ലയണൽ മെസ്സി ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല !! ലാ പാസിൽ ബൊളീവിയക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന |Argentina

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ല പാസിൽ നടന്ന മത്സരത്തിൽ അര്ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അര്ജന്റീന ഇന്നിറങ്ങിയത്.

വ്യാഴാഴ്ച ഇക്വഡോറിനെതിരായ 1-0 വിജയത്തിനു ശേഷം മെസ്സിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശീലകൻ സ്കെലോണി വിശ്രമം നൽകിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 പേരായി ചുരുങ്ങിയ ബൊളീവിയയെ അർജന്റീനയെ പരാജയപ്പെടുത്തിയത്.

31 ആം മിനുട്ടിൽ ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് അര്ജന്റീന മുന്നിലെത്തിച്ചു. 39 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ റൊമേറോയ്‌ക്കെതിരെയുള്ള ഫൗളിന് റോബർട്ടോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് കണ്ടത് ബൊളീവിയക്ക് വലിയ തിരിച്ചടിയായി മാറി. 42 ആം മിനുട്ടിൽ ഡി മരിയയുടെ ഫ്രീ കിക്കിൽ നിന്നും ടാഗ്ലിയാഫിക്കോ ഹെഡ്ഡറിൽ നിന്നും നേടിയ ഗോളിൽ അര്ജന്റീന ലീഡ് ഉയർത്തി.ഇടവേളയ്ക്ക് ശേഷം അര്ജന്റീന മത്സരം പൂർണ്ണ നിയന്ത്രണത്തിലാക്കി.

70-ാം മിനിറ്റിൽ അൽവാരസിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി.റോഡ്രിഗോ ഡി പോൾ, ഡി മരിയ എന്നിവരുടെ ഗോൾ ശ്രമങ്ങൾ ഗോൾ കീപ്പർ വിസ്‌കാര രക്ഷപെടുത്തി. 83 ആം മിനുട്ടിൽ നിക്കൊളാസ് ഗോൺസാലസ് അർജന്റീനയുടെ മൂന്നാമത്തെ ഗോൾ നേടി.

4.5/5 - (2 votes)