രസീൽ 20 അർജന്റീന 21 കപ്പുകളാണ് നേടിയിട്ടുള്ളത്. ബ്രസീല്‍ അഞ്ച് തവണ ഫിഫ ലോകകപ്പുയര്‍ത്തിയപ്പോള്‍ രണ്ട് തവണയാണ് അര്‍ജന്‍റീന ലോകകിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഒൻപത് തവണ ബ്രസീല്‍ കോപ്പ കിരീടം നേടിയപ്പോള്‍ 15 തവണയാണ് അര്‍ജന്‍റീന കോപ്പ അമേരിക്ക നാട്ടിലേക്ക് കൊണ്ടുപോയത്. ബ്രസീൽ നാല് കോഫെഡറേഷൻ കപ്പ് നേടിയപ്പോൾ അര്ജന്റീന ഒരു തവണ സ്വന്തമാക്കിയിട്ടുണ്ട്.
ഫിഫ ലോകകപ്പിൽ ബ്രസീലും അർജന്റീനയും തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയത് 1974 ലാണ്.നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ രണ്ടാം റൗണ്ടിൽ പശ്ചിമ ജർമ്മനിയിലെ ഹനോവറിലെ നീഡർസാക്സെൻസ്റ്റേഡിയനിൽ അർജന്റീനയെ നേരിട്ടു. റിവലിനോയുടെയും ജെയ്‌സിഞ്ഞോയുടെയും ഗോളിൽ ബ്രസീൽ 2-1ന് വിജയം നേടി.ബ്രിൻഡിസി അർജന്റീനയ്‌ക്കായി ഏക ഗോൾ നേടി. 1978 ൽ രണ്ടാം റൗണ്ടിൽ ബ്രസീലും അർജന്റീനയും നേർക്ക് നേർ വന്നു.മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആ വേൾഡ് കപ്പിൽ വിവാദപരമായ മത്സരത്തിൽ അര്ജന്റീന പെറുവിനെതിരെ നേടിയ 6 -0 ത്തിന്റെ വിജയം ബ്രസീലിന്റെ ഫൈനൽ സ്ഥാനം നഷ്ടപ്പെടുത്തി.
1982 ലെ വേൾഡ് കപ്പിൽ ഗ്രൂപ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ബ്രസീലിനൊപ്പം നിന്നു.3-1 എന്ന സ്കോറിനാണ് ബ്രസീൽ വിജയിച്ചത്.മോശം റഫറിയിംഗും ആസന്നമായ തോൽവിയും കാരണം നിരാശനായ ഡീഗോ മറഡോണ ബ്രസീലിയൻ താരം ബാറ്റിസ്റ്റയെ ചവിട്ടുകയും നേരെ ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.1990-ലാണ് ഇരു ടീമുകളും അവസാനമായി ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റുമുട്ടിയത്, ഡീഗോ മറഡോണയുടെ പാസിൽ നിന്നും ക്ലോഡിയോ കാനിഗിയയുടെ ഗോളിൽ അർജന്റീന 1-0ന് ബ്രസീലിനെ പരാജയപ്പെടുത്തി