ഈ അഞ്ചു താരങ്ങൾ തിളങ്ങിയാൽ അർജൻ്റീനക്ക് നിഷ്പ്രയാസം ലോകകപ്പ് നേടാം| Argentina |Qatar World Cup
നവംബറിൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിൽ കീരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിലുള്ള ടീമാണ് ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീന. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനെയും ഫൈനലിസിമയിൽ ഇറ്റലിയെയും തകർത്ത് 2 കിരീടങ്ങൾ നേടി തങ്ങളുടെ ശക്തി ലോകത്തിനു മുമ്പിൽ അർജൻ്റീന കാണിച്ചു കഴിഞ്ഞു.
2018 റഷ്യൻ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റാണ് അർജൻ്റീന പുറത്തായത്. 2014 വേൾഡ് കപ്പിൽ ലോക കിരീടം അർജൻ്റിനക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണ്. അന്ന് ജർമ്മനിയോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജൻ്റീന അടിയറവ് പറഞ്ഞത്. ഒരുപക്ഷേ അർജൻ്റീനയുടെ നായകനായ സാക്ഷാൽ ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് ആയിരിക്കും ഇത്. ഫുട്ബോളിലെ മറ്റു കളിക്കാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത പലതും സ്വന്തമാക്കിയ ഏറ്റവും കൂടുതൽ ബാലൻഡിയോർ അവാർഡിന് അർഹനായ മെസ്സിക്ക് കരിയറിൽ ഇതുവരെ ലഭ്യമാകാത്ത ലോകകിരീടം നൽകി കരിയർ അവസാനിപ്പിക്കാനായിരിക്കും അർജൻ്റീന ഇത്തവണ ശ്രമിക്കുക. അർജൻ്റീനയുടെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച അഞ്ചു കളിക്കാരെ പരിചയപ്പെടാം..
1- ലയണൽ മെസ്സി : തീർച്ചയായും 35 വയസ്സുകാരനായ ലയണൽ മെസ്സി തന്നെയാണ് ഇത്തവണത്തെ ഖത്തർ ലോകകപ്പിനുള്ള അർജൻ്റീനൻ ടീമിൻ്റെ മുഖ്യധാരം. രാജ്യത്തിനായി ആദ്യമായി കോപ്പ അമേരിക്ക സ്വന്തമാക്കിയ ലയണൽ മെസ്സിക്ക് ഇനി അവസാനിപ്പിക്കുന്നതിന് മുമ്പ് രാജ്യത്തിനായി ലോകകപ്പാണ് നൽകാനുള്ളത്. ഒരുപക്ഷെ കരിയറിലെ അവസാന ലോകകപ്പായ ഇത്തവണത്തെതിൽ അത് നേടിക്കൊടുക്കാൻ മെസ്സി ഏത് അറ്റം വരെ പോകും എന്ന കാര്യത്തിൽ സംശയമില്ല.
2- എമിലിയാനോ മാർട്ടിനസ് : മെസ്സി കഴിഞ്ഞാൽ അർജൻ്റീനയുടെ ലോകകപ്പ് ടീമിൽ എല്ലാവരും പ്രതീക്ഷയോടെ നോക്കി കാണുന്നത് കാവൽക്കാരനായ എമിലിയാനോ മാർട്ടിനസിനെയാണ്. സെർജിയോ റോമേറക്ക് ശേഷം അർജൻറീനയുടെ ഏറ്റവും മികച്ച ഗോൾകീപ്പർ തന്നെയാണ് എമിലിയാനോ മാർട്ടിനസ്. ബ്രസീലിൽ വച്ച് നടന്ന കഴിഞ്ഞ കോപ്പ അമേരിക്കയിൽ ഗോൾഡൻ ഗ്ലൗ വിന്നറായ എമിലിയാനോ മാർട്ടിനസ് തൻ്റെ ആ ഫോം വേൾഡ് കപ്പിലും തുടരുമെന്നാണ് അർജൻ്റീനൻ ആരാധകരുടെ പ്രതീക്ഷ.
3- ക്രിസ്റ്റ്യൻ റോമേരോ: പ്രതിരോധക്കാരിലെ നിലവിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്ത്യൻ റോമേരോ. കളിക്കളത്തിൽ തന്റെ രാജ്യത്തിനുവേണ്ടി ജീവൻ പോലും വിട്ടു നൽകാൻ തയ്യാറാണ് ഈ 24 വയസ്ക്കാരൻ. ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയുടെ മുഖ്യ പരിശീലകൻ സ്കലോനിയുടെ പ്രതിരോധത്തിലെ മുഖ്യധാരമാണ് റോമേരോ. ഇറ്റാലിയൻ ലീഗിൽ മികച്ച പ്രതിരോധ നിരക്കാരനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് താരം. തീർച്ചയായും ഖത്തർ ലോകകപ്പിൽ അർജൻ്റീനയുടെ പ്രതിരോധ നിരയുടെ പ്രതീക്ഷ ആയിരിക്കും ഈ 24 വയസ്സുകാരൻ.
4- റോഡ്രിഗോ ഡീ പോൾ: അർജൻ്റീനൻ മധ്യനിരയുടെ ശക്തിയാണ് റോഡ്രിഗോ ഡീ പോൾ. റൈസിംഗ് ക്ലബ്ബിന്റെ പ്ലേ മേക്കിങ് താരമായി കരിയർ തുടങ്ങിയ താരം പിന്നീട് വലയൻസിയിലേക്ക് നീങ്ങുകയും അവിടെ നിന്ന് ഫോം ഔട്ട് ആയപ്പോൾ ലോണിൽ ഉടിനീസിലേക്ക് പോവുകയും ചെയ്തു. എല്ലാവരും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് പ്രതീക്ഷിചിടത്ത് നിന്നും വമ്പൻ തിരിച്ചുവരവ് നടത്തി നിലവിൽ സ്പാനിഷ് വമ്പൻമാരായ അത്‌ലറ്റികോ മാഡ്രിഡിൻ്റെ മധ്യനിര നയിക്കുന്നത് ഡി പോളാണ്. തീർച്ചയായും അർജൻ്റീനയുടെ മധ്യനിരയിലെ പ്രതീക്ഷ തന്നെയായിരിക്കും ഡീ പോൾ.
5- ലൗട്ടാരോ മാർട്ടിനസ് : സ്കലോനിയുടെ അറ്റാക്കിങ് തന്ത്രത്തിലെ മുഖ്യ താരമാണ് 25 വയസ്സുകാരനായ ലൗട്ടാരോ മാർട്ടിനസ്. ഇറ്റാലിയൻ ലീഗിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ഇൻ്റർ മിലാന്റെ ഗോളടി യന്ത്രമാണ് ഈ 25 വയസ്സുകാരൻ. കഴിഞ്ഞവർഷം ഇൻ്റർ മിലാൻ ഇറ്റാലിയൻ ചാമ്പ്യന്മാർ ആകുമ്പോൾ അതിൽ മുഖ്യപങ്ക് വഹിച്ചിട്ടുള്ള താരമാണ് മാർട്ടിനസ്. 49 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളാണ് കഴിഞ്ഞ സീസണിൽ താരം സ്വന്തമാക്കിയത്. ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരത്തിനുള്ള പുരസ്കാരമായ ഗോൾഡൻ ബൂട്ട് നേടാൻ താരത്തിന് സാധ്യത ഏറെയാണ്.