വേൾഡ് കപ്പിനുള്ള അർജന്റീന താരങ്ങളെ സ്ക്വാഡിൽ നിന്നും ഒഴിവാക്കി, സാംപോളിക്ക് കയ്യടി
വരുന്ന വേൾഡ് കപ്പിന് ഒരുങ്ങുന്ന എല്ലാ ടീമുകൾക്കും ഏറ്റവും കൂടുതൽ ഭീതി ഉണ്ടാക്കുന്ന കാര്യം പരിക്കുകളാണ്.ക്ലബ്ബ് മത്സരങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്തതിനാൽ പല താരങ്ങൾക്കും ഇപ്പോൾ പരിക്കേൽക്കുന്നുണ്ട്. ഒരുപാട് മികച്ച താരങ്ങൾ വേൾഡ് കപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു.
പരിക്ക് ഈ വേൾഡ് കപ്പിൽ അർജന്റീനക്ക് തന്നെ വില്ലനായിട്ടുണ്ട്. അർജന്റീനയുടെ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ ലോ സെൽസോയെ പരിക്കു മൂലം ടീമിനെ നഷ്ടമായിരുന്നു.ക്ലബ്ബ് മത്സരങ്ങൾ ഇനിയും അവശേഷിക്കുന്നതിനാൽ പരിക്ക് ഭീതി ഇപ്പോഴും അർജന്റീനക്ക് വിട്ടൊഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം.
എന്നാൽ അർജന്റീനക്ക് ആശ്വാസകരമായ ഒരു കാര്യം ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടെ അടുത്ത മത്സരത്തിനുള്ള സ്ക്വാഡിൽ നിന്നും അർജന്റീന താരങ്ങളെ ഇപ്പോൾ പരിശീലകനായ ജോർഗേ സാംപോളി മാറ്റി നിർത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഈ താരങ്ങളുടെ കാര്യത്തിൽ ആശങ്ക വേണ്ട.
സെവിയ്യയുടെ അർജന്റൈൻ താരങ്ങളായ പപ്പു തോമസ്,മാർക്കോസ് അക്കൂന എന്നിവരെയാണ് ഇപ്പോൾ സാംപോളി ഒഴിവാക്കിയിട്ടുള്ളത്. മറ്റൊരു താരമായ ഗോൺസാലോ മോന്റിയെലിന് സസ്പെൻഷനാണ്. മറ്റൊരു അർജന്റീനക്കാരനായ എറിക്ക് ലമേല മാത്രമാണ് ഇപ്പോൾ സെവിയ്യയുടെ സ്ക്വാഡിൽ അർജന്റീനയിൽ നിന്നും ഉള്ളത്.എന്നാൽ അദ്ദേഹം ഖത്തർ വേൾഡ് കപ്പിന് ഇല്ലാത്ത താരമാണ്.
Jorge Sampaoli excludes Argentine World Cup players from Sevilla’s last league game. https://t.co/p1xPJ3VrBN
— Roy Nemer (@RoyNemer) November 9, 2022
2018ലെ റഷ്യൻ വേൾഡ് കപ്പിൽ അർജന്റീനയെ പരിശീലിപ്പിച്ച അർജന്റീനകാരനായ പരിശീലകനാണ് ജോർഗേ സാംപോളി. തീർച്ചയായും അദ്ദേഹം വേൾഡ് കപ്പിനുള്ള അർജന്റീനക്കാർക്ക് ഇളവ് നൽകിയത് അർജന്റീനയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. മാത്രമല്ല പരിക്കിന്റെ പിടിയിലായ താരങ്ങൾ അതിൽ നിന്നും മുക്തി നേടി കൊണ്ട് തിരിച്ച് വരുന്നതും ആശ്വാസകരമായ കാര്യമാണ്.