ലോകകപ്പ് ഫൈനലിൽ പങ്കെടുക്കാൻ സിദാൻ വരില്ല, ഫ്രാൻസിന്റെ ക്ഷണം നിരസിച്ചു |Qatar 2022

ഖത്തർ ലോകകപ്പിന്റ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുമായി ഫ്രാൻസ് പോരാടുന്നത് കാണാൻ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ഉണ്ടാകില്ല. റിപ്പോർട്ടുകൾ പ്രകാരം ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ താരത്തെ അതിഥിയായി ക്ഷണിച്ചെങ്കിലും അത് സിദാൻ നിരസിക്കുകയായിരുന്നു. ഫ്രാൻസിന്റെ അടുത്ത പരിശീലകനായി സിദാൻ വരുമെന്ന അഭ്യൂഹങ്ങൾ നേരത്തേയുണ്ടായിരുന്നു. ഫൈനലിൽ പങ്കെടുക്കാൻ എത്തിയാൽ അത്തരം അഭ്യൂഹങ്ങൾ കൂടുമെന്നും അത് ടീമിനെയും പരിശീലകൻ ദെഷാംപ്‌സിനെയും ബാധിക്കുമെന്നും കരുതിയാണ് താരം വിട്ടു നിൽക്കുന്നതെന്ന് മുണ്ടോ ഡീപോർറ്റീവോ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു തവണയായി റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനത്തിരുന്ന സിദാൻ ഐതിഹാസികമായ നേട്ടങ്ങൾ ടീമിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. 2016 മുതൽ 2018 വരെ റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി റെക്കോർഡിട്ട സിദാൻ അതിനു ശേഷം ക്ലബ് വിട്ടെങ്കിലും ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തി. പിന്നീട് 2021ലാണ് സിദാൻ റയൽ മാഡ്രിഡ് വിടുന്നത്. അതിനു ശേഷം നിരവധി ക്ലബുകളെയും സിദാനെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും ഇതുവരെയും മറ്റൊരു ടീമിന്റെ മാനേജർ സ്ഥാനം അദ്ദേഹം ഏറ്റെടുത്തിട്ടില്ല.

നിരവധി ഓഫറുകൾ ഉണ്ടായിട്ടും സിദാൻ ഒരു ക്ലബിലേക്കും ചേക്കേറാതിരുന്നതോടെ താരം ഖത്തർ ലോകകപ്പിന് ശേഷം ഫ്രാൻസ് ടീമിനെ പരിശീലകനാവാൻ വേണ്ടി കാത്തിരിക്കയാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ടൂർണമെന്റിൽ ഫ്രാൻസ് മികച്ച പ്രകടനം നടത്തി ഫൈനൽ വരെയെത്തിയതോടെ ദെഷാംപ്‌സ് തന്നെ ടീമിനൊപ്പം തുടരുമെന്ന റിപ്പോർട്ടുകളും ശക്തമാണ്. ഈ സാഹചര്യത്തിലാണ് സിദാൻ ഫൈനലിന് വിശിഷ്ടാതിഥിയായി എത്താനുള്ള ക്ഷണം നിരസിച്ചതെന്ന വാർത്തകൾ പുറത്തു വരുന്നതും ശ്രദ്ധേയമാണ്.

സിദാൻ ഫൈനലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ കരിം ബെൻസിമ പോസ്റ്റ് ചെയ്‌ത ചിത്രവും ഇതിനൊപ്പം ചേർത്ത് വെക്കാം. ഇന്നലെ രാത്രി അഭ്യൂഹങ്ങൾ വന്നതിനൊപ്പം ഇൻസ്റ്റഗ്രാമിൽ സിദാൻ തനിക്ക് ബാലൺ ഡി ഓർ സമ്മാനിക്കുന്നതിന്റെ ചിത്രം ബെൻസിമ സ്റ്റോറിയാണ് ഇട്ടിരുന്നു. ശുഭരാത്രി എന്നും ബെൻസിമ അതിനൊപ്പം കുറിച്ചിരുന്നു. സിദാൻ ക്ഷണം തഴഞ്ഞത് മനപൂർവമാണോ എന്ന സംശയം ഇതോടെ പലരും ഉന്നയിക്കുന്നുണ്ട്.

Rate this post
FIFA world cupQatar2022