യൂറോ 2020 ചാമ്പ്യന്മാർ, 2022 വേൾഡ് കപ്പ് കളിക്കാൻ ഉണ്ടാവില്ലെ?

ചാമ്പ്യൻഷിപ്പിലെ ഏറ്റവും ശക്തമായ നിരയുമായിട്ടാണ് ഇറ്റലി യൂറോ 2020 ത്തിൽ എത്തിയത്.മികച്ച പ്രകടനത്തോടെ അവർ കിരീടം നേടുകയും ചെയ്തു.എന്നാൽ യുറോക്ക് ശേഷമുള്ള അടുത്ത മാസങ്ങളിൽ അവരുടെ പ്രകടന നിലവാരം താഴേക്ക് പോയി.ഉദാഹരണത്തിന്, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അവരുടെ അവസാന നാല് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് അവർ രേഖപ്പെടുത്തിയത്. യുവേഫ നേഷൻസ് ലീഗിന്റെ സെമിയിൽ സ്‌പെയിനിനോടും ഇറ്റലി പരാജയപ്പെട്ടിരുന്നു.

രണ്ട് വർഷത്തോളം തോൽവിയില്ലാതെ 37 മത്സരങ്ങൾ പൂർത്തിയാക്കി ലോകറെക്കോർഡ് സ്വന്തമാക്കിയ ടീമിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലവിലെ ഫോം ആശങ്കാജനകമാണ്. റോബർട്ടോ മാൻസിനിയുടെ ടീമിന്റെ സമീപകാല മത്സരങ്ങളിലെ പ്രകടനം അത്ര മികച്ചതല്ലായിരുന്നു.വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡുമായുള്ള അവരുടെ 1-1 സമനില ഖത്തറിലെ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു.

സ്വിറ്റ്‌സർലൻഡിനെതിരെ 11 മത്തെ മിനിറ്റിൽ ഒകഫോറിന്റെ പാസിൽ നിന്നു ബോക്സിന് പുറത്തുള്ള അതുഗ്രൻ അടിയിലൂടെ വലത് ബാക്ക് സിൽവാൻ വിഡ്മറിലൂടെ സ്വിസ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്.അവിടെ നിന്ന്, അസ്സൂറി നിയന്ത്രണം ഏറ്റെടുക്കുകയും വലിയ തോതിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. എന്നിരുന്നാലും ലക്ഷ്യത്തിലെത്താൻ മാത്രം സാധിച്ചിരുന്നില്ല . എന്നാൽ 36 മത്തെ മിനിറ്റിൽ ഇൻസിഗിനിയുടെ ബുദ്ധിപൂർവ്വമായ ഒരു ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ലോറൻസോ ഇറ്റലിക്ക് ആയി സമനില ഗോൾ നേടി.89 മത്തെ മിനിറ്റിൽ മത്സരം തീരാൻ മിനിറ്റുകൾ ഉള്ളപ്പോൾ ബെറാർഡിയെ ബോക്‌സിൽ വീഴ്ത്തിയ ഗാർസിയ പെനാൽട്ടി വഴങ്ങി. വാറിലൂടെ ആണ് ഇറ്റലിയുടെ പെനാൽട്ടി അനുവദിക്കപ്പെട്ടത്. എന്നാൽ പെനാൽട്ടി എടുത്ത ജോർജീന്യോ അത് പോസ്റ്റിനു മുകളിലൂടെ പറത്തിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സിയിൽ ഇറ്റലി രണ്ടാം സ്ഥാനത്ത് തുടരുന്നു, ഗോൾ വ്യത്യാസത്തിൽ സ്വിറ്റ്‌സർലൻഡ് മുന്നിലാണ്.അടുത്തതായി നോർത്തേൺ അയർലൻഡിനെതിരെയുള്ള നിർണായകമായ അവസാന ഗ്രൂപ്പ് മത്സരവും അസൂറിക്ക് ഉണ്ട്, ഒരു വിജയം നേടിയാൽ പോലും യോഗ്യത ഉറപ്പാക്കാൻ പര്യാപ്തമായേക്കില്ല. യൂറോയിൽ നമ്മൾ കണ്ട ഇറ്റലിയിൽ നിന്നും വളരെ അകലെയാണ് ഇപ്പോഴുള്ള ടീം.ടീം നിലവിൽ സ്ഥിരതയ്ക്കായി പാടുപെടുകയാണ്.

യൂറോ കിരീടം നേടിയതു മുതൽ ഇറ്റലിയുടെ ഫോം മങ്ങി തുടങ്ങിയതാണ്. അടുത്ത മത്സരത്തിൽ മികച്ച വിജയം നേടിയാലും ലോക കപ്പിലേക്ക് ടിക്കറ്റ് കിട്ടാൻ പ്ലെ ഓഫ് കളിക്കേണ്ടി വരും. പ്രത്യേകിച്ച് സ്വിട്സര്ലാന്ഡ് ഗ്രൂപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുമ്പോൾ. കഴിഞ്ഞ മത്സരത്തിൽ ജോർജിഞ്ഞോ നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് വലിയ വില തന്നെ കൊടുക്കേണ്ടി വരുമെന്നുറപ്പാണ്.