ഈ സാഹചര്യത്തെ മറികടക്കാനായാൽ അർജന്റീനക്ക് കിരീടം നേടാനാവും: ഇക്വഡോർ കോച്ച് |Qatar 2022
അർജന്റീനയെ സംബന്ധിച്ചിടത്തോളം ഒരു സങ്കീർണമായ സാഹചര്യത്തിലാണ് അവർ ഇപ്പോൾ ഉള്ളത്.തികച്ചും അപ്രതീക്ഷിതമായ രൂപത്തിലുള്ള ഒരു തോൽവി അവർക്ക് ഏൽക്കേണ്ടി വന്നിരുന്നു. ആദ്യ മത്സരത്തിൽ സൗദി അറേബ്യ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജന്റീനയെ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടുകൂടി അർജന്റീനയുടെ സാധ്യതകൾക്ക് വലിയ ഉലച്ചിൽ സംഭവിക്കുകയായിരുന്നു.
ഇനി അർജന്റീനയുടെ അടുത്ത എതിരാളികൾ മെക്സിക്കോയാണ്.കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനെതിരെ മെക്സിക്കോ സമനില വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മെക്സിക്കോയും വിജയത്തിന് വേണ്ടിയുള്ള പോരാട്ടമായിരിക്കും നടത്തുക.അർജന്റീന സംബന്ധിച്ചിടത്തോളം ഈ മത്സരം ജീവൻ മരണ പോരാട്ടമാണ്.ഒരു മികച്ച വിജയം തന്നെ മത്സരത്തിൽ അർജന്റീനക്ക് വേണ്ടത്.
ഇക്വഡോറിന്റെ പരിശീലകനായ ഗുസ്താവോ അൽഫാരോ അർജന്റീനയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഈയൊരു സാഹചര്യത്തെ മറികടക്കാൻ അർജന്റീനക്ക് കഴിഞ്ഞാൽ അർജന്റീന ചാമ്പ്യന്മാരാവാനുള്ള സാധ്യത വരെയുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അർജന്റീനക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുള്ള താരം കൂടിയാണ് ഗുസ്താവോ അൽഫാരോ.
‘ അർജന്റീന ഇപ്പോഴത്തെ കാര്യങ്ങളെ മാറ്റിമറിച്ചാൽ,അവർക്ക് കിരീടം നേടാൻ വരെ സാധിച്ചേക്കാം’ ഇതായിരുന്നു അൽഫാരോ പറഞ്ഞിരുന്നത്. തീർച്ചയായും ഒരു തിരിച്ചടിയിൽ നിന്നും അർജന്റീന കരകയറേണ്ടതുണ്ട്.ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ കഴിയും. അങ്ങനെയാണെങ്കിൽ അത് വലിയ ആത്മവിശ്വാസം നൽകുകയും അതുവഴി മുന്നേറാൻ കഴിയുമെന്ന് തന്നെയാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
Ecuador coach Gustavo Alfaro: "If Argentina can turn this around, they will be in a position to be champions". pic.twitter.com/HYbEkpvUaG
— Roy Nemer (@RoyNemer) November 24, 2022
ലയണൽ സ്‌കലോണിയും സംഘവും സാഹചര്യങ്ങളുടെ ഗതി മാറ്റുമെന്ന് തന്നെയാണ് അർജന്റീന ആരാധകർ പ്രതീക്ഷിക്കുന്നത്. സർവ്വം മറന്ന് കളിക്കുമെന്നാണ് ഒരല്പം മുമ്പ് നടന്ന പ്രസ് കോൺഫറൻസിൽ അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഏതായാലും മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ മികച്ച ഒരു പോരാട്ടം അർജന്റീന നടത്തുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.