“ലയണൽ മെസ്സിയെ നിഷ്പ്രഭമാക്കിയ മിഡ്ഫീൽഡ് ഷോയുമായി ഫാബിഞ്ഞോ’
ഫുട്ബോൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന സൂപ്പർ ക്ലാസിക്കോ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. മത്സരം സമനിലയായതോടെ അർജന്റീന വേൾഡ് കപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ബ്രസീൽ നേരത്തെ തന്നെ ഖത്തറിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.ബ്രസീലും അർജന്റീനയും തമ്മിലുള്ള കളികൾ സാധാരണയായി അവരുടെ ആക്രമണാത്മകതയ്ക്ക് പേരുകേട്ടതാണെങ്കിലും ഇന്നലെ നടന്ന രണ്ട് ദക്ഷിണ അമേരിക്കൻ എതിരാളികൾ തമ്മിലുള്ള കൂടിക്കാഴ്ച ആ നിലവാരത്തിലേക്കുയർന്നില്ല. എസ്റ്റാഡിയോ സാൻ ജുവാൻ ഡെൽ ബിസെന്റനാരിയോയിൽ ഇരുടീമുകളും 0-0ന് സമനിലയിൽ പിരിഞ്ഞപ്പോൾ പിഎസ്ജിയുടെ ലയണൽ മെസ്സി, റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ തുടങ്ങിയ ഉജ്ജ്വല താരങ്ങളേക്കാൾ പ്രതിരോധ താരങ്ങളാണ് വാർത്തകളിൽ ഇടം നേടിയത്.
അർജന്റീനയ്ക്കെതിരെ പിഎസ്ജി താരം ലയണൽ മെസ്സിയെ പൂട്ടിയ പ്രകടനത്തോടെ മധ്യനിരയിൽ തിളങ്ങി നിന്ന ഫാബീഞ്ഞോയെ ബ്രസീലിയൻ മാധ്യമങ്ങൾ വളരെ അധികം പ്രശംസിച്ചു. അർജന്റീനൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ച ലിവർപൂൾ താരം മെസ്സിയെ തന്റെ വരുതിയിലാക്കുകയും ചെയ്തു. മെസ്സി ഫാബിഞ്ഞോയുടെ മാർക്കിൽ കുടുങ്ങിയതോടെ അർജന്റീനിയൻ മുന്നേറ്റങ്ങൾ ഇല്ലാതെയായി. കാസെമിറോയുടെ സസ്പെൻഷനെത്തുടർന്ന് സ്റ്റാർട്ടിംഗ് ലൈൻ അപ്പിൽ ഇടം നേടിയ ഫാബിഞ്ഞോ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു.മധ്യനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡിനൊപ്പം, ഫാബീഞ്ഞോ എതിർ ആക്രമണങ്ങളെ അടച്ചുപൂട്ടുകയും മെസ്സിയുടെ സ്വാധീനം കുറക്കുകയും ചെയ്തു.
ഗെയിമിന് ശേഷം ഫാബീഞ്ഞോയ്ക്ക് ധാരാളം പ്രശംസ ലഭിച്ചതിൽ അതിശയിക്കാനില്ല. സ്പോർട്സ് വിറ്റ്നസ് ” മെസ്സിയെ അസാധുവാക്കിയ താരം ” എന്ന തലകെട്ടാണ് കൊടുത്തത്. ഇന്നലത്തെ മത്സരത്തിൽ ഫാബിഞ്ഞോ ആറു ടാക്കിളുകൾ നടത്തുകയും മധ്യനിരയെ നിയന്ത്രിച്ചു നിർത്തുകയും ചെയ്തു.ഗ്ലോബോ എസ്പോർട്ടും അവരുടെ കവറേജിൽ ഫാബിഞ്ഞോയ്ക്ക് ഏറ്റവും ഉയർന്ന മത്സരാനന്തര റേറ്റിംഗും നൽകി. കൂടുതൽ ഫൗളുകൾ നിറഞ്ഞ കഠിനമായ പോരാട്ടത്തിൽ മിഡ്ഫീൽഡിൽ കരുത്തുറ്റതും ശാരീരികവുമായ ഒരു കളിക്കാരനെ ആവശ്യമായിരുന്നു. ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഫാബീഞ്ഞോ ആയിരുന്നു ആ താരം.
Fabinho 🇧🇷 vs Argentina#EliminatoriasQatar2022 pic.twitter.com/QbaaYs5Gn2
— 🇧🇷 Penta (@pentabrazil) November 17, 2021
മധ്യനിരയിൽ ഉടനീളം ഉറച്ചു നിന്ന ലിവർപൂൾ താരം ക്രഞ്ച് ടാക്കിളുകളിലൂടെ അർജന്റീനയുടെ മുന്നേറ്റങ്ങളെ തുടക്കത്തിലെ തടയുകയും ചെയ്തു.മികച്ച രീതിയിൽ മത്സരം റീഡ് ചെയ്ത ഫാബിഞ്ഞോ അര്ജന്റീന താരങ്ങൾക്ക് ഷൂട്ട് ചെയ്യാനുള്ള ആംഗിളുകൾ അടയ്ക്കുകയും ഷോട്ടുകൾ ശരീരം ഉപയോഗിച്ച തടുക്കുകയും ചെയ്തു.മുൻ റയൽ മാഡ്രിഡ് താരം ഇന്നലത്തെ മത്സരത്തിൽ മൈതാനത്തിലുടനീളം ഉണ്ടായിരുന്നു. അര്ജന്റീനക്കെതിരെ ഫാബിൻജോയുടെ പ്രകടനം കാസീമിറോയുടെ സ്ഥാനത്തിന് വലിയ വെല്ലുവിളി ഉയർത്തും എന്നതിൽ സംശയമില്ല.