ഖത്തർ ലോകകപ്പിലെ ആശ്ചര്യപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ലയണൽ മെസി |Qatar 2022

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പിന്നിട്ടപ്പോൾ തന്നെ നിരവധി അട്ടിമറികൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഒരു ടീമും ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും വിജയിക്കാതിരുന്ന ടൂർണമെൻറിൽ ഏതാനും ടീമുകൾ മാത്രമേ തോൽവിയറിയാതെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയുള്ളൂ. അർജൻറീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങി നിരവധി വമ്പൻ ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ തോൽവി നേരിട്ടു. പല വമ്പൻ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോവുകയും ചെയ്തു.

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടൽ മുൻ ലോകചാമ്പ്യന്മാരായ ജർമനി ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോയതാണ്. ജപ്പാനെതിരെ തോൽവിയോടെ തുടങ്ങി സ്പെയിനെതിരെ സമനിലയും വഴങ്ങിയ ടീം അവസാന മത്സരത്തിൽ കോസ്റ്ററിക്കക്കെതിരെ വിജയം നേടിയെങ്കിലും ഗോൾ വ്യത്യാസത്തിൽ സ്പെയിനു പിന്നിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ആദ്യ റൗണ്ടിൽ പുറത്തു പോകുന്നത്.

ലോകകപ്പിൽ നിന്നുള്ള ജർമനിയുടെ പുറത്താകൽ എല്ലാവരെയും പോലെ തന്നെയും വളരെയധികം അത്ഭുതപ്പെടുത്തിയെന്നാണ് അർജൻറീന നായകനായ ലയണൽ മെസി പറയുന്നത്. “യുവതാരങ്ങളും കരുത്തുറ്റ ടീമുമുള്ള ജർമനി എല്ലായിപ്പോഴും മികച്ചവരിൽ ഒരാളാണ്. അവർ ഒരിക്കൽക്കൂടി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയത് എന്നെ ആശ്ചര്യപ്പെടുത്തി.” ലയണൽ മെസി പറഞ്ഞു.

ജർമനിയെപ്പോലെ തന്നെ ആദ്യത്തെ മത്സരത്തിൽ അപ്രതീക്ഷിതമായ തോൽവി അർജന്റീന വഴങ്ങിയെങ്കിലും പിന്നീട് നടന്ന രണ്ടു കളിയിലും വിജയം നേടിയ അവർ പ്രീ ക്വാർട്ടറിലെത്തി അവിടെ ഓസ്ട്രേലിയയെയും കീഴടക്കി ക്വാർട്ടർ ഫൈനലിൽ ഇടം നേടിയിട്ടുണ്ട്. ലയണൽ മെസിയുടെ തകർപ്പൻ പ്രകടനത്തിന്റെ കൂടി പിൻബലത്തിൽ ക്വാർട്ടറിൽ എത്തിയ ടീമിന് നെതർലൻഡ്സാണ് എതിരാളികൾ.

Rate this post