ചാമ്പ്യൻസ്‌ലീഗിൽ വമ്പന്മാരുടെ പോരാട്ടമായ യുവന്റസ്-ബാഴ്സ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ യുവന്റസിന്റെ തട്ടകത്തിൽ വിജയിച്ചത്. ഉസ്മാൻ ഡെമ്പെലെയും ലയണൽ മെസിയുമാണ് ഭാര്കക്കായി ഗോൾ നേടിയത്. മത്സരത്തിലെ പ്രകടനത്തിന് ലയണൽ മെസിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവന്റസ് ഇതിഹാസതാരം ക്രിസ്ത്യൻ വിയേരി.
ഇറ്റലിക്കായി 49 മത്സരങ്ങളിൽ കളിച്ച വിയേരി യുവന്റസിനൊപ്പം 1996-97 സീസണിൽ ഇറ്റാലിയൻ ലീഗ് കിരീടവും നേടിയിട്ടുണ്ട്. യുവന്റസുമായുള്ള മത്സരശേഷം മെസി ഒരു മായാജാലക്കാരനാണെന്നാണ് വിയേരി അഭിപ്രായപ്പെട്ടത്. ഫുട്ബോളിലെ ഹാരി പോട്ടർ ആണെന്നാണ് വിയേരി മെസിയെ വിശേഷിപ്പിച്ചത്. സിബിഎസ് സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ബാഴ്സയുടേത്. ഇന്നലെ ഒരു മത്സരം എനിക്ക് അതിൽ കാണാനായില്ല. അവർക്ക് ആറോ എഴോ ഗോളുകൾ എളുപ്പത്തിൽ അടിക്കാമായിരുന്നു. അവർ അത്രക്ക് മികച്ച രീതിയിലാണ് കളിച്ചത്. മെസി ഒരു മായാജാലക്കാരനാണ്. ഫുട്ബോളിലെ ഹാരി പോട്ടറാണ്. അദ്ദേഹം കളി നിർത്തിയാൽ ഞാൻ എന്റെ ടീവി വലിച്ചെറിയും. ടീവിക്കായി പിന്നീട് ഞാൻ ജോലിചെയ്യില്ല. ഞാൻ നെറ്റ്ഫ്ലിക്സ് മാത്രം കാണും. കാരണം അദ്ദേഹം കളി നിർത്തിയാൽ ഫുട്ബോളിൽ പിന്നീടൊന്നും കാണാനില്ല. ” വിയേരി പറഞ്ഞു
മെസിയുടെ പ്രകടനത്തിനൊപ്പം ബാഴ്സയുടെ പ്രകടനത്തെ പറ്റി പ്രശംസിക്കാനും വിയേരി മറന്നില്ല. ” എനിക്കറിയില്ല അവർ എങ്ങനെയാണു റയലിനോട് തോറ്റതെന്നു. പക്ഷെ ഈ മത്സരത്തിലെ കളി കണ്ടാൽ ഈ വർഷത്തിൽ ഇനി ഇവർക്ക് തോൽവിയുണ്ടാവില്ലെന്നു തോന്നിപ്പോവും. അസാധ്യമായ രീതിയിലാണ് അവർ കളിച്ചത്. എല്ലാ മത്സരങ്ങളും വ്യത്യസ്തമാണ് എന്നാൽ ഞാനും എല്ലാവരും കണ്ട ബാഴ്‌സലോണ അവിശ്വസനീയമായിരുന്നു. നിങ്ങൾക്ക് ഇതേ പോലൊരു നമ്പർ 10 ഉണ്ടായിരുന്നെങ്കിൽ അതൊരു മികച്ച അനുഭവമായിരിക്കും. ” വിയേരി കൂട്ടിച്ചേർത്തു.