റയൽ മാഡ്രിഡ് വിട്ടതിനു ശേഷം സിദാൻ മറ്റൊരു ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാതിരുന്നത് ഖത്തർ ലോകകപ്പിന് ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ മാനേജരാകാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ്. എന്നാൽ ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ എത്തിയതോടെ ദെഷാംപ്‌സ് തന്നെ തുടരട്ടെയെന്നാണ് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്. അടുത്ത ലോകകപ്പ് വരെയുള്ള കരാറും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
ഫ്രാൻസ് ടീമിന്റെ പരിശീലകനാവാൻ കഴിയാതിരുന്നതോടെ സിദാൻ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചു വരാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ താൽപര്യമില്ലാത്ത സിദാൻ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയിലേക്ക് വരാനാണ് സാധ്യത കൂടുതൽ. സമ്മറിൽ ടീമിലെത്തിയ ക്രിസ്റ്റഫെ ഗാലട്ടിയറിൽ ക്ലബ് നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
സീസൺ പകുതിയോളം പൂർത്തിയായപ്പോൾ ഫ്രഞ്ച് ലീഗിൽ വളരെ കുറഞ്ഞ പോയിന്റുകളുടെ വ്യത്യാസത്തിൽ മാത്രമാണ് പിഎസ്‌ജി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കക്ക് പുറകിൽ രണ്ടാം സ്ഥാനത്താണ് പിഎസ്‌ജി ഗ്രൂപ്പിൽ ഫിനിഷ് ചെയ്‌തത്. സൂപ്പർതാരങ്ങൾ അണിനിരന്ന ടീമിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ ഗാൾട്ടിയാർക്ക് പോരായ്‌മയുള്ളതാണ് സിദാന് സാധ്യത നൽകുന്നത്.
അതേസമയം പിഎസ്‌ജി പരിശീലകനാവുകയാണെങ്കിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം സിദാനുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനു പകരം ബാഴ്‌സലോണ താരമായ ഓസ്മാനെ ഡെംബലെയെ എത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ഫ്രഞ്ച് താരം 2024 ജൂണിൽ ഫ്രീ ഏജന്റായി മാറുന്നത് പിഎസ്‌ജിക്ക് പ്രതീക്ഷയാണ്.
News From Spain: Zinedine Zidane wants Neymar out, Barcelona forward in if he becomes PSG head coach https://t.co/3dhnbtaAxw pic.twitter.com/juyVNlw7gB
— The Football Kings (@FootballKings__) February 5, 2023
വമ്പൻ താരങ്ങൾ അണിനിരക്കുന്ന പിഎസ്‌ജിയെ കൃത്യമായി മുന്നോട്ടു കൊണ്ടു പോവുകയെന്നത് ഓരോ പരിശീലകനും നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. എന്നാൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സിദാന് അതിനു കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് സൂപ്പർതാരങ്ങളുടെ ഒരു നിരയെ കൃത്യമായി മെരുക്കിയെടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് സിദാൻ.