യുവന്റസ് വിങ്ങറും ബ്രസീലിയൻ സൂപ്പർതാരവുമായ ഡൂഗ്ലാസ് കോസ്റ്റ പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. ഒരിക്കൽ കൂടി വോൾവ്സിലേക്കുള്ള ട്രാൻസ്ഫറിൽ ഏജന്റ് ജോർഹെ മെൻഡസിന്റെ സാന്നിധ്യം പ്രകടമായിരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോയുടെ ഏജന്റ് ആയ മെൻഡസ് ഡൂഗ്ലാസ് കോസ്റ്റയുടെയും ഏജന്റ് ആണ്.
വോൾവ്സിൽ നിന്നും ഡിയോഗോ ജോട്ടയെ ലിവർപൂൾ സ്വന്തമാക്കിയതോടെ ആ ഒഴിവിലേക്ക് ചേക്കേറാനാണ് കോസ്റ്റയുടെ നീക്കം. 41 മില്യൺ യൂറോക്കാണ് ലിവർപൂൾ ജോട്ടയെ സ്വന്തമാക്കിയത്. ആ ഒഴിവിലേക്ക് വേഗതയേറിയ കോസ്റ്റ കൂടി വരുന്നതോടെ വോൾവ്സിന്റെ ആക്രമണം ശക്തമായേക്കും. കോസ്റ്റ പോവുന്നതോടെ ആ ഒഴിവിലേക്ക് യുവന്റസും താരങ്ങളെ പരിഗണിച്ചേക്കും.
പിർലോന്റെ കീഴിൽ കോസ്റ്റക്ക് അവസരങ്ങൾ കുറഞ്ഞതാണ് ക്ലബ്ബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്നത്. സംപഡോറിയയുമായി നടന്ന മത്സരത്തിൽ ആകെ 8 മിനുട്ടാണ് താരത്തിനു കളിക്കാനായത്. 2018ൽ യുവന്റസിലെത്തിയ കോസ്റ്റ ഇതുവരെ 102 മത്സരങ്ങളാണ് കളിച്ചത്. അതിൽ നിന്നും 10 ഗോളുകളും 21 അസിസ്റ്റുകളും നേടാൻ താരത്തിനായി.
കോസ്റ്റയുടെ വരവോടെ അക്രമണനിരയിൽ അഡമ ട്രവോറെക്കൊപ്പം ഇരുവിങ്ങിലും ഇരുവരുടെയും അസാമാന്യ വേഗത വോൾവ്സ് പരിശീലകനായ നുനോ എസ്പിരിറ്റോ സാന്റോക്ക് അനുഗ്രഹമായേക്കും. കോസ്റ്റക്ക് പകരക്കാരനായി ഫിയോറെന്റീനയുടെ ഫെഡറികോ കിയെസയെയും ചൈനീസ് ക്ലബ്ബിനു കളിക്കുന്ന സ്റ്റീഫൻ എൽഷരാവിയെയുമാണ് പരിഗണിക്കുന്നത്. കോസ്റ്റക്കായി യുണൈറ്റഡും ഓഫറുമായി എത്തിയിരുന്നു.