റയൽ മാഡ്രിഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞു വരുന്നതിൽ പ്രതിഷേധവുമായി സ്പാനിഷ് മധ്യനിര താരം ഇസ്കോ. ഷക്തറിനും ബാഴ്സലോണക്കുമെതിരായ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന താരത്തിന് ഈ സീസണിൽ ആകെ നാലു മത്സരങ്ങളിൽ മാത്രമേ റയലിനു വേണ്ടി കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. ഇതേത്തുടർന്നാണ് താരം സിദാനെതിരെ തുറന്നടിച്ചത്.
” കളിച്ചു കൊണ്ടിരിക്കുന്ന എന്നെ പിൻവലിക്കുകയാണെങ്കിൽ സിദാനത് അൻപതാം മിനുട്ടിലോ അറുപതാം മിനുട്ടിലോ ചെയ്യും. ചിലപ്പോളത് ഹാഫ് ടൈമിലുമാകാം. എന്നാൽ ഞാൻ പകരക്കാരനായി കളിക്കാനിറങ്ങുകയാണെങ്കിൽ അയാൾ എൺപതാം മിനുട്ടിലാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുക.” മൂവിസ്റ്റാറിന്റെ പരിപാടിക്കിടെ ഇസ്കോ തുറന്നടിച്ചു.
ഏഴു വർഷത്തോളമായി റയലിലുള്ള ഇസ്കോ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമായിട്ടുള്ള അവസരങ്ങൾ കുറവായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരിക്കൽ പോലും തുടർച്ചയായ രണ്ടു ലാലിഗ മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരം ഇക്കാലയളവിൽ ആകെ ആറു ലീഗ് മത്സരങ്ങളിൽ മാത്രമാണ് മുഴുവൻ സമയവും കളിച്ചിരിക്കുന്നത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് നോട്ടമിട്ടിരുന്ന താരമാണ് ഇസ്കോ. പിർലോക്ക് വളരെയധികം താൽപര്യമുള്ള സ്പാനിഷ് താരം സിദാന്റെ അവഗണന തുടരുകയാണെങ്കിൽ ജനുവരിയിൽ ടീം വിടാനുള്ള സാധ്യതയുണ്ട്.