സൗദിയിൽ ചേക്കേറിയ റൊണാൾഡോ, നെയ്മർ എന്നിവരുടെ ലക്ഷ്യത്തെ വിമർശിച്ച് ഇബ്രാഹിമോവിച്ച്

ലോകത്തിലെ ഏറ്റവും വലിയ താരങ്ങൾ സൗദി അറേബ്യയിലേക്ക് മാറുന്നതിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. സൗദി അറേബ്യയിലേക്ക് പോകുന്ന കളിക്കാരെ കളിയാക്കുകയും ചെയ്തു. മോർഗനുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യൂവിൽ ആണ് ഇബ്രാഹിമൊവിച് പ്രതികരണം നടത്തിയത്.

ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിൽ ചേർന്നതിന് ശേഷം, കഴിഞ്ഞ സമ്മറിൽ സൗദി പ്രോ ലീഗിലേക്ക് മാറിയ സൂപ്പർ താരങ്ങളിൽ ബെൻസിമ,നെയ്മർ, റിയാദ് മഹ്‌റസ്, ഫബിഞ്ഞോ, മാനെ എന്നിവരടക്കം പല സൂപ്പർതാരങ്ങളും ഉൾപ്പെട്ടിരുന്നു. അതേസമയം, അൽ-ഇത്തിഫാക്കിലെക്ക് ലിവർപൂൾ ഇതിഹാസമായ സ്റ്റീഫൻ ജറാഡും സൗദിയിലേക്ക് പരിശീലകനായി എത്തിയിരുന്നു.യൂറോപ്പിൽ കിട്ടുന്നതിന്റെ നാലിരട്ടി പണം സൗദിയിൽ ലഭിക്കുന്നതാണ് സൂപ്പർ താരങ്ങളുടെ കൂടുമാറ്റത്തിന് കാരണമായത്.

ജൂണിൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത് പ്രഖ്യാപിച്ച ഇബ്രാഹിമൊവിച് തനിക്ക് സൗദി അറേബ്യയിൽ നിന്നും ചൈനയിൽ നിന്നും വലിയ ഓഫറുകൾ ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തു.“എനിക്ക് ചൈനയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു, അതുപോലെ തന്നെ സൗദിയിൽ നിന്നും ഓഫർ വന്നിരുന്നു. എന്നാൽ സാഹചര്യം പരിശോധിക്കേണ്ടതുണ്ട്, എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത്? എന്തൊക്കെ ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളത്. അഭിമുഖത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ പറയുകയുണ്ടായി, ചില താരങ്ങൾക്ക് അവരുടെ കരിയർ ഏറ്റവും ഉയർന്ന വേദികളിൽ തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. കാരണം അതാണ് അവരുടെ കരിയറിനെ ഉയർത്തിക്കാണിക്കുന്നത്.”

സൗദിയിലേക്ക് ചേക്കേറിയ റൊണാൾഡോ അടക്കമുള്ള സൂപ്പർ താരങ്ങളെ വിമർശിച്ചത് ഇങ്ങനെ.“നിങ്ങൾ നിങ്ങളുടെ പ്രതിഭയുടെ പേരിലാണ് ഓർമിക്കപ്പെടേണ്ടത്, അല്ലാതെ നിങ്ങൾ എത്ര പ്രതിഫലം വാങ്ങുന്നുണ്ട് എന്നതിന്റെ പേരിലല്ല. കാരണം നിങ്ങൾ പണത്തിന്റെ പേരിലാണ് ഓർമിക്കപ്പെടുന്നതെങ്കിൽ നമ്മൾ ദിവസേനെ പരിശീലനം നടത്തുന്നതും നമ്മളെ ആളുകൾ മനസിലാക്കുന്നതും എന്തിനാണ്. ചില താരങ്ങൾ ഒരു പ്രത്യേക തലത്തിൽ എത്തിയാൽ, അവരത് അവസാനിപ്പിക്കുന്നതും അതുപോലെയൊരു തലത്തിൽ ആയിരിക്കണം. അത് ഏറ്റവും ഉയർന്ന തലത്തിൽ ആയിരിക്കണം.” സ്ലാട്ടൻ വ്യക്തമാക്കി.

1/5 - (2 votes)
Cristiano Ronaldo