60 വർഷത്തിനിടെ ഏറ്റവും മോശം പ്രകടനവുമായി യുവന്റസ്
ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് കഴിഞ്ഞ സീസൺ മുതൽ കാര്യങ്ങൾ അത്ര മികച്ചതല്ല. വർഷങ്ങളായി കൈവശം വെച്ചിരുന്ന സിരി എ കിരീടം നഷ്ടപെട്ട യുവന്റസിന് ഈ സീസണിൽ ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല. 1961 നു ശേഷം കഴിഞ്ഞ 60 വർഷത്തിനിടയിൽ ക്ലബ്ബിന്റെ ഏറ്റവും മോശം തുടക്കമാണ് മാസിമോ അല്ലെഗ്രിയുടെ യുവന്റസ് നേരിട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലെ പരിശീലകനായിരുന്ന ഇതിഹാസ താരം ആന്ദ്രേ പിർലോയെ മാറ്റിയിട്ടും അവരുടെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരൻ സാധിച്ചില്ല. ലീഗിലെ അവസാന മത്സരത്തിൽ എസി മിലാനുമായി നേടിയ 1-1 സമനിലയ്ക്ക് ശേഷം ‘ഓൾഡ് ലേഡി’ ഇപ്പോഴും അവരുടെ ആദ്യ ലീഗ് വിജയം തേടി നടക്കുകയാണ്.
ലീഗിൽ നിലവിൽ 18 ആം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാർ. മുൻ കാലങ്ങളിൽ യുവന്റസിനൊപ്പം നിരവധി കിരീടങ്ങൾ നേടിയ അല്ലെഗ്രിയുടെ തിരിച്ചു വരവ് ക്ലബിന് ഒരു പുത്തനുണർവ് നൽകുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും ഈ സീസണിൽ നിരാശ തന്നെയായിരുന്നു ഫലം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയത് തങ്ങളെ ബാധിക്കില്ലെന്നും ടീമിന്റെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എല്ലാവരും കരുതിയെങ്കിലും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനകളിൽ ഒന്നിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.
ഈ സീസണിൽ ഒരു ലീഗ് മത്സരം പോലും വിജയിച്ചിട്ടില്ലാത്ത യുവന്റസ് കഴിഞ്ഞ പതിനെട്ടു ലീഗ് മത്സരത്തിലും ഒന്നോ അതിലധികമോ ഗോൾ വഴങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിലവിൽ യൂറോപ്പിലെ തന്നെ ഒരു ടീമിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 2010ൽ നേടിയ പത്തൊൻപതു മത്സരങ്ങളിൽ ക്ളീൻഷീറ്റ് ഇല്ലെന്ന മോശം റെക്കോർഡിന് ഒരു മത്സരം മാത്രം അകലെ നിൽക്കുന്ന യുവന്റസ് അവരുടെ എക്കാലത്തെയും മോശം പ്രകടനത്തിന് മൂന്നു മത്സരം മാത്രവും അകലെയാണ്.ഇതിനു പുറമെ സീസൺ ആരംഭിച്ചതിനു ശേഷം ലീഗിലെ ആദ്യത്തെ നാല് മത്സരങ്ങളിലും വിജയം നേടാതിരുന്ന നാലാമത്തെ യുവന്റസ് പരിശീലകനെന്ന മോശം റെക്കോർഡും അല്ലെഗ്രിക്ക് സ്വന്തമായി.
യൂറോപ്പിലെ അഞ്ച് മുൻനിര ലീഗുകളിലുടനീളമുള്ള ഏറ്റവും മോശം പ്രതിരോധങ്ങളിലൊന്നായി യുവന്റസ് മാറി. ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും ശക്തമായ പ്രതിരോധ നിരായുള്ള ടീം ഇപ്പോൾ ഏറ്റവും ദുർബലമായ ടീമായി മാറിയിരിക്കുകയാണ്. പ്രതിരോധത്തിൽ യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഡിഫെൻഡറായ ഡച്ച് താരം മാറ്റിജ്സ് ഡി ലിഗ്റ്റ് അടക്കമുള്ള താരങ്ങൾ ഉണ്ടെങ്കിലും അവരെ കൂടുതലായി ഉപയോഗിക്കാൻ പരിശീലകനായ മാസിമോ അല്ലെഗ്രിക്ക് സാധിക്കുന്നില്ല. മുന്നേറ്റ നിരയിൽ റൊണാൾഡോയുടെ അഭാവം വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.പൗലോ ഡൈബാല, അൽവാരോ മൊറാറ്റ, ജുവാൻ ക്വഡ്രാഡോ, ഫെഡറിക്കോ ചിയാസ എന്നിവർക്ക് ഗോൾ കണ്ടെത്താനും സാധിക്കുന്നില്ല.
നിരന്തരം ടീമിന്റെ ശൈലി മാറ്റുന്നതും ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വേനൽക്കാലത്ത് മിറലെം പ്യാനിച് ക്ലബ് വിട്ടതിനു ശേഷം ഒരു സെൻട്രൽ മിഡ്ഫീൽഡർ ടീമിൽ എത്തിയിട്ടില്ല.ബോസ്നിയൻ പോയതിനുശേഷം, റോഡ്രിഗോ ബെന്റാൻകൂർ, മാനുവൽ ലോക്കറ്റെല്ലി, വെസ്റ്റൺ മക്കിനി എന്നിവർക്കിടയിൽ ഇഷ്ടപ്പെട്ട സെൻട്രൽ മിഡ്ഫീൽഡറായി മത്സരമുണ്ടായിരുന്നുവെങ്കിലും കോച്ചിന് ഒരാളെ മാത്രം ആശ്രയിക്കാൻ കഴിയുന്നില്ല എന്നത് ഒരു ന്യൂന്യതയായി മാറി. തെറ്റുകൾ തിരുത്തി മുന്നോട്ട് പോയില്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും മോശം ടീമെന്ന ലേബലിൽ യുവന്റസ് എത്തുമെന്ന കാര്യത്തിൽ സംശയമില്ല.