ലയണൽ മെസിയുടെ മാസ്മരിക പ്രകടനത്തിൽ സ്വയം മറന്നു പോയെന്ന് ഓസ്ട്രേലിയൻ പരിശീലകൻ |Qatar 2022

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിൽ ഒന്നാണ് ലയണൽ മെസി ഓസ്ട്രേലിയക്കെതിരെ നടത്തിയത്. ഓസ്ട്രേലിയയുടെ പ്രതിരോധക്കോട്ട തകർത്ത് അർജൻറീന ടീമിന്റെ ആദ്യത്തെ ഗോൾ നേടിയ താരം രണ്ടാം പകുതിയിൽ എതിർടീമിന്റെ പ്രതിരോധത്തെ മുഴുവൻ പിച്ചിയെറിയുന്ന പ്രകടനമാണ് നടത്തിയത്. ലഭിച്ച അവസരങ്ങൾ സഹതാരങ്ങൾക്ക് കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രണ്ട് അസിസ്റ്റുകൾ കൂടി മെസിയുടെ പേരിൽ ഉണ്ടാകുമായിരുന്നു.

ഓസ്ട്രേലിയക്കെതിരായ മെസിയുടെ പ്രകടനത്തെ നിരവധി പേർ പ്രശംസിച്ചിരുന്നു. ഇപ്പോൾ ഓസ്ട്രേലിയൻ പരിശീലകൻ ഗ്രഹാം അർനോൾഡും താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു രംഗത്തെത്തി. മെസിയുടെ പ്രകടനത്തിൽ മതിമറക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും മറഡോണക്കെതിരെ കളിച്ചിട്ടുള്ള തനിക്ക് മെസിക്കെതിരെ ടീമിനെ ഇറക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

“എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മെസി. അതിനാൽ തന്നെ മെസിയെക്കണ്ട് മതി മറക്കരുതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ, അതിനു കഴിഞ്ഞില്ല. അസാധാരണ താരമാണ് അദ്ദേഹം. മറഡോണക്കെതിരെ കളിച്ചിട്ടുള്ള എനിക്ക് മെസിക്കെതിരെ ടീമിനെ ഇറക്കാനുള്ള ഭാഗ്യമുണ്ടായി. ഇത്രയും മികച്ച കഴിവുള്ള താരങ്ങളെ ലഭിച്ചതിൽ അർജൻറീനക്ക് അഭിമാനിക്കാം.” ഗ്രഹാം അർനോൾഡ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ ഇറങ്ങി കരിയറിലെ ആയിരം മത്സരങ്ങൾ മെസി പൂർത്തിയാക്കി. ലോകകപ്പിൽ അടുത്ത ഘട്ടത്തിലേക്കു മുന്നേറാൻ ഹോളണ്ടാണ് അർജന്റീനക്ക് എതിരാളികൾ. യുഎസ്എയെ മൂന്നു ഗോളുകൾക്കു തകർത്ത് ക്വാർട്ടറിലെത്തിയ ഡച്ച് പടക്കെതിരെയും മെസി മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Rate this post