2018 ലെ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ വാഴത്തപ്പെടാതെ പോയ താരം|FIFA World Cup |France

ലോകകപ്പ് പോലെയൊരു വലിയ ടൂർണമെന്റിൽ 546 മിനിറ്റ് കളിക്കുകയും എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെ വരികയും ചെയ്ത ഒരു സെന്റർ ഫോർവേഡിനെ നമുക്ക് എന്ത് വിശേഷിപ്പാക്കം. ഒരു വലിയ പരാജയം എന്നാവും എല്ലാവരും ആ കളിക്കാരനെ വിശേഷിപ്പിക്കുന്നത്. 2018 ലോകകപ്പ് വിജയിച്ച ഫ്രഞ്ച് ടീമിലെ സ്‌ട്രൈക്കർ ഒലിവർ ജിറൂഡിനെ പലരും അങ്ങനെയാണ് വിശേഷിപ്പിച്ചത്.

എന്നാൽ ഫ്രാൻസിന്റെ ഈ ലോകകപ്പ് വിജയത്തിന്റെ നിർണായക ഭാഗമാണ് അദ്ദേഹം. ജിറൂദില്ലാതെ എംബാപ്പെയെയും ഗ്രീസ്മാനെയും പോലുള്ള ഫ്രഞ്ച് കളിക്കാർക്ക് അവരുടെ സ്വാഭാവിക കളി കളിക്കുക എളുപ്പമല്ല. കഠിനാധ്വാനിയായ സ്‌ട്രൈക്കർ, അവിശ്വസനീയമായ ഗോൾ സ്‌കോറിംഗ് നിരക്ക്, കരുത്ത്, ഹെഡ്ഡിംഗ് കൃത്യത, ശക്തമായ ഷോട്ട്, ഗോളിലേക്ക് പുറകിൽ നിന്ന് പന്ത് ഉയർത്തി പിടിക്കാനുള്ള കഴിവ്, ലിങ്ക്-അപ്പ് പ്ലേ എന്നി കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ഗുണങ്ങൾ. 2018 ലോകകപ്പിൽ ജിറൂദ് ആ കരുത്ത് കാണിച്ചു.അത് ബോക്‌സിനുള്ളിലായാലും മധ്യനിരയിലായാലും പ്രതിരോധത്തിലായാലും ജിറൂദ് തന്റെ സാനിധ്യം അറിയിച്ചു.

തന്റെ സഹ താരങ്ങൾ അവരുടെ പൊസിഷനിലേക്ക് എത്തുന്നതുവരെ പന്ത് കൈവശം വയ്ക്കാനുള്ള കഴിവും ബോക്സിന് പുറത്തുള്ള ലിങ്ക്-അപ്പ് പ്ലെയുമെല്ലാം വളരെയേറെ ശ്രദ്ദിക്കപ്പെട്ടു. അലക്സാണ്ടർ ലകാസെറ്റ്, നബീൽ ഫെക്കിർ, ഔസ്മാൻ ഡെംബെലെ, തോമസ് ലെമർ, ആന്റണി മാർഷ്യൽ തുടങ്ങിയ പ്രതിഭാധനരായ കളിക്കാരെക്കാൾ എന്തുകൊണ്ടാണ് തന്നെ ടീമിൽ തെരഞ്ഞെടുത്തത് എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.വേഗമേറിയ ഫ്രഞ്ച് സ്‌ട്രൈക്ക് ഫോഴ്‌സുമായി ലിങ്കപ്പ് കളിച്ച് പന്ത് പിടിക്കുക എന്നതായിരുന്നു 2018 ൽ ജിറൂദിന്റെ ജോലി, ഗോളുകൾ നേടാൻ അവർക്ക് എംബാപ്പെയും ഗ്രീസ്‌മാനും ഉണ്ടായിരുന്നു.

കളിക്കളത്തിൽ അദ്ദേഹത്തോടൊപ്പം മറ്റുള്ളവർക്ക് അവരുടെ സ്വാഭാവിക ശൈലിയിൽ കളിക്കാനാകും എന്നത് പ്രധാനമാണ്.സ്‌ട്രൈക്കർ ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ വലിയ സാന്നിധ്യം തന്റെ ചുറ്റുമുള്ളരെ ഏറ്റവും മികച്ച പ്രകടനം നടത്താൻ സഹായിക്കും. ജിറൂദിന്റെ ശാരീരിക സാന്നിധ്യം കൈലിയൻ എംബാപ്പെയെയും അന്റോയിൻ ഗ്രീസ്മാനെയും തഴച്ചുവളരാൻ അനുവദിച്ചു.ആഴ്‌സൻ വെംഗറും കോണ്ടെയും ദെഷാംപ്‌സും എല്ലാം ജിറൂദിനെ മനോഹരമായി ഉപയോഗിച്ചവരാണ്.

തന്റെ നിർദ്ദേശങ്ങൾ പാലിച്ച് നിസ്വാർത്ഥ മനോഭാവത്തോടെ ടീമിന് തന്റെ എല്ലാം നൽകുന്ന കളത്തിലെ ഒരു പോരാളി എന്നാണ് ജിറൂഡിനെ വിശേഷിപ്പിക്കുന്നത്.പന്തിൽ അദ്ദേഹം ചെയ്ത കഠിനാധ്വാനത്തിന് അദ്ദേഹത്തിന് ക്രെഡിറ്റ് ലഭിച്ചേക്കില്ല പക്ഷെ കളി ആഴത്തിൽ വിലയിരുത്തിയാൽ നിലവിൽ എ സി മിലാൻ സ്‌ട്രൈക്കറുടെ ടീമിന്റെ വിജയത്തിൽ വഹിക്കുന്ന പങ്ക് മനസിലാക്കാം.

Rate this post