കേരളത്തിൽ ഫുട്ബോൾ വളർത്താൻ സഹായം വാഗ്‌ദാനം ചെയ്‌ത്‌ അർജന്റീന |Argentina

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിന് കേരളത്തിലെ ആരാധകർ വലിയ പിന്തുണയാണ് നൽകിയത്. ഇത് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. ലോകകപ്പ് വിജയത്തിനു ശേഷം അർജന്റീന ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് കേരളത്തിന് നന്ദി പറയുകയും ചെയ്‌തിരുന്നു. ഇപ്പോൾ അർജന്റീനയിൽ നിന്നും കേരളത്തിലെ ഫുട്ബോൾ വളർത്താനുള്ള സഹായം കൂടി വന്നിരിക്കുകയാണ്. അർജന്റീന എംബസി ഉദ്യോഗസ്ഥൻ ഫ്രാങ്കോ അഗസ്റ്റിൻ സെനിലിയനി മേൽഷ്യറാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം കേരള ഹൗസിൽ നടന്ന അനുമോദനയോഗത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മെസിക്ക് ഇന്ത്യയിൽ ഒരുപാട് ആരാധകർ ഉണ്ടെങ്കിലും കേരളത്തിലെ ആരാധകർ ഹൃദയം കവർന്നുവെന്നും കേരളത്തിൽ ഫുട്ബോൾ വളർത്താനും കുട്ടികൾക്ക് പരിശീലനം നടത്താനും അർജന്റീന സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ഹൃദയം കൊണ്ട് പിന്തുണ നൽകിയ കേരളത്തിലെ ആരാധകർക്കും മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്‌തു.

കേരളത്തിലെ ഫുട്ബോൾ വളർത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും സഹകരണത്തിനുള്ള സാധ്യതകൾ വിലയിരുത്താനും അർജന്റീന അംബാസിഡറായ ഹ്യൂഗോ ഹാവിയർ ജോബിയും സംഘവും അടുത്തു തന്നെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളിന് പുറമെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ കാര്യങ്ങളിലും കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ അർജന്റീന തേടുന്നുണ്ട്. കേരളത്തിലെ അർജന്റീന ആരാധകരെ കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകഫുട്ബോളിലെ പവ്വർഹൗസുകളിൽ ഒന്നാണ് അർജന്റീന. ആരാധകർ നൽകിയ പിന്തുണ കണ്ട് അവർ കേരളത്തിലെ ഫുട്ബോളിലെ വളർത്താനുള്ള സഹകരണം നൽകാൻ തയ്യാറായാൽ അത് വലിയ നേട്ടമാണ് ഉണ്ടാക്കുക. കേരളത്തിൽ നിന്നും പുതിയ പ്രതിഭകൾ ഉണ്ടായി വരുന്നതിനൊപ്പം ഇന്ത്യയൊന്നാകെ ഇത് പിന്നീട് വ്യാപിപ്പിക്കാനും കഴിയും. ഭാവിയിൽ ലോകകപ്പ് കളിക്കുകയെന്ന ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും ഇത് വഴി വെക്കും.

Rate this post