“ഗോളടിക്കുന്നവർക്ക് ആഘോഷിക്കാമെങ്കിൽ അത് തടുക്കുന്നവർ ആഘോഷിച്ചാൽ എന്താണ് കുഴപ്പം”- എമിലിയാനോ മാർട്ടിനസ് ചോദിക്കുന്നു

ഖത്തർ ലോകകപ്പിന് ശേഷം ഒട്ടനവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. അർജന്റീന കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച താരം ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയെങ്കിലും അതിനു ശേഷം താരം നടത്തിയ ആഘോഷങ്ങളും ഫ്രഞ്ച് താരമായ എംബാപ്പെക്ക് നേരെ നടത്തിയ അധിക്ഷേപങ്ങളുമാണ് വിമർശനങ്ങൾക്ക് കാരണമായി തീർന്നത്.

ഫൈനലിൽ ഷൂട്ടൗട്ടിൽ അക്ഷരാർത്ഥത്തിൽ എമിലിയാനോ ഹീറോ തന്നെയായിരുന്നു.ഫ്രഞ്ച് താരങ്ങൾക്കെതിരെ തന്റെ മൈൻഡ് ഗെയിം പുറത്തെടുത്ത എമിലിയാനോ കോമൻ, ഷുവാമേനി എന്നിവർ കിക്ക് നഷ്‌ടമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. അതിലൊരു കിക്ക് നഷ്‌ടപ്പെടുത്തിയപ്പോൾ താരം നടത്തിയ ഡാൻസിംഗ് സെലിബ്രെഷൻ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. കഴിഞ്ഞ ദിവസം അതേക്കുറിച്ച് താരം സംസാരിച്ചു.

“അവനെന്തൊരു കോമാളിയാണെന്ന് പലരുമപ്പോൾ ചിന്തിച്ചിട്ടുണ്ടാകും, അവർക്കത് ചിലപ്പോൾ ശരിയായ കാര്യവുമായിരിക്കാം. പക്ഷെ നിങ്ങൾ നോക്കിയാൽ ഞാനെന്റെ കരിയറിൽ വളരെ നിർണായകമായ നിമിഷങ്ങളിൽ മാത്രമാണ് ദേശീയ ടീമിനൊപ്പം ആഘോഷിച്ചിട്ടുള്ളത്. എല്ലാ മത്സരങ്ങളിലും ഞാൻ ആഘോഷിച്ചിട്ടില്ല, ചില പ്രത്യേക നിമിഷങ്ങളിൽ മാത്രമാണ് അത് സംഭവിച്ചിരിക്കുന്നത്.”

“അതേസമയം മുന്നേറ്റനിര താരങ്ങളെ നോക്കുകയാണെങ്കിൽ അവർക്ക് എപ്പോൾ വേണമെങ്കിലും ആഘോഷം നടത്താം, അവർ ചിലപ്പോൾ ഗോളുകൾ നമ്മളുടെ മുഖത്ത് നോക്കി തന്നെയാവും ആഘോഷിക്കുക. എന്നാൽ ഒരു ഗോൾകീപ്പർ എന്തെങ്കിലും കാണിക്കുകയോ അല്ലെങ്കിൽ ഡാൻസ് ചെയ്യുകയോ ചെയ്‌താൽ അതെല്ലാവർക്കും ആശ്ചര്യമാണ്. എന്തുകൊണ്ടാണങ്ങിനെ സംഭവിക്കുന്നത്.” എമിലിയാനോ ചോദിച്ചു.

അതേസമയം ലോകകപ്പ് ഗോൾഡൻ ഗ്ലൗ ഏറ്റു വാങ്ങിയതിന് ശേഷം നടത്തിയ ലൈംഗികച്ചുവയുള്ള ആഘോഷത്തിന്റെ കാര്യത്തിൽ എമിലിയാനോ മാർട്ടിനസ് തന്റെ പശ്ചാത്താപം പ്രകടിപ്പിച്ചു. മെസിയടക്കമുള്ള താരങ്ങൾ അക്കാര്യത്തിൽ തനിക്ക് മുന്നറിയിപ്പ് നൽകിയെന്നും ഇനിയൊരിക്കലും അങ്ങിനെ ആഘോഷം നടത്തില്ലെന്നും താരം വ്യക്തമാക്കി.

Rate this post