ഈ സീസണിൽ എഫ്സി ബാഴ്സലോണയിൽ എത്തിയ താരമായിരുന്നു പെഡ്രി. ലാസ് പാൽമസിൽ നിന്നായിരുന്നു ഈ പതിനേഴുകാരനായ താരത്തെ ബാഴ്സ റാഞ്ചിയത്. തുടർന്ന് താരത്തെ ലോണിൽ അയക്കാനായിരുന്നു ബാഴ്സയുടെ പദ്ധതി.സ്ഥിരമായി അവസരം ലഭിക്കുന്ന മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പറഞ്ഞയക്കാനായിരുന്നു ബാഴ്സ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ താരത്തിന്റെ കാര്യത്തിൽ ബാഴ്സ ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നു.
കഴിഞ്ഞ ജിംനാസ്റ്റിക്കിനെതിരായ സൗഹൃദമത്സരത്തിലായിരുന്നു ഈ യുവതാരം ബാഴ്സക്ക് വേണ്ടി അരങ്ങേറിയത്. നാല്പത്തിയഞ്ച് മിനുട്ടുകൾ മാത്രം കളിച്ച താരം അരങ്ങേറ്റം ഗംഭീരമാക്കുകയാണ് ചെയ്തത്. മെസ്സിക്കും ഡെംബലെക്കുമൊപ്പം മുന്നേറ്റനിരയിൽ ഇറങ്ങിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡെംബലെ നേടിയ ഗോളിൽ താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ബോൾ ലീവ് ചെയ്ത് ഡെംബലെക്ക് അവസരം ഒരുക്കിയത് താരമായിരുന്നു.
താരത്തിന്റെ പ്രകടനം പരിശീലകൻ റൊണാൾഡ് കൂമാനെ തൃപ്തിപ്പെടുത്തിയതോടെ ബാഴ്സ തീരുമാനം മാറ്റുകയായിരുന്നു. ഈ യുവതാരത്തെ ബാഴ്സയോടൊപ്പം തന്നെ നിലനിർത്താനാണ് ഇപ്പോൾ ബാഴ്സ തീരുമാനിച്ചിരിക്കുന്നത്.ഈ വരുന്ന സീസണിൽ താരത്തിന് തന്റെ ടീമിൽ ഇടം നൽകാൻ കൂമാൻ തീരുമാനിച്ചിട്ടുണ്ട്. മത്സരശേഷം താരത്തെ പുകഴ്ത്താനും കൂമാൻ മറന്നിരുന്നില്ല. തന്റെ അറ്റാക്കിങ് നിരയിൽ കളിക്കാനുള്ള എബിലിറ്റി താരത്തിന് ഉണ്ട് എന്നാണ് കൂമാൻ വിശ്വസിക്കുന്നത്.
അതേ സമയം താരത്തെ ക്ലബ്ബിൽ എത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച വമ്പൻമാരിൽ ഒരാളായിരുന്നു ബയേൺ മ്യൂണിക്ക്. താരത്തെ സ്ഥിരമായോ അതല്ലെങ്കിൽ ലോണിലോ ലഭിക്കുമോ എന്ന് ബയേൺ അന്വേഷിച്ചിരുന്നു. രണ്ടു തവണയാണ് ബയേൺ ഇതേ ആവിശ്യമുന്നയിച്ചു കൊണ്ട് ബാഴ്സയെ സമീപിച്ചത്. എന്നാൽ ബാഴ്സ നിരസിക്കുകയായിരുന്നു. മറ്റൊരു ക്ലബായ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാചും താരത്തിന് വേണ്ടി ബാഴ്സയെ സമീപിച്ചിരുന്നു. എന്നാൽ ബാഴ്സ ഇതും തള്ളികളയുകയായിരുന്നു.