ഒരുപാട് കാലം ലോക ഫുട്ബോളിനെ കയ്യടക്കിവെച്ച രണ്ട് ഇതിഹാസ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഏകദേശം 15 വർഷത്തോളമാണ് ഇവരുടെ അപ്രമാദിത്വം ഉണ്ടായത്. രണ്ട് താരങ്ങളും ഇപ്പോൾ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺഡി’ഓർ പുരസ്കാരം ലയണൽ മെസ്സി ഏഴ് തവണയാണ് നേടിയിട്ടുള്ളത്. അതേസമയം മെസ്സിക്കൊപ്പം മത്സരിച്ച റൊണാൾഡോ 5 തവണയും ഈ പുരസ്കാരം നേടി.ഇപ്പോഴും ഈ രണ്ടു താരങ്ങളും ലോക ഫുട്ബോളിൽ സജീവമാണ്.
ബാഴ്സയുടെ പരിശീലകനായ സാവി ദീർഘകാലം മെസ്സിക്കൊപ്പം കളിച്ചിട്ടുള്ള താരമാണ്. മെസ്സി മികച്ച താരമായി മാറാനുള്ള കാരണങ്ങളിലൊന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നുള്ള കാര്യം സാവി ഇപ്പോൾ പറഞ്ഞിട്ടുണ്ട്. റൊണാൾഡോയോടുള്ള മത്സരമാണ് മെസ്സിയെ കൂടുതൽ മികച്ചതാക്കിയത് എന്നാണ് സാവി വിശദീകരിച്ചത്.
‘ ക്രിസ്റ്റ്യാനോയാണ് ലയണൽ മെസ്സിക്ക് മികച്ച താരമായി മാറാനുള്ള ഒരു എക്സ്ട്രാ പുഷ് നൽകിയത്. ഒരുപക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇക്കാര്യം സമ്മതിച്ചു എന്ന് വരില്ല. പക്ഷേ രണ്ടുപേരും പരസ്പരം നിരീക്ഷിച്ച് മത്സരിച്ചിരുന്നു എന്നുള്ള കാര്യം എനിക്കറിയാം. നിങ്ങൾക്ക് ഒരു എതിരാളി ഉണ്ടാകുമ്പോൾ നിങ്ങൾ കൂടുതൽ മികച്ചതാവാൻ ശ്രമിക്കും ‘ ബിബിസി ഡോക്കുമെന്ററിയിൽ സാവി പറഞ്ഞു.
രണ്ടു താരങ്ങളും പരസ്പരം മത്സരിച്ചിരുന്നുവോ എന്നുള്ളത് അവർക്ക് തന്നെ അറിയാവുന്ന ഒരു കാര്യമാണ്. പക്ഷേ ഒരു എതിരാളി ഉണ്ടാകുമ്പോൾ താരങ്ങൾ കൂടുതൽ മെച്ചപ്പെടാനും നേട്ടങ്ങൾ സ്വന്തമാക്കാനും ശ്രമിക്കുമെന്നുള്ളത് യാഥാർത്ഥ്യമായ കാര്യമാണ്.