സബ്സ്റ്റിറ്റൂഷനുകൾ തകർത്ത അർജന്റീനയുടെ വേൾഡ് കപ്പ് സ്വപ്‌നങ്ങൾ |FIFA World Cup| Argentina
ഒരു ഫുട്ബോൾ മത്സരത്തിൽ മാനേജർ സ്വന്തം ടീമിനെ എപ്പോഴെങ്കിലും തോൽപ്പിച്ചു എന്നത് നമുക്ക് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ 2006 വേൾഡ് കപ്പിൽ ബെർലിനിൽ നടന്ന അർജന്റീന-ജർമ്മനി ക്വാർട്ടർ ഫൈനലിൽ അങ്ങനെയൊരു കാര്യം നടന്നു. മികച്ചൊരു നിരയുമായിട്ടായിരുന്നു അർജന്റീന ലോകകപ്പിനെത്തിയത്. യുവത്വവും. പരിചയസമ്പത്തും ഒരു പോലെ ചേർന്നൊരു ടീമിനെയാണ് പരിശീലകൻ ഹോസെ പെക്കർമാൻ ജർമനിയിലെത്തിച്ചത്.
ഐവറി കോസ്റ്റ് ,സെർബിയ ,ഹോളണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ് സിയിലായിരുന്നു അർജന്റീനയുടെ സ്ഥാനം. ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനെ ഹെർനൻ ക്രെസ്പോ, സാവിയോള എന്നിവരുടെ ഗോളിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു. രണ്ടാം മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ ആദ്യ വേൾഡ് കപ്പ് ഗോൾ പിറന്നത് ഈ മത്സരത്തിൽ ആയിരുന്നു. മൂന്നാമത്തെ മത്സരത്തിൽ ഹോളണ്ടിനോട് ഗോൾ രഹിത സമനില വഴങ്ങി.
പ്രീ ക്വാർട്ടറിൽ അധിക സമയം വരെ നീണ്ട പോരാട്ടത്തിനോടുവിൽ മാക്സി റോഡ്രിഗസിന്റെ ലോങ്ങ് റേഞ്ച് ഗോളിൽ മെക്സിക്കോയെ കീഴടക്കി ക്വാർട്ടറിൽ സ്ഥാനം നേടി. ക്വാർട്ടറിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 49 ആം മിനുട്ടിൽ റോബർട്ടോ അയാളുടെ ഹെഡ്ഡർ ഗോളിൽ അര്ജന്റീന മുന്നിലെത്തി. ഗോൾ വീണതോടെ മത്സരം അർജന്റീനക്ക് അനുകൂലമായി മാറുകയും ചെയ്തു.പരിക്കേറ്റ റോബർട്ടോ അബോണ്ടാൻസിയേരിക്ക് വേണ്ടി റിസർവ് ഗോൾകീപ്പർ ലിയനാർഡോ ഫ്രാങ്കോയെ കൊണ്ടുവരാൻ തന്റെ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ ഉപയോഗിക്കാൻ നിർബന്ധിതനായ മാനേജർ ജോസ് പെക്കർമാന്റെ രണ്ടാമത്തെ ഒരു തലതിരിഞ്ഞ സബ്സ്റ്റിറ്റ്യൂഷൻ മത്സരത്തിന്റെ ഗതിയെ തന്നെ ആകെ മാറ്റിമറിച്ചു.
72 ആം മിനുട്ടിൽ സ്റ്റാർ പ്ലേ മേക്കർ ജുവാൻ റൊമാൻ റിക്വൽമെക്ക് പകരം കാമ്പിയാസോയെ ഇറക്കി. എന്നാൽ പരിശീലകനറെ അമിത ആത്മവിശ്വാസം ജർമനിക്ക് ഗുണമായി തീരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ലയണൽ മെസ്സി ,പാബ്ലോ അയ്മർ എന്നിവർ ബെഞ്ചിൽ ഇരിക്കുമ്പോളാണ് പരിശീലകൻ കാംബിയാസോയെ മൈതാനത്ത് ഇറക്കുന്നത്.79-ാം മിനിറ്റിൽ വന്ന പെക്കർമാന്റെ മൂന്നാമത്തെയും അവസാനത്തെയും സബ്സ്റ്റിറ്റിയൂഷനിലൂടെ ഒരു അബദ്ധം കൂടി വന്നു.ഹെർണാൻ ക്രെസ്‌പോയെ മാറ്റിസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പെക്കർമാന് തോന്നിയത് എന്തുകൊണ്ടാണെന്നത് ഒരു നിഗൂഢതയാണ് .
പകരമെത്തിയത് സാവിയോളയോ മെസ്സിയോ ആയിരുന്നില്ല ജൂലിയോ ക്രൂസ് ആയിരുന്നു.മാനേജർക്ക് ലഭ്യമായ ഓപ്ഷനുകളിൽ ഏറ്റവും മോശമായ പകരക്കാരനായിരുന്നു ഇന്റർ മിലൻ സ്‌ട്രൈക്കർ. വിജയം പ്രതീക്ഷിച്ചിരുന്ന അർജന്റീനക്ക് തിരിച്ചടിയായി 80 ആം മിനുട്ടിൽ മിറോസ്ലോവ് ക്ലൊസ് ജർമനിയെ ഒപ്പമെത്തിച്ച് മത്സരം അധിക സമയത്തേക്ക് കൊണ്ട് പോയി.
ക്രെസ്‌പോ, റിക്വൽമി, മെസ്സി, സാവിയോള, ഐമർ എന്നിവർ ഇല്ലാതെ എക്സ്ട്രാ ടൈമിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി.കംബിയാസോയും ,അയാളയും ഷൂട്ട് ഔട്ടിൽ കിക്കുകൾ പാഴാക്കിയപ്പോൾ ജർമനി സെമിയിലേക്ക് മുന്നേറി.അവസാനം സാധ്യമായ ഏറ്റവും പരിഹാസ്യമായ രീതിയിൽ അർജന്റീന പുറത്തായി അവരുടെ എല്ലാ മികച്ച കളിക്കാരും ബെഞ്ചിൽ നിന്ന് നിസ്സഹായരായി നോക്കിനിന്നു.