“ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്; അതൃപ്തി അറിയിച്ച് വുകൊമാനോവിച്ച്”

ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രകടനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് സന്തുഷ്ടി പ്രകടിപ്പിച്ചു.ജോർജ് പെരേര ഡയസ് (62′),ഇരുപത് മിനിറ്റുകൾക്ക് ശേഷം അൽവാരോ വാസ്‌ക്വസ് (82′) ഒരു അമ്പരപ്പിക്കുന്ന ലോംഗ് റേഞ്ച് ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ലീഡ് ഇരട്ടിയാക്കി. മൊഹമ്മദ് ഇർഷാദിലൂടെ (90+6′) ഹൈലാൻഡേഴ്‌സ് ഒരു ഗോൾ മടക്കിയെങ്കിലും തിരിച്ചുവരവിന് അത് പര്യാപ്തമായില്ല.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് 13 കളികളിൽ നിന്ന് 23 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക്. ടേബിൾ ടോപ്പർമാരായ ഹൈദരാബാദ് എഫ്‌സിയെക്കാൾ മൂന്ന് പോയിന്റ് മാത്രം പിന്നിലുള്ള അവർ ഒരു കളി കൈയിലുണ്ട്.

“അതെ, സത്യസന്ധമായി പറഞ്ഞാൽ അവസാനം വഴങ്ങിയ ഗോളിൽ ഞാൻ തൃപ്തനല്ല. ഇത് രണ്ടാം തവണയാണ് ഞങ്ങൾക്ക് അത്തരമൊരു സാഹചര്യം ഉണ്ടായത്. ഒഡീഷയ്‌ക്കെതിരായ സീസണിലെ ആദ്യ പാദ മത്സരത്തിലും ഞങ്ങൾക്ക് സമാനമായ അവസ്ഥ സംഭവിച്ചിരുന്നു, അവിടെ ഞങ്ങൾക്ക് രണ്ട് പൂജ്യത്തിന് ലീഡ് ഉണ്ടായിരുന്നു. അന്നും ഇന്നത്തെ പോലെ അവസാന നിമിഷം ഞങ്ങൾ ഗോൾ വഴങ്ങി” മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഇവാൻ വുകൊമാനോവിച്ച് മാധ്യമങ്ങളോട് പറഞ്ഞു .

“തീർച്ചയായും ക്ലീൻ ഷീറ്റ് ഉള്ളത് നല്ലതാണ്. ഒപ്പം ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ ടീം ഞങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ പുരോഗമിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നു, കാരണം പ്രതിരോധത്തിൽ ശക്തരാണെങ്കിൽ എല്ലായ്പ്പോഴും കളിയിൽ വ്യത്യാസം വരുത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു പരിശീലകനെന്ന നിലയിൽ വിജയം എന്നെ ശരിക്കും സന്തോഷിപ്പിക്കുന്നു. കാരണം ഞങ്ങളുടെ ക്ലബ്ബിന്റെ മുൻ കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഞാൻ സന്തോഷവാനാണ്. പോരാളികളെപ്പോലെ കളിച്ച്, പോയിന്റ് നേടാൻ ആഗ്രഹിക്കുന്ന, ഓരോ പന്തിനും ഒരുമിച്ച് പോരാടുന്ന ടീമിനൊപ്പം കളിക്കുമ്പോൾ കൂടുതൽ സന്തോഷം നൽകുന്നു” വുകൊമാനോവിച്ച് പറഞ്ഞു.

Rate this post
Kerala Blasters