ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നാളെ നടക്കാനിരിക്കെ ലയണൽ മെസി കരിയറിൽ ആദ്യമായി ലോകകപ്പ് നേടുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കരിയറിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും ലോകകപ്പിൽ മുത്തമിടാൻ മെസിക്ക് കഴിഞ്ഞിട്ടില്ല. 2014ൽ ഫൈനൽ വരെയെത്തിയെങ്കിലും ജർമനിയോട് തോൽക്കുകയായിരുന്നു അർജന്റീന. അതു പോലൊരു സാഹചര്യം ഇത്തവണയും ആവർത്തിക്കാതിരിക്കാനാവും മെസിയും സംഘവും ഫ്രാൻസിനെതിരെ നടക്കുന്ന ഫൈനലിൽ ശ്രമിക്കുക.
ലോകകപ്പിലെ ഏറ്റവും മികച്ച ടീമായ ഫ്രാൻസിനെ കീഴടക്കുകയെന്നത് അർജന്റീനയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങൾ ഫ്രാൻസ് ടീമിൽ ഓരോ പൊസിഷനിലും കളിക്കുമ്പോൾ അർജന്റീന ടീമിന്റെ കരുത്ത് ലയണൽ മെസിയും മെസിക്കൊപ്പം നിന്ന് പൊരുതുന്ന ഒരു കൂട്ടം താരങ്ങളുമാണ്. എന്നാൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന ഫ്രാൻസ് മെസിയുടെ മോഹങ്ങൾ തകർക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഫ്രഞ്ച് സ്‌ട്രൈക്കർ ഒലിവർ ജിറൂദ് വ്യക്തമാക്കി.
“മെസി വളരെ മികച്ച താരമാണ്. എന്നാൽ ജീവിതത്തിലെ ഏറ്റവും മനോഹരരാത്രി മെസി ആസ്വദിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഈ മത്സരം ഞങ്ങൾക്ക് ജയിക്കണം, ഈ കിരീടവും നേടണം. മെസിയെ തടുക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യും. എന്നാൽഅർജന്റീന ടീമെന്നാൽ മെസി മാത്രമല്ല. ടീമിനായി ഉറച്ചു നിന്ന് പൊരുതുന്ന നിരവധി താരങ്ങൾ അവർക്കൊപ്പമുണ്ട്. അതുകൊണ്ടാണ് അവർ കരുത്തുറ്റ ടീമായി മാറുന്നതെന്നാണ് ഞാൻ കരുതുന്നത്.” ജിറൂദ് കഴിഞ്ഞ ദിവസം പറഞ്ഞു.
Giroud isn't here for Messi's fairytale ending 😤 pic.twitter.com/4jq2yrSiDQ
— ESPN UK (@ESPNUK) December 15, 2022
2018 ലോകകപ്പിൽ മെസിയെ കൃത്യമായി മാർക്ക് ചെയ്‌ത ചെൽസി താരം എൻഗോളോ കാന്റെയുടെ അഭാവത്തിൽ ഫ്രാൻസിന്റെ പദ്ധതിയെക്കുറിച്ച് തനിക്കറിയില്ലെന്നും ജിറൂദ് പറഞ്ഞു. “2018ൽ നടന്നത് ഞാനിപ്പോൾ ഓർക്കുന്നു. എൻഗോളോ കാന്റെ മത്സരത്തിൽ മുഴുവൻ മെസിക്കൊപ്പം നടക്കുകയായിരുന്നു. എന്നാലിപ്പോൾ എന്താണ് പദ്ധതിയെന്ന് എനിക്കറിയില്ല. അത് പറയേണ്ടത് പരിശീലകനാണ്.” ജിറൂദ് വ്യക്തമാക്കി.