ഇതിഹാസതാരമായ സാവി ഹെർണാണ്ടസ് പരിശീലകനായി എത്തിയതു മുതൽ ബാഴ്സലോണ വലിയ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. വിന്റർ, സമ്മർ ട്രാൻസ്ഫർ ജാലകങ്ങളിലായി തന്റെ പദ്ധതികൾക്ക് അനുയോജ്യമായ താരങ്ങളെ ടീമിന്റെ ഭാഗമാക്കിയ സാവിയുടെ കീഴിൽ ബാഴ്സലോണ ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമെ തന്റെ നയങ്ങൾ കൃത്യമായി ടീമിൽ നടപ്പിലാക്കാൻ ക്ലബ്ബിനെ മുൻ നായകൻ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.
സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർറ്റീവോയുടെ ജേർണലിസ്റ്റായ ഗബ്രിയേൽ സാൻസ് വെളിപ്പെടുത്തുന്നതു പ്രകാരം സാവി പുതിയതായി ടീമിൽ നടപ്പിലാക്കാൻ പോകുന്ന നയം ബാഴ്സലോണയുടെ സീനിയർ താരങ്ങൾക്ക് തിരിച്ചടി നൽകുന്നതാണ്. മത്സരങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ സീനിയോറിറ്റി യാതൊരു തരത്തിലും പരിഗണിക്കില്ലെന്നും താരങ്ങളുടെ പ്രകടനം മാത്രമേ പരിഗണിക്കൂവെന്നും സാവി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാവി നൽകിയ ഈ മുന്നറിയിപ്പ് വളരെക്കാലമായി ബാഴ്സലോണ ടീമിനൊപ്പമുള്ള ജെറാർഡ് പിക്വ, ജോർദി ആൽബ, സെർജിയോ ബുസ്ക്വറ്റ്സ് എന്നിവർക്കാണ് തിരിച്ചടി നൽകുന്നത്. ഇതിൽ സെർജിയോ ബുസ്ക്വറ്റ്സ് മാത്രമാണ് ഈ സീസണിൽ സാവിയുടെ ടീമിൽ സ്ഥിരമായി ഇടം പിടിക്കുന്നത്. മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ സീനിയോറിറ്റി പരിഗണിക്കാതെ കളിക്കാരെ ബെഞ്ചിൽ ഇരുത്തുമെന്നു തന്നെയാണ് സാവി വ്യക്തമാക്കുന്നത്.
Xavi, a coach who is not afraid of such decisions. Admiration. pic.twitter.com/Al0YDXt2ka
— Barca Galaxy 🇵🇱 (@barcagalaxy) September 18, 2022
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ പതറിയ ബാഴ്സലോണ സാവി പരിശീലകനായി എത്തിയതിനു ശേഷമാണ് മെച്ചപ്പെട്ടതും ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും. എങ്കിലും ഒരു കിരീടം പോലും കഴിഞ്ഞ സീസണിൽ നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ അതിനു പരിഹാരം കാണാൻ ടീമിനെ മികച്ച രീതിയിൽ പടുത്തുയർത്തിയ ബാഴ്സലോണ മികച്ച പ്രകടനം നടത്തി സീസൺ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മുൻപ് സീനിയർ താരങ്ങൾക്ക് ബാഴ്സലോണ ഡ്രസിങ് റൂമിൽ ആധിപത്യം ഉണ്ടായിരുന്നത് ടീമിന്റെ പദ്ധതികൾ നടപ്പിലാക്കാൻ പരിശീലകർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ സാവിയുടെ കീഴിൽ അതു നടക്കില്ലെന്ന് പിക്വ, ആൽബ എന്നിവരെ ഒഴിവാക്കുന്ന തീരുമാനത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. സാവി ഇറക്കുന്ന താരങ്ങൾ ക്ലബിനു വേണ്ടി മികച്ച പ്രകടനവും നടത്തുന്നുണ്ട്.