ആശ്വാസവാർത്ത: അത്ലറ്റികോ മാഡ്രിഡ്‌ നാളെ ലിസ്ബണിലെക്ക് യാത്ര തിരിക്കും.

കുറച്ചു മുമ്പായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്. ഇതോടെ വലിയ രീതിയിലുള്ള ആശങ്കയായിരുന്നു പരന്നിരുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരം തൊട്ട് മുൻപിലെത്തി നിൽക്കുന്ന ഈ സമയത്ത് കൂടുതൽ പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചാൽ ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളെ ബാധിച്ചേക്കും എന്നായിരുന്നു ആശങ്ക. എന്നാൽ ആശങ്കകളെ തട്ടി മാറ്റി കൊണ്ട് ആശ്വാസവാർത്ത വന്നിരിക്കുന്നു. രാവിലെ സ്ഥിരീകരിച്ച രണ്ട് താരങ്ങൾക്കൊഴികെ മറ്റാർക്കും രോഗബാധയില്ലെന്ന് അത്ലറ്റികോ മാഡ്രിഡ്‌ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഈ രണ്ട് താരങ്ങളുടെ പേര് രാവിലെ പുറത്ത് വിട്ടിരുന്നില്ലെങ്കിലും ക്ലബ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. എയ്ഞ്ചൽ കൊറിയ, Sime Vrsalijko എന്നീ താരങ്ങൾക്കാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് അത്ലറ്റികോ മാഡ്രിഡ്‌ അറിയിച്ചു. തുടർന്ന് വീണ്ടും ടീം ഒന്നടങ്കം കോവിഡ് പരിശോധനക്ക് വിധേയരാവുകയായിരുന്നു. ഇതിൽ ആർക്കും തന്നെ പോസിറ്റീവ് ആവാത്തതാണ് വലിയ തോതിൽ ആശ്വാസം നൽകുന്ന വാർത്ത.

പരിശോധനഫലം പുറത്ത് വന്നതോടെ, ഉച്ചക്ക് തന്നെ അത്ലറ്റികോ താരങ്ങൾ പരിശീലനം പുനരാരംഭിച്ചു. കോവിഡ് ബാധിച്ച ഇരുവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇരുവരും ടീമിനൊപ്പം ലിസ്ബണിലെക്ക് വരില്ലെന്നും അറിയിച്ചിട്ടുണ്ട്. നാളെയായിരിക്കും ടീം ലിസ്ബണിലെക്ക് യാത്ര തിരിക്കുക. വ്യാഴാഴ്ച്ചയാണ് മാഡ്രിഡ്‌ ആർബി ലെയ്പ്സിഗിനെ ക്വാർട്ടർ ഫൈനലിൽ നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം അരങ്ങേറുക. അതേസമയം മുൻ പദ്ധതിയിട്ട പോലെ തന്നെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലുകൾ നടക്കുമെന്ന് യുവേഫയും അറിയിച്ചിട്ടുണ്ട്. തുടക്കത്തിൽ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത് യുവേഫക്കിടയിലും വലിയ തോതിൽ ആശങ്ക പരത്തിയിരുന്നു.

Rate this post
Atletico Madriduefa champions league