ചെൽസിയിൽ മാറ്റങ്ങൾ അവസാനിക്കുന്നില്ല, പിഎസ്‌ജിയെ അഴിച്ചു പണിത സ്പോർട്ടിങ് ഡയറക്ടർക്കായി ശ്രമമാരംഭിച്ചു

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി മാറ്റങ്ങൾക്കു വിധേയമായ ക്ലബാണ് പിഎസ്‌ജി. കഴിഞ്ഞ സീസണിലെ തിരിച്ചടികളെ മറികടക്കാൻ പരിശീലകനെയും സ്പോർട്ടിങ് ഡയറക്ടറേയും പുറത്താക്കിയ അവർ സ്പോർട്ടിങ് ഡയറക്ടറായി ലൂയിസ് കാംപോസിനെയാണ് നിയമിച്ചത്. ലൂയിസ് കാമ്പോസ് ടീമിലെത്തിയതിനു പിന്നാലെ പുതിയ പരിശീലകനായി ക്രിസ്റ്റഫെ ഗാൾട്ടിയറെ നിയമിച്ച പിഎസ്‌ജി നിരവധി പുതിയ താരങ്ങളെ ടീമിലെത്തിക്കുകയും തങ്ങളുടെ പദ്ധതികളില്ലാത്ത താരങ്ങളെ മറ്റു ക്ലബുകളിലേക്ക് നൽകുകയും ചെയ്‌തു.

ലൂയിസ് കാമ്പോസ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നടത്തിയ ഇടപെടലുകൾ പിഎസ്‌ജിക്ക് അനുകൂലമായി വന്നുവെന്ന് ഈ സീസണിലെ അവരുടെ പ്രകടനം തെളിയിക്കുന്നു. സീസൺ ആരംഭിച്ചതിനു ശേഷം ഇതുവരെ ഒരു മത്സരം പോലും പിഎസ്‌ജി തോറ്റിട്ടില്ല. ക്രിസ്റ്റഫെ ഗാൾട്ടിയറുടെ പദ്ധതികൾ വളരെ കൃത്യമായി, ഒത്തിണക്കത്തോടെ നടപ്പിലാക്കാൻ കഴിവുള്ള ഒരു ടീമിനെ നൽകാൻ ഒകമ്പോസിനു കഴിഞ്ഞുവെന്നത് വ്യക്തം. ടീമിന്റെ പ്രകടനത്തിലും ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്നുണ്ട്.

കാമ്പോസ് പിഎസ്‌ജിയിലെത്തി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിനായി പ്രീമിയർ ലീഗ് ക്ലബായ ചെൽസി ശ്രമങ്ങൾ തുടങ്ങിയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസ് റിപ്പോർട്ടു ചെയ്യുന്നത്. തോമസ് ടുഷെലിനെ പുറത്താക്കി ഗ്രഹാം പോട്ടറെ പുതിയ പരിശീലകനായി നിയമിച്ച ചെൽസി അദ്ദേഹത്തിനൊപ്പം ചേർന്ന് ടീമിന്റെ പദ്ധതികൾ നടപ്പിലാക്കാൻ പുതിയ സ്പോർട്ടിങ് ഡയറക്ടറെ തേടുമ്പോൾ ക്ലബ് ഉടമയായ ടോഡ് ബോഹ്‍ലിയുടെ മുന്നിലെ പ്രഥമ പരിഗണന ലൂയിസ് കാമ്പോസിനാണ്.

ടോഡ് ബോഹ്‍ലി ചെൽസിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെ ആ സമയത്തെ സ്പോർട്ടിങ് ഡയറക്റ്ററായ മറീന ഗ്രാനോവ്സ്ക്കിയ പുറത്തു പോയിരുന്നു. അതിനു ശേഷം ബോഹ്‍ലി തന്നെയാണ് ഡയറക്ടർ സ്ഥാനത്തു നിന്ന് ക്ലബിന്റെ ട്രാൻസ്‌ഫർ നടപടിക്രമങ്ങൾ ചെയ്‌തിരുന്നത്‌. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമുയർന്ന തുകയ്ക്കു താരങ്ങളെ സ്വന്തമാക്കിയ ക്ലബും ചെൽസിയാണ്.

ഗ്രഹാം പോട്ടറിനെ നിയമിച്ചതിനു ശേഷം ലൂയിസ് കാമ്പോസിനെ കൂടി നോട്ടമിടുക വഴി തങ്ങളുടെ ദീർഘകാല പദ്ധതികൾ ചെൽസി ആവിഷ്‌കരിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ടീമായി ചെൽസിയെ മാറ്റുകയെന്നതു തന്നെയാണ് ബോഹ്‍ലിയുടെ ലക്‌ഷ്യം. ഇതിനായി യൂറോപ്പിൽ ഫീഡർ ക്ലബുകളെ വാങ്ങാൻ ചെൽസിക്ക് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Rate this post