‘പുതു താരപ്പിറവി’ : ലോകകപ്പിലെ മികച്ച യുവ താരമായി മാറിയ എൻസോ ഫെർണാണ്ടസ് |Enzo Fernandez |

2022 ലോകകപ്പിലെ മികച്ച യുവതാരമായി അർജന്റീനയുടെയും ബെൻഫിക്കയുടെയും മധ്യനിര താരം എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു. അർഹിച്ച പുരസ്‌കാരം തന്നെയാണ് യുവ താരം കരസ്ഥമാക്കിയത്. ഖത്തറിൽ അർജന്റീനയുടെ ഏഴ് കളികളിലും ബെൻഫിക്ക താരം കളിക്കുകയും ചെയ്തു.

മിഡ്ഫീൽഡർ ലോ സെൽസോ പരിക്കേറ്റ് പുറത്ത് പോയപ്പോൾ പകരം ആദ്യ ടീമിലേക്ക് തെരഞ്ഞെടുക്കപെട്ട എൻസോ തന്റെ തെരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്.ജൂഡ് ബെല്ലിംഗ്ഹാം, ഗോങ്കലോ റാമോസ്, ഔറേലിയൻ ചൗമേനി എന്നിവരെയാണ് എൻസോ പരാജയപ്പെടുത്തിയത്. സെപ്റ്റംബറിൽ മാത്രമാണ് യുവതാരം തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.എന്നാൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ മെക്സിക്കോയ്‌ക്കെതിരായ വിജയത്തിൽ ബെഞ്ചിൽ നിന്ന് ഇറങ്ങി നേടിയ ഗോൾ താരത്തിന് സ്കെലോണിയുടെ ആദ്യ ഇലവനിൽ സ്ഥാനം നേടിക്കൊടുത്തു.

മെക്സിക്കോയ്‌ക്കെതിരായ 2-0 വിജയത്തിൽ അർജന്റീനയുടെ രണ്ടമത്തെ ഗോൾ ആണ് താരം നേടിയത്.സെൻട്രൽ മിഡ്ഫീൽഡറായ 21 കാരനായ ഫെർണാണ്ടസ് 87-ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്നും ബോക്സിന്റെ വലതു വശത്തു നിന്നും മനോഹരമായ കർവിങ് ഷോട്ടിലൂടെ മെക്സിക്കൻ കീപ്പർ ഒച്ചാവോയെ മറികടന്ന് വലയിലാക്കി.2006 ലെ ലയണൽ മെസ്സിക്ക് ശേഷം അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എൻസോ ഫെർണാണ്ടസ്. “എനിക്ക് എൻസോയെ നന്നായി അറിയാം, ചാമ്പ്യൻസ് ലീഗിൽ എനിക്കെതിരെ കളിച്ചിട്ടുണ്ട്. അദ്ദേഹം അത് അർഹിക്കുന്നു, കാരണം എൻസോ മികച്ചൊരു യുവ പ്രതിഭയും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്”ഫെർണാണ്ടസിനെ പ്രശംസിച്ച്‌ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പറഞ്ഞു.

ടച്ചുകൾ (118), വിജയകരമായ പാസുകൾ (77), ടാക്കിളുകൾ (10) എന്നിവ ഫൈനലിൽ ഫെർണാണ്ടസ് നേടുകയും ചെയ്തു.2006-ൽ ജെന്നാരോ ഗട്ടൂസോയ്ക്ക് (15 ) ശേഷം ലോകകപ്പ് ഫൈനലിലെ ഏറ്റവും കൂടുതൽ ടാക്കിളുകൾ ചെയ്ത കളിക്കാരനാണ് എൻസോ (10 ).2022 സെപ്റ്റംബറിൽ ഹോണ്ടുറാസിനെതിരായ 3-0 വിജയത്തിൽ പകരക്കാരനായാണ് ഫെർണാണ്ടസ് അർജന്റീനയ്ക്ക് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.അർജന്റീനിയൻ ക്ലബ് റിവർ പ്ലേറ്റിലെ അക്കാദമി ബിരുദധാരിയാണ്.

മറ്റൊരു അർജന്റീനിയൻ ക്ലബായ ഡിഫെൻസ വൈ ജസ്റ്റിസിയയ്ക്ക് വേണ്ടി ലോണിൽ രണ്ട് സീസണുകൾ കളിക്കുന്നതിന് മുമ്പ് 2019 ൽ സീനിയർ ടീമിനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഡിഫെൻസ വൈ ജസ്റ്റീഷ്യയ്‌ക്കൊപ്പം ഫെർണാണ്ടസ് കോപ്പ സുഡാമേരിക്കാനയും റെക്കോപ സുഡാമേരിക്കാനയും നേടി.കഴിഞ്ഞ വര്ഷം റിവർ പ്ലേറ്റിൽ നിന്ന് 10 മില്യൺ യൂറോയ്ക്ക് ($ 9.7 മില്യൺ) ആണ് താരം ബെൻഫിക്കയിൽ ചേർന്നത്.21 വയസ്സ് മാത്രം പ്രായമുള്ള ഫെർണാണ്ടസിന് ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് പ്രതിഭകളിൽ ഒരാളാകാൻ കഴിയുമെന്ന് ഒരു സീസൺ കൊണ്ട് തെളിയിച്ചിരിക്കുകയാണ്.

ബെൻഫിക്കയുടെ മുൻ കാല താരങ്ങളായ ഡാർവിൻ ന്യൂനസ്, എയ്ഞ്ചൽ ഡി മരിയ, റൂബൻ ഡയസ്, എഡേഴ്സൺ എന്നിവരുടെ പാദ പിന്തുടർന്ന് വലിയ ക്ലബിലേക്കുള്ള യാത്രയിലാണ് എൻസോ.തന്റെ മികച്ച നിശ്ചയദാർഢ്യവും, പന്ത് കൈവശം വെക്കുന്നതിൽ കഴിവും, വിഷനും , പാസിങ്ങിലെ കഴിവും കൊണ്ട് മധ്യനിരയിൽ തനിക്ക് വിവിധ വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഫെർണാണ്ടസ് ഇതിനകം തെളിയിച്ചിട്ടുണ്ട്.അടുത്തിടെ പോർച്ചുഗീസ് ലീഗിൽ റിയോ അവനുവിനെതിരായ ഒരു മത്സരത്തിൽ 90 മിനിറ്റും ഒരു പാസ് പോലും തെറ്റിക്കാതെ കളിക്കുകയും ചെയ്തു.

ഈ സീസണിൽ 90 മിനിറ്റിൽ 100+ പാസുകൾ പൂർത്തിയാക്കിയ രണ്ടു കളിക്കാരിൽ ഒർലാണ് എൻസോ.100.3 ആണ് എൻസോ ഫെർണാണ്ടസിന്റെ ഈ സീസണിലെ പാസ്സുകളുടെ ശരാശരി.യുവേഫ ചാമ്പ്യൻസ് ലീഗിൽ പാരീസ് സെന്റ് ജെർമെയ്നിനെതിരായ രണ്ടു മത്സരങ്ങളിലെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

Rate this post