‘റൊണാൾഡോയെ ബെഞ്ചിലിരുത്തി ലോകകപ്പ് നേടാൻ കഴിയില്ല’- പോർച്ചുഗൽ പരിശീലകനെതിരെ രൂക്ഷവിമർശനവുമായി ലൂയിസ് ഫിഗോ |Qatar 2022

തന്റെ കരിയറിലെ അവസാനത്തേതാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോകകപ്പിൽ കിരീടം നേടാമെന്ന റൊണാൾഡോയുടെ പ്രതീക്ഷകൾ തകർത്താണ് മൊറോക്കോ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർചുഗലിനെതിരെ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ സ്വിറ്റ്സർലണ്ടിനെതിരെ ആറു ഗോളുകൾ അടിച്ചു കൂട്ടിയ പോർച്ചുഗൽ മുന്നേറ്റനിരയെ മൊറോക്കോ സമർത്ഥമായി തടുത്തു നിർത്തിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് ആഫ്രിക്കൻ ടീം ചരിത്രം കുറിച്ച വിജയം നേടിയത്. ഇതോടെ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം കൂടിയാണ് മൊറോക്കോ സ്വന്തമാക്കിയത്.

റൊണാൾഡോയെ ബെഞ്ചിലിരുത്തി ഇറങ്ങിയ കഴിഞ്ഞ മത്സരത്തിൽ ഗംഭീരപ്രകടനം പോർച്ചുഗൽ കാഴ്‌ച വെച്ചിരുന്നതിനാൽ തന്നെ മൊറോക്കോക്കെതിരെയും താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഒന്നാം പകുതിയിൽ മൊറോക്കോ ലീഡ് നേടിയതിനെ തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് റൊണാൾഡോയെ കളത്തിലിറക്കി. ഭേദപ്പെട്ട പ്രകടനം റൊണാൾഡോ നടത്തിയെങ്കിലും മൊറോക്കോയുടെ പ്രതിരോധപ്പൂട്ടു പൊളിക്കാൻ താരത്തിനും കഴിഞ്ഞില്ല. അതേസമയം മത്സരത്തിനുള്ള ആദ്യ ഇലവനിൽ നിന്നും റൊണാൾഡോയെ ഒഴിവാക്കിയ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെതിരെ രൂക്ഷമായ വിമർശനമാണ് പോർച്ചുഗലിന്റെ ഇതിഹാസതാരമായ ലൂയിസ് ഫിഗോ നടത്തിയത്.

“റൊണാൾഡോയെ ബെഞ്ചിലിരുത്തി നിങ്ങൾക്കൊരു ഫുട്ബോൾ ലോകകപ്പ് വിജയിക്കാൻ കഴിയില്ല. നിങ്ങൾ സ്വിറ്റ്സർലണ്ടിനെതിരെ വിജയിച്ചിരിക്കാം, ശരിയാണ്, നല്ല റിസൾട്ട് തന്നെയായിരുന്നു അത്. പക്ഷെ എല്ലാ മത്സരത്തിലും അതു ചെയ്യാൻ കഴിയുമോ, ഇല്ല. റൊണാൾഡോയെ പുറത്തിരുത്തിയത് വലിയൊരു പിഴവായിരുന്നു. ഈ തോൽവിയുടെ കാരണം ടീം മാനേജ്‌മെന്റും മാനേജരും തന്നെയാണ്.” മത്സരത്തിനു ശേഷം ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന ചാനലായ സ്പോർട്ട്സ് 18നോട് സംസാരിക്കുമ്പോൾ ലൂയിസ് ഫിഗോ പറഞ്ഞു.

മുപ്പത്തിയൊമ്പതിലേക്ക് അടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ഇത് അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ഉറപ്പുണ്ട്. ഈ സീസണിൽ മോശം ഫോമിലായിരുന്നു റൊണാൾഡോക്ക് ലോകകപ്പിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ആദ്യത്തെ മത്സരത്തിൽ പെനാൽറ്റിയിലൂടെ നേടിയ ഒരു ഗോൾ മാത്രമാണ് താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടത്. അതിനു പുറമെ അഞ്ചു ലോകകപ്പിൽ കളിച്ചിട്ടും നോക്ക്ഔട്ട് ഘട്ടത്തിൽ ഒരു ഗോൾ പോലും നേടാനും റൊണാൾഡോക്ക് കഴിഞ്ഞില്ല. താരം പോർച്ചുഗൽ ടീമിൽ നിന്നും വിരമിക്കാനുള്ള സാധ്യതയുണ്ടെന്നും ഇപ്പോൾ റിപ്പോർട്ടുകളുണ്ട്.