ലോറൻസോ ഇൻസൈൻ : ❝ ഇറ്റാലിയൻ മുന്നേറ്റ നിരയിലെ ചാട്ടുളി ❞

ഇറ്റാലിയൻ ഫുട്ബോളിനെ വേണമെങ്കിൽ രണ്ടു ഘട്ടനങ്ങളായി തിരിക്കാം. 2018 നു മുൻപും ശേഷവും. കാരണം അസൂറികളിൽ അത്രയും വലിയ മാറ്റങ്ങൾ നമുക്ക് പ്രഥമദൃഷ്ട്യാ കാണാനായി സാധിക്കും. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരായ ആധികാരികമായ ജയത്തോടെ സെമിയിൽ പ്രവേശിച്ച ഇറ്റലി കിരീടം ഉറപ്പിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇന്നലത്തെ മത്സരം അവരുടെ തോൽവി അറിയാതെയുള്ള 32 മത്തെ ആയിരുന്നു .2018 സെപ്തംബര്‍ 10നാണ് ഇറ്റലി അവസാനമായി തോല്‍വി അറിഞ്ഞത്.35 തുടര്‍ ജയങ്ങള്‍ സൃഷ്ടിച്ച ബ്രസീലിന്റേയും സ്‌പെയ്‌നിന്റേയും പേരിലാണ് ഇവിടെ ലോക റെക്കോര്‍ഡ് തകർക്കാനുളള ശ്രമത്തിലാണ് അവർ.

ബെൽജിയത്തിനെയുള്ള മത്സരത്തിൽ ഇറ്റാലിയൻ നിരയിൽ ഏറെ തിളങ്ങി നിന്ന താരമാണ് നാപോളി സ്‌ട്രൈക്കർ ലോറെൻസോ ഇൻസൈൻ. ഇടതു വിങ്ങിൽ ചാട്ടുളി പോലെ കുതിക്കുന്ന 30 കാരൻ സ്‌ട്രൈക്കർ എപ്പോഴും ബെൽജിയം പ്രതിരോധത്തിൽ തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെറി എയിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനക്കാരിൽ ഒരാള് കൂടിയാണ് ഇൻസൈൻ. പെർട്ടനോപ്പിയുടെ താരതമ്യേന കുറഞ്ഞ പ്രൊഫൈൽ കാരണം നാപോളി നായകന് അദ്ദേഹത്തിന്റെ കഴിവുകൾക്ക് അർഹമായ അംഗീകാരങ്ങൾ ലഭിക്കുന്നില്ല എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ് . 2018 ലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇറ്റാലിയൻ പരിശീലകൻ ജിയാൻ പിയേറോ വെൻചുറ ഗോൾ ആവശ്യമുള്ളപ്പോൾ പോലും ഇൻസൈനെ ബെഞ്ചിൽ നിന്നും കളിക്കളത്തിൽ ഇറക്കിയിരുന്നില്ല. എന്നാൽ അതിനു ശേഷം ഇൻസൈനെ ഇല്ലാത്ത ഇറ്റാലിയൻ ടീം സങ്കൽപ്പിക്കാൻ സാധിക്കാത്തതായി മാറി.

എന്നാൽ ഈ യൂറോയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഇൻസൈൻ മാറിയിരിക്കുകയാണ്. തന്റെ ഉയരക്കുറവിനെ വേഗത കൊണ്ടും, സ്കിൽ കൊണ്ടും മറികടക്കുന്ന താരം തുർക്കിക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി വരവറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലും പ്രീ ക്വാർട്ടറിലും ഇറ്റാലിയൻ വിജയങ്ങളിൽ താരത്തിന്റെ പങ്ക് വലുതായിരുന്നു. നിർണായക മത്സരങ്ങളിൽ എന്നും കഴിവ് തെളിയിച്ചിട്ടുള്ള 30 കാരൻ ബെൽജിയത്തിനെതിരെയും അത് തെളിയിച്ചു. 44 ആം മിനുട്ടിൽ ബോക്‌സിന് പുറത്ത് നിന്നും തൊടുത്തു വിട്ട മനോഹരഹരമായ ഷോട്ട് ഗോൾ കീപ്പർ കോർട്ടോയിസിനു ഒരു അവസരവും കൊടുക്കാതെ വലയിൽ കയറിയത് യൂറോ കപ്പിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചയായി മാറി.

ഇൻസൈൻ പിച്ചിൽ ഉണ്ടായിരുന്ന സമയമത്രയും ഇടത് ഭാഗത്ത് നിന്ന് കളി നിയന്ത്രിക്കുകയായിരുന്നു. ഇറ്റലിയുടെ ഏറ്റവും മികച്ച നീക്കങ്ങളെല്ലാം അദ്ദേഹത്തിന്റെ മാന്ത്രിക പാദങ്ങളിലൂടെ ആയിരുന്നു.താരത്തിന്റെ നീക്കങ്ങൾ ക്രോസ്സുകളായും, പാസുകളായും, ലോങ്ങ് റേഞ്ച് ഷോട്ടുകളായും എതിർ ബോക്സിൽ എത്തികൊണ്ടേയിരുന്നു. ഇൻസൈനിന്റെ ബ്രില്ലിയൻസിനെ മറികടക്കാൻ ബെൽജിയത്തിന്റെ പ്രതിരോധം നന്നേ പാടുപെട്ടു.മൈതാനത്തെ മിക്കവാറും എല്ലാ ഇറ്റാലിയൻ കളിക്കാരിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച ഇൻസൈൻ ഇന്നലത്തെ മികച്ച താരമായി മാറി. സ്പെയിനെതിരെയുള്ള സെമിയിൽ അവരുടെ പാസിംഗ് ഗെയ്മിനെ ഇൻസൈനിന്റെ വിങ്ങിലൂടെയുള്ള വേഗതയുള്ള മുന്നേറ്റത്തിലൂടെ മറികടക്കാനാവും ഇറ്റലി ശ്രമിക്കുക. താരത്തിന്റെ ഫോം സെമിയിൽ വളരെ നിർണായകമായി തീരും.