ഖത്തറിൽ മെസ്സിക്ക് തിളങ്ങാനാകുമോ? താരത്തിന്റെ വേൾഡ് കപ്പ് പ്രകടനങ്ങൾ ഇങ്ങനെയാണ് |Lionel Messi

സമീപ വർഷങ്ങളിൽ മുമ്പെങ്ങും കാണാത്ത വിധമുള്ള പ്രതീക്ഷകളോടുകൂടിയാണ് ഇത്തവണത്തെ ഖത്തർ വേൾഡ് കപ്പിനെ അർജന്റൈൻ ആരാധകർ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നത്.ലയണൽ സ്‌കലോണിയുടെ പരിശീലകത്വത്തിൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയിൽ ആരാധകർക്ക് ഇത്തവണ പ്രതീക്ഷകൾ ഏറെയാണ്.കാരണം മറ്റൊന്നുമല്ല,കോപ അമേരിക്കയും ഫൈനലിസിമയും നേടിയ അർജന്റീന വലിയൊരു അൺബീറ്റൻ റണ്ണിലാണ് ഇപ്പോൾ ഉള്ളത്. മെസ്സിയാവട്ടെ അർജന്റൈൻ ജേഴ്സിയിൽ മിന്നും ഫോമിലുമാണ്.

ലയണൽ മെസ്സിയുടെ കരിയറിലെ അഞ്ചാമത്തെ വേൾഡ് കപ്പായിരിക്കും ഖത്തർ വേൾഡ് കപ്പ്. അതുകൊണ്ടുതന്നെ ഇതിനുമുമ്പ് നടന്ന നാല് വേൾഡ് കപ്പുകളിലെ മെസ്സിയുടെ പ്രകടനം ആരാധകർ പരിശോധിക്കുന്ന ഒരു കാര്യമാണ്.2006ലെ വേൾഡ് കപ്പിലാണ് മെസ്സി ആദ്യമായി പങ്കെടുക്കുന്നത്.ഇതുവരെ 19 വേൾഡ് കപ്പ് മത്സരങ്ങളാണ് മെസ്സി ആകെ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 6 ഗോളുകൾ മെസ്സി നേടുകയും ചെയ്തു. മെസ്സിയുടെ വേൾഡ് കപ്പിലെ ഏറ്റവും വലിയ നേട്ടം എന്ന് വിശേഷിപ്പിക്കാവുന്ന 2014 ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരമാണ്. അന്ന് കയ്യെത്തും ദൂരത്താണ് അർജന്റീനക്ക് ആ കനകകിരീടം നഷ്ടമായത്.

2006 വേൾഡ് കപ്പിൽ സെർബിയക്കെതിരെയാണ് മെസ്സി തന്റെ ആദ്യ ഗോൾ നേടുന്നത്.അന്ന് മെസ്സിക്ക് 18 വയസ്സാണ്. അർജന്റീനക്ക് വേണ്ടി വേൾഡ് കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് അന്ന് മെസ്സി നേടി.2010 വേൾഡ് കപ്പിൽ ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞില്ല.ഒരു അസിസ്റ്റ് കുറിച്ചിരുന്നു.മെസ്സിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വേൾഡ് കപ്പ് 2014 ബ്രസീൽ വേൾഡ് കപ്പ് ആയിരുന്നു. ഫൈനൽ വരെ അർജന്റീനയെ നയിക്കാൻ മെസ്സിക്ക് സാധിച്ചു.

ആ വേൾഡ് കപ്പിൽ ഏഴു മത്സരങ്ങൾ കളിച്ച മെസ്സി 4 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. നൈജീരിയക്കെതിരെ 2 ഗോളുകളും ഇറാൻ, ബോസ്നിയ എന്നിവർക്കെതിരെ ഓരോ ഗോളും വീതമാണ് മെസ്സി നേടിയത്.2018ലെ റഷ്യൻ വേൾഡ് കപ്പിൽ അർജന്റീനക്ക് നിരാശയായിരുന്നു ഫലം. നൈജീരിയക്കെതിരെ ഒരു ഗോൾ മാത്രമാണ് മെസ്സി നേടിയത്. ഇതാണ് ഇതുവരെയുള്ള വേൾഡ് കപ്പുകളിലെ മെസ്സിയുടെ പ്രകടനം.

വേൾഡ് കപ്പ് ചരിത്രത്തിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ബാറ്റിസ്റ്റൂട്ടയാണ്. 12 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അത് മറികടക്കണമെങ്കിൽ ഈ ഖത്തർ വേൾഡ് കപ്പിൽ മെസ്സി തിളങ്ങിയേ മതിയാവൂ. എന്നാൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ മെസ്സിക്ക് മികച്ച കണക്കുകൾ അവകാശപ്പെടാൻ ഉണ്ട്.60 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.നിലവിൽ മെസ്സി പ്ലേ മേക്കർ രൂപേണയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ മെസ്സിയിൽ നിന്ന് കൂടുതൽ ഗോളുകളും അസിസ്റ്റുകളുമൊക്കെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Rate this post