ഡബിൾ ഹാട്രിക്കടിക്കാൻ സമ്മതിക്കാതെ ഹാലൻഡിനെ പിൻവലിച്ചതെന്തിന്, വിചിത്രമായ മറുപടിയുമായി ഗ്വാർഡിയോള

ലീപ്‌സിഗിനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹാലാൻഡിന്റെ തേരോട്ടമാണ് കണ്ടത്. മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഏഴു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അൻപത്തിയേഴു മിനുട്ടായപ്പോഴേക്കും താരം അഞ്ചു ഗോളുകൾ നേടിയിരുന്നു. ഗുൻഡോഗൻ, കെവിൻ ഡി ബ്രൂയ്ൻ എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റു രണ്ടു ഗോളുകൾ നേടിയത്.

അതേസമയം നോർവീജിയൻ താരത്തെ ആറു ഗോളുകൾ അടിക്കാൻ സമ്മതിക്കാതെ പെപ് ഗ്വാർഡിയോള പിൻവലിച്ചത് മത്സരത്തിന് ശേഷം ചോദ്യങ്ങൾ ഉയർത്തിയിരുന്നു. അഞ്ചു ഗോളുകൾ നേടിയ താരത്തെ അറുപത്തിമൂന്നാം മിനുട്ടിൽ തന്നെ പെപ് പിൻവലിച്ചിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ആറു ഗോളുകൾ നേടുന്ന ആദ്യതാരമെന്ന റെക്കോർഡ് ഹാലാൻഡിനു സ്വന്തമാക്കാനായില്ല.

മത്സരത്തിന് ശേഷം ഡബിൾ ഹാട്രിക്ക് അടിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ തനിക്കെന്താണ് ചെയ്യാൻ കഴിയുകയെന്നും ഹാലാൻഡ് പറഞ്ഞിരുന്നു. അതേസമയം ഒരു ഗോൾ കൂടി നേടാൻ സമ്മതിക്കാതെ ഹാലൻഡിനെ പിൻവലിച്ചതിനു വിചിത്രമായ കാരണമാണ് മത്സരത്തിന് ശേഷം പെപ് ഗ്വാർഡിയോള പറഞ്ഞത്.

“ഇരുപത്തിമൂന്നാം വയസിൽ തന്നെ ആ നേട്ടം സ്വന്തമാക്കുന്നത് ബോറായിരിക്കും. ഇപ്പോൾ താരത്തിനൊരു ലക്ഷ്യമുണ്ട്, അതിനാണ് ഞാൻ പകരക്കാരനെ ഇറക്കിയത്. ലെവർകൂസനെതിരെയുള്ള മെസിയെക്കുറിച്ച് എനിക്കറിയില്ല. എന്നാൽ മത്സരം തീരുമ്പോൾ എല്ലാ താരങ്ങൾക്കും വേണ്ടത്ര മിനുട്ടുകൾ ലഭിക്കണമെന്ന് ഞാൻ ഉറപ്പാക്കേണ്ടതുണ്ട്.” ഗ്വാർഡിയോള പറഞ്ഞു.

മത്സരത്തിൽ അഞ്ചു ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായി ഹാലാൻഡ് മാറിയിരുന്നു. ഇതിനു മുൻപ് ലയണൽ മെസി, ലൂയിസ് അഡ്രിയാനോ എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ മുപ്പതു ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഹാലാൻഡ് സ്വന്തമാക്കിയിരുന്നു.

4.7/5 - (34 votes)