‘ലോകകപ്പുള്ള ലിയോ’ : ലയണൽ മെസ്സിയെ ഇനി എന്ത് പറഞ്ഞ് വിമർശിക്കും ? |Lionel Messi

തന്റെ പതിനേഴു വർഷത്തിലേറെ നീണ്ടു നിൽക്കുന്ന ഇതിഹാസ കരിയറിൽ നേടാവുന്നതെല്ലാം സ്വന്തമാക്കിയ താരമായിരുന്നു ലയണൽ മെസ്സി. ബാഴ്സയ്ക്കൊപ്പവും പിഎസ്ജിക്കൊപ്പവും ക്ലബ് തലത്തിലും അർജന്റീനക്കൊപ്പം ഗോൾ സ്കോറിങ്ങിലും മെസ്സി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. എന്നാൽ എതിരാളികൾ എന്നും മെസ്സിയെ വിമര്ശിക്കുന്നതിന്റെ ഒരു കാരണം ദേശീയ ടീമിനൊപ്പം ഒരു കിരീടം ഇല്ല എന്നതിനാലായിരുന്നു.

ഹേറ്റേഴ്സ് മാത്രമല്ല സ്വന്തം ജനത പോലും മെസ്സിയെ വിമർശിച്ചിരുന്നത് ഒരേയൊരു കാര്യത്തിന്റെ പേരിലായിരുന്നു. ക്ലബ്ബിന് കളിക്കുന്ന പോലെ മെസ്സി രാജ്യത്തിനു വേണ്ടി കളിക്കുന്നില്ല എന്നതായിരുന്നു .സ്വന്തം ജനതയ്ക്ക് മുന്നിൽ പോലും വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ മെസ്സിയെ ഏറെ വിഷമിപ്പിച്ച കാര്യവും ഇതുതന്നെയായിരുന്നു.എന്നാൽ കഴിഞ്ഞ വര്ഷം കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെയുള്ള വിജയത്തോടെ അതിനു അവസാനമിടുകയും ചെയ്തിരുന്നു .തുടർച്ചയായുള്ള ഫൈനലിലെ തോൽവികളിൽ മനസ്സ് മടുക്കാത്ത വിട്ടു കൊടുക്കാത്ത പോരാളിയെ പോലെ പൊരുതി നേടിയ ഈ കോപ്പ കിരീടത്തിനു മധുരം കുറച്ചു കൂടുതൽ തന്നെയാണ്.

കാല്പന്തിനു മാത്രമായൊരു നീതിയുണ്ട് എത്ര വൈകിയാലും ആ നീതി നടപ്പിലാകുക തന്നെ ചെയ്യും വേറൊരു ഗെയിമിനും അവകാശപെടാൻ ആകാത്ത ഒന്നാണത്. എന്നാൽ അതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ മെസ്സി തയ്യാറായിരുന്നില്ല. കോപ്പ കഴിഞ്ഞ് ഒരു വര്ഷത്തിനു ഉള്ളിൽ വീണ്ടും ഇറ്റലിയെ പരാജയപ്പെടുത്തി ഫൈനലിസിമ കിരീടവും മെസ്സി സ്വന്തമാക്കി. എന്നാൽ അതുകൊണ്ടൊന്നും വിമർശകർ അടങ്ങിയിരുന്നില്ല. ലയണൽ മെസ്സിക്ക് വേൾഡ് കപ്പ് ഉണ്ടോ എന്ന ചോദ്യവുമായി അവർ രംഗത്തെത്തി. ഏത് കിരീടവും നേടിയിട്ട് കാര്യമില്ല ഇതിഹാസങ്ങളുടെ കൂടെയെത്തണമെങ്കിൽ വേൾഡ് കപ്പ് നേടണം എന്ന കാര്യത്തിൽ വിമർശകർ ഒറ്റകെട്ടായി നിന്നു.ഇന്നലെ രാത്രി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ കിരീടമുയർത്തിയതോടെ ഇനി എന്ത് ചോദ്യം ഉന്നയിക്കും എന്ന തിരച്ചിലിലാണ് വിമർശകർ.

മെസ്സിയുടെ കരിയറിന് പൂർണത കൈവരാൻ ഒരു ലോകകിരീടത്തിന്റെ ആവശ്യമുണ്ടായിരുന്നോ ഇല്ല എന്ന് കളിപ്രേമികൾ ഒന്നടങ്കം ഒന്നിച്ചുറപ്പിച്ചുപറഞ്ഞിരുന്നു. എന്നാൽ തനിക്കെതിരെ ഒരു ചോദ്യവും അവശേഷിക്കരുതെന്ന നിർബന്ധം മെസ്സിക്കുണ്ടായിരുന്നു.വിമർശനങ്ങൾ കാറ്റിൽപറത്തി എതിരാളികളെ കൊണ്ട് കയ്യടിപ്പിച്ച ചരിത്രം അത് ലയണൽ മെസ്സിക്ക് മാത്രം അവകാശപ്പെട്ടതാണ്. എട്ടു വര്ഷം മുൻപ് ബ്രസീലിലെ റിയോ ഡി ജെനിറോയിലുള്ള മാറക്കാന സ്റ്റേഡിയത്തിൽ അവസാന നിമിഷം കയ്യിൽ നിന്നും വഴുതി പോയ കിരീടം ഖത്തറിൽ നെടുമ എന്ന വാശി മെസ്സിയിൽ ഇപ്പോഴും ഉണ്ടായിരുന്നു. എക്കാലത്തെയും മികച്ചവൻ എന്ന ചർച്ചയിൽ വേൾഡ് കപ്പിന്റെ കാര്യത്തിൽ മെസ്സി ഇപ്പോഴും പുറകോട്ട് പോയിരുന്നു. വേൾഡ് കപ്പ് കിരീട ധാരണത്തോടെ ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത താരമായി മെസ്സി മാറിയിരിക്കുകയാണ്.തോൽവികളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് മെസ്സി 35 ആം വയസ്സിൽ തന്റെ സ്വപ്നം നേടിയെടുത്തത്.

തുടർച്ചയായ ഫൈനലുകളിലെ തോൽവികൾ മെസ്സിയിൽ വലിയ ആഘാതമേല്പിച്ചു. 2007ലെ കോപ അമേരിക്ക ഫൈനൽ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനൽ. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു.2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനൽ ആയിരുന്നു മെസ്സിയുടെ രണ്ടാമത്തെ ഫൈനൽ. അന്ന് ഗോട്സെയുടെ ഏക ഗോൾ മെസ്സിയിൽ നിന്നും അർജന്റീനയിൽ നിന്നും കിരീടം തട്ടിയെടുത്തു. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നിൽ കോപ അമേരിക്ക ഫൈനലുകളിലും അർജന്റീനയും മെസ്സിയും പരാജയപ്പെട്ടു. ചിലിക്ക് എതിരായ പെനാൾട്ടി മിസ്സും മെസ്സിക്ക് മറക്കാനാകില്ല. ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോൾ പോലും നേടിയിരുന്നില്ല.

നിരാശയും സങ്കടവും ദേഷ്യവുമെല്ലാം കൂടി ആ മനസിൽ അലയടിച്ച ഒരു നിമിഷത്തിൽ ഇനി അർജന്റീനയുടെ ജേഴ്സി അണിയില്ല എന്നയാൾ പ്രഖ്യാപിച്ചു.അന്നത്തെ അർജന്റൻ പ്രസിഡന്റടക്കം മെസിയോട് തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടു. അധികം വൈകാത തന്നെ മെസിയുടെ മനസുമാറി. പല ലക്ഷ്യങ്ങളും നേടാൻ കളിക്കളത്തിലേക്ക് മടങ്ങുയെത്തി.എന്നാൽ തിരിച്ചു വരവിലും കാര്യങ്ങൾ മാറിയില്ല .2018 വേൾഡ് കപ്പിൽ പ്രീ ക്വാർട്ടറിൽ ഫ്രാൻസിന് മുന്നിൽ കീഴടങ്ങി പുറത്ത് പോയി. 2019 ലെ കോപ്പ സെമി ഫൈനലിൽ അവർ ബ്രസീലിനു മുന്നിൽ കീഴടങ്ങുകയും ചെയ്തു. എന്നാൽ ആ തോൽവിക്ക് ശേഷം ലയണൽ സ്കെലോണിയുടെ നേതൃത്വത്തിൽ പുതിയൊരു അർജന്റീനയെ ആണ് കാണാൻ സാധിച്ചത്.

2018 ലെ റഷ്യ ലോകകപ്പിന് ശേഷം ജോർജ് സാംപോളിക്ക് പകരക്കാരനായാണ് സ്കെലോണി അര്ജന്റീന പരിശീലകനായി എത്തുന്നത്.ലയണൽ സ്‌കലോനിയുടെ കീഴിലുള്ള ടീമെന്ന നിലയിൽ അർജന്റീന മികച്ച പ്രകടനമാണ് നടത്തിയത്. അതിനാൽ, ഈ കാലഘട്ടത്തെ ‘സ്കലോനെറ്റ’ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റ അർജന്റീന പിന്നീട് പരാജയപ്പെട്ടത് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെയാണ്. സ്കെലോണിയുടെ കാലഘട്ടത്തിലെ ലയണൽ മെസ്സിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. സൂപ്പർ താരത്തിന്റെ അര്ജന്റീന ജേഴ്സിയിലെ ഏറ്റവും മികച്ച പ്രകടനം കാണാൻ കഴിഞ്ഞത് ഈ കാലത്തായിരുന്നു.

സൂപ്പർ താരം ലയണൽ മെസ്സിയെ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നേറിയ സ്കെലോണി അത്ഭുതങ്ങൾ കാണിക്കുന്നത് കാണാൻ സാധിച്ചു. കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു. അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിലാണ് നമുക്ക് കാണാൻ സാധിച്ചത് . അതിന്റെ ഫലമായിരുന്നു കോപ്പ അമേരിക്ക . ഫൈനലിസിമ ലോകകപ്പ് കിരീടങ്ങൾ.

ഡീപോൾ , ഡി സെൽസോ , എമിലിയാണോ മാർട്ടിനെസ് ,താഗ്ലിഫിയോ , നിക്കോ മാർട്ടിനെസ് , റോമെറോ… തുടങ്ങിയ താരങ്ങളെ തേച്ചു മിനിക്കിയെടുത്ത പരിശീലകൻ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ അര്ജന്റീന ജേഴ്സിയിൽ കാണിച്ചു തരുകയും ചെയ്തു.കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും എമിലിയാണോ മാർട്ടിനെസിന്റെ പ്രകടനം ഇതിനൊരു വലിയ ഉദാഹരണമാണ്. മുന്നേറ്റനിരയുടെ കരുതിനൊപ്പം പ്രതിരോധത്തിലെ മികവും എടുത്തു പറയേണ്ടതാണ്. ലയണൽ മെസ്സിയെ മുൻനിർത്തിയുള്ള പദ്ധതികളാണ് സ്കെലോണി എപ്പോഴും ആവിഷ്കരിച്ചത്. അത് മെസ്സിയിൽ നിന്നും ഏറ്റവും മികച്ച പ്രകടനം ലഭിക്കാനും കാരണമായി.

Rate this post