❝പെറുവിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ കീഴടക്കി ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ച് ഓസ്ട്രേലിയ❞ |Qatar 2022
ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന 31 മത്തെ ടീമായി മാറി ഓസ്ട്രേലിയ. ഇന്നലെ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേഓഫിൽ അധിക സമയത്തിന് ശേഷം 0-0ന് സമനില വഴങ്ങിയതിനെ തുടർന്ന് ഷൂട്ടൗട്ടിൽ പെറുവിനെ 5-4ന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ യോഗ്യത ഉറപ്പാക്കിയത്.
തുടർച്ചയായ അഞ്ചാമത്തെ വേൾഡ് കപ്പിനാണ് ഓസ്ട്രേലിയ യോഗ്യത നേടിയത്.അവസാന പെനാൽറ്റി രക്ഷപ്പെടുത്തിയ പകരക്കാരനായ ഗോൾകീപ്പർ ആൻഡ്രൂ റെഡ്‌മെയ്‌ൻ ആണ് ഓസ്‌ട്രേലിയക്ക് ഈ വർഷത്തെ ഖത്തർ ലോകകപ്പിൽ ഇടം നേടി കൊടുത്തത്. പ്ലേ ഓഫ് ഫൈനലിൽ പെറുവും ഓസ്ട്രേലിയയും തുടക്കം മുതൽ ഒപ്പത്തിനൊപ്പം ആണ് നിന്നത്. ഇരു ടീമുകൾക്കും അതിനിർണായക മത്സരം ആയത് കൊണ്ട് തന്നെ വളരെ കരുതലോടെയും ഭയത്തോടെയുമാണ് ഇരു ടീമുകളും കളിച്ചത്. ആദ്യ 90 മിനുട്ടിൽ അതുകൊണ്ട് തന്നെ ഒരു ഗോളും പിറന്നില്ല. ഒരു ഗോൾ എന്നല്ല നല്ല ഒരു അവസരം പോലും പിറന്നില്ല. ആകെ ഓസ്ട്രേലിയ 87ആം മിനുട്ടിൽ സൃഷ്ടിച്ച അവസരം മാത്രമായിരുന്നു ഗോളായേക്കുമെന്ന ചെറിയ പ്രതീക്ഷ എങ്കിലും തന്നത്.
കളി എക്സ്ട്രാ ടൈമിലേക്ക് പോയപ്പോൾ ആദ്യ പകുതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. 105 മിനുട്ടുകൾ കഴിഞ്ഞപ്പോഴും സ്കോർ 0-0. രണ്ടാം പകുതിയിൽ ഫ്ലൊറസിന്റെ ഒരു ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത് പെറുവിന് നിരാശ നൽകി.അവസാനം 120 മിനുട്ടും കഴിഞ്ഞപ്പോൾ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്. ആൻഡ്രു റെഡ്മെയ്നെ മാറ്റ് റയാന് പകരം പെനാൾട്ടി തടയാൻ ആയി ഓസ്ട്രേലിയ ഇറക്കി.ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ആദ്യ കിക്ക് തന്നെ നഷ്ടമായി. ഗലാസെയുടെ മികച്ച സേവ് പെറുവിന് പ്രതീക്ഷ നൽകി. പക്ഷെ പെറു മൂന്നാമത്തെ കിക്ക് നഷ്ടപ്പെടുത്തിയതോടെ പെനാൾട്ടിയിൽ സ്കോർ 2-2 എന്നായി.
Australia just beat Peru in penalties to go to the World Cup and the keeper's reaction was amazing. 😂
— Tim and Friends (@timandfriends) June 13, 2022
(📹: @bubbaprog) pic.twitter.com/yggXNVifyC
അഞ്ചു പെനാൾട്ടി കഴിഞ്ഞപ്പോൾ 4-4 എന്ന നിലയിൽ ആയി. സഡൻ ഡെത്തിൽ ആൻഡ്രു റെഡ്മെയ്ൻ ഓസ്ട്രേലിയയുടെ ഹീറോ ആയി.അലക്‌സ് വലേരയുടെ കിക്ക് തടഞ്ഞ് ഓസ്‌ട്രേലിയക്ക് അർഹമായ വിജയം നൽകുകയും ചെയ്തു.ഹോൾഡർമാരായ ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ എന്നിവർക്കൊപ്പം ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഓസ്ട്രേലിയ കളിക്കുക.ഇന്ന് കോസ്റ്ററിക്കയും ന്യൂസിലൻഡും അവരുടെ ഇന്റർ കോണ്ടിനെന്റൽ പ്ലേഓഫിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ ഫൈനലിലെ അവസാന സ്ഥാനം തീരുമാനിക്കും.