എല്ലാം ഉള്ളിൽ സൂക്ഷിച്ച് കളിക്കളത്തിൽ പ്രതികാരം ചെയ്യുന്നവരാണ് അർജന്റീനക്കാർ : നെതർലാന്റ്സിനെതിരെയുള്ള മത്സരത്തെക്കുറിച്ച് ഡി മരിയ  പറയുന്നു

ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ മത്സരം അർജന്റീനയും നെതർലാൻഡ്സും തമ്മിലുള്ള മത്സരമായിരുന്നു. രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന അർജന്റീന ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്നു. പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ അവിശ്വസനീയമായ രീതിയിൽ നെതർലാന്റ്സ്‌ തിരിച്ചുവരികയായിരുന്നു.

എന്നിരുന്നാലും എമിലിയാനോ മാർട്ടിനസ് അർജന്റീനയുടെ രക്ഷകനായ തോടുകൂടി അവർ സെമിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.മാത്രമല്ല നിരവധി അനിഷ്ട സംഭവങ്ങൾ ആ മത്സരത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നു.മെസ്സിയും വാൻ ഗാലും മുഖാമുഖം വന്നിരുന്നു. മാത്രമല്ല വെഗോസ്റ്റുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൂടാതെ കളിക്കളത്തിനകത്ത് തന്നെ വാൻ ഡൈക്ക് ഉൾപ്പെടെയുള്ളവർ മോശമായ രീതിയിൽ പെരുമാറുകയും ചെയ്തിരുന്നു.

ഇതേക്കുറിച്ച് ഡി മരിയ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കളിക്കളത്തിൽ അല്ല, മറിച്ച് മത്സരത്തിനു മുന്നേയുള്ള പ്രസ് കോൺഫറൻസ് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത് എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. മാത്രമല്ല എല്ലാം ഉള്ളിൽ സൂക്ഷിച്ച്, എനർജി സംഭരിച്ച് കളിക്കളത്തിൽ അത് പുറത്തെടുക്കുന്നവരാണ് അർജന്റീനക്കാരെന്നും ഡി മരിയ പറഞ്ഞിട്ടുണ്ട്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു താരം.

‘ എല്ലാം കളിക്കളത്തിനകത്താണ് തുടങ്ങിയത് എന്നാണ് തോന്നുക, പക്ഷേ അങ്ങനെയല്ല.മത്സരത്തിന് മുന്നേയുള്ള പത്ര സമ്മേളനത്തിൽ തന്നെ ആരംഭിച്ചിരുന്നു. അവർ പറഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരു മുള്ള് തറച്ചിരുന്നു. അത് മത്സരത്തിനുശേഷം ഞങ്ങൾ നീക്കം ചെയ്തു.എല്ലാം ഉള്ളിൽ സൂക്ഷിച്ച് എനർജി സംഭരിച്ച് കളിക്കളത്തിൽ പുറത്തെടുത്ത് പ്രതികാരം ചെയ്യുന്നവരാണ് അർജന്റീനക്കാർ.റഫറി 10 മിനിറ്റ് അധികമായി നൽകി, 10 സെക്കൻഡ് മാത്രം അവശേഷിച്ച സമയത്ത് അനാവശ്യ ഫൗൾ നൽകിക്കൊണ്ട് ഞങ്ങളെ ആശയ കുഴപ്പത്തിലാക്കി. അങ്ങനെ ആ മത്സരത്തിൽ ഉടനീളം വിചിത്രമായ സംഭവങ്ങളാണ് ഉണ്ടായത് ‘ ഡി മരിയ പറഞ്ഞു.

നെതർലാന്റ്സ്‌ വെല്ലുവിളി അതിജീവിച്ച അർജന്റീന അനായാസം ക്രൊയേഷ്യയെ സെമിയിൽ മറികടക്കുകയായിരുന്നു. പിന്നീട് ഫൈനലിൽ ഫ്രാൻസും വെല്ലുവിളി ഉയർത്തിയെങ്കിലും അർജന്റീന അതും അതിജീവിച്ചുകൊണ്ട് കിരീടം നേടുകയായിരുന്നു.

Rate this post