2021-2022 യുവേഫ അവാർഡുകൾ ലീക്കായി, റയൽ മാഡ്രിഡിന്റെ ആധിപത്യം

2021-22 സീസണിലെ യുവേഫ അവാർഡുകളും ടൂർണമെന്റിലെ ഏറ്റവും മികച്ച ഇലവനും ലീക്കായപ്പോൾ കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമായ റയൽ മാഡ്രിഡിന്റെ സർവാധിപത്യം. പ്രധാന അവാർഡുകൾ എല്ലാം റയൽ മാഡ്രിഡിനു വേണ്ടി കളിച്ച താരങ്ങൾ സ്വന്തമാക്കിയപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഇലവനിലും നാല് റയൽ താരങ്ങളുണ്ട്. സ്‌പാനിഷ്‌ മാധ്യമമായ എഎസാണ് യുവേഫയുടെ ടെക്‌നിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കഴിഞ്ഞ സീസണിലെ യുവേഫ അവാർഡുകളും മികച്ച ഇലവനും പുറത്തു വിട്ടത്.

എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം കരിം ബെൻസിമ, വിനീഷ്യസ് ജൂനിയർ, തിബോ ക്വാർട്ടുവ എന്നീ താരങ്ങളാണ് യുവേഫ അവാർഡുകൾ നേടിയത്. ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ കരിം ബെൻസിമയാണ് യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത്. അതിനു പുറമെ വിനീഷ്യസ് ജൂനിയർ യുവേഫയുടെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും തിബോ ക്വാർട്ടുവ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. ഈ മൂന്നു താരങ്ങളുടെയും മികച്ച പ്രകടനമാണ് റയലിന് കിരീടത്തിലേക്ക് നയിച്ചത്.

പുരസ്‌കാരം നേടിയ മൂന്നു താരങ്ങളും യുവേഫയുടെ മികച്ച ഇലവനിലും ഇടം പിടിച്ചിട്ടുണ്ട്. അതിനു പുറമെ ലൂക്ക മോഡ്രിച്ചാണ് റയൽ മാഡ്രിഡിൽ നിന്നും യുവേഫ ബെസ്റ്റ് ഇലവനിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ലിവർപൂളിൽ നിന്നും നാല് താരങ്ങൾ ടീമിലുണ്ട്. വിർജിൽ വാൻ ഡൈക്ക്, ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്, ആൻഡി റോബർട്സൺ, ഫാബിന്യോ എന്നിവർ ലിവർപൂളിൽ നിന്നും ടീമിലെത്തിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്ൻ, പിഎസ്‌ജി സ്‌ട്രൈക്കർ എംബാപ്പെ, ചെൽസിയിൽ നിന്നും ഈ സമ്മറിൽ റയൽ മാഡ്രിഡിൽ എത്തിയ റുഡിഗർ എന്നിവരാണ് യുവേഫ ബെസ്റ്റ് ഇലവനിലെ മറ്റു കളിക്കാർ.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ പോരാട്ടവീര്യം കാഴ്‌ച വെച്ച് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡിലെ താരങ്ങൾ അർഹിച്ച പുരസ്‌കാരം തന്നെയാണ് അവരെ തേടിയെത്തിയിരിക്കുന്നത്. നോക്ക്ഔട്ട് ഘട്ടങ്ങളിൽ പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരോട് പിന്നിൽ നിന്നും പൊരുതി വിജയം നേടി ഫൈനലിൽ എത്തിയ റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂളിനെതിരെ ഫൈനലിൽ വിജയം നേടിയത്.

Rate this post
LiverpoolReal Madriduefa champions league