“ഇറ്റാലിയൻ സിരി എയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്റർ മിലാൻ,കിരീട പോരാട്ടം കൂടുതൽ കഠിനമാവുന്നു “| Serie A |Inter Milan |Ac Milan
ഇറ്റാലിയൻ സിരി എയിൽ ഒരു മത്സരം കഴിയുന്തോറും കിരീട പോരാട്ടം കൂടുതൽ കഠിനമാവുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ എംപോളിയെ 4-2 നു പരാജയപ്പെടുത്തി ഇന്റർ മിലാൻ എ സി മിലാനെ മറികടന്നു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മത്സരത്തിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് ഇന്റർ മിലാൻ മത്സരത്തിൽ ജയം കണ്ടത്.
ഇന്ററിനായി അർജന്റീന സ്ട്രൈക്കർ ലൗട്ടാരോ മാർട്ടീനസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, അലക്സി സാഞ്ചസ് ഇഞ്ചുറി ടൈമിൽ സ്‌കോർ ചെയ്തു. ഒന്ന് സെൽഫ് ഗോളായിരുന്നു.36 മത്സരങ്ങൾ കളിച്ച ഇന്റർ മിലാന് രണ്ട് മത്സരങ്ങൾ മാത്രം അവശേഷിക്കെ ഇപ്പോൾ 78 പോയിന്റുണ്ട്. മൂന്ന് മത്സരങ്ങൾ ഇനിയും കളിക്കാനുള്ള എ സി മിലാന് നിലവിൽ 77 പോയിന്റാണുള്ളത്. എ സി മിലാന്റെ അടുത്ത മത്സരം ഞായറാഴ്ച വെറോണയ്ക്ക് എതിരെയാണ്.കാഗ്ലിയാരി, സാംപ്‌ടോറിയ എന്നിവരെയാണ് ഇന്ററിന് ശേഷിക്കുന്ന മത്സരങ്ങളിൽ നേരിടാനുള്ളത്.വെറോണ , അറ്റ്ലാന്റ , സാസോളാ എന്നിവരെയാണ് മിലാണ് ലീഗിൽ ഇനി നേരിടാൻ ഉള്ളത്.
ഇന്നലെ നടന്ന മത്സരത്തിൽ മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ന്ദ്രയ പിനമൗണ്ടിയിലൂടെ എംപോളി ലീഡ് നേടി. ഇന്ററിനെ വീണ്ടും ഞെട്ടിച്ച് കൊണ്ട് 28 ആം മിനുട്ടിൽ ക്രിസ്റ്റിയൻ അസ്‌ലാനി എംപോളിയുടെ രണ്ടമ്മ ഗോളും നേടി. എന്നാൽ പ്രതീക്ഷകൾ കൈവിടാതെ പൊരുതിയ ഇന്റർ 40 ആം മിനുട്ടിൽ എമ്പോളി താരം സിമോൺ റോമഗ്നോലിയുടെ സെൽഫ് ഗോളിൽ ഇന്റർ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. വിട്ടു കൊടുക്കാതെ ഗോളിനായി പൊരുതി കളിച്ച ഇന്റർ ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ സമനില ഗോൾ കണ്ടെത്തി.ഹകൻ ചാഹനോലുവിന്റെ പാസിൽ നിന്നും അർജന്റീനിയൻ സ്‌ട്രൈക്കർ ലാറ്റൂരോ മാർട്ടിനെസാണ് ഗോൾ നേടിയത്. 64 ആം മിനുട്ടിൽ ബരെല്ലയുടെ ക്രോസിൽ നിന്നും മാർട്ടിനെസ് ഗോൾ നേടി ഇന്ററിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ ഗോൾ നേടി അലെക്സിന് സാഞ്ചേസ് ഇന്ററിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യുവന്റസിന് അപ്രതീക്ഷിത തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജനോവയാണ് യുവന്റസിനെ കീഴടക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 48 ആം മിനുട്ടിൽ പോളോ ഡിബാലയിലൂടെ യുവന്റസ് മുന്നിലെത്തി. എന്നാൽ 87 ആം മിനുട്ടിൽ ആൽബർട്ട് ഗുഡ്മണ്ട്സൺ ജനോവയെ ഒപ്പമെത്തിച്ചു.ഇഞ്ച്വറി സമയത്ത് അവസാന നിമിഷം പെനാൽറ്റിയിൽ നിന്നും ഡൊമെനിക്കോ ക്രിസ്സിറ്റോ ജനോവയെ വിജയത്തിൽ എത്തിച്ചു.സീരി എയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവക്ക് ജയം ആശ്വാസം നൽകുന്നതാണ്. ജയത്തോടെ 36 കളികളിൽ നിന്നു 28 പോയിന്റുകളും ആയി അവർ 19 സ്ഥാനത്ത് നിൽക്കുകയാണ്. ഒരു പോയിന്റ് വ്യത്യാസം മാത്രം ആണ് അവർക്ക് 17 സ്ഥാനക്കാരും ആയിട്ടുള്ളത്. 36 മത്സരങ്ങളിൽ നിന്നും 69 പോയിന്റുമായി യുവന്റസ് നാലാം സ്ഥാനത്താണ്.