പോർചുഗലിനേക്കാൾ മികച്ച ടീമല്ല ബ്രസീലെന്ന് അത്ലറ്റികോ മാഡ്രിഡ് താരം ജോവോ ഫെലിക്‌സ്

ഫിഫ ലോകകപ്പ് നടക്കാൻ ഇനി രണ്ടു മാസത്തിലധികം ബാക്കി നിൽക്കെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ കരുത്തും ദൗർബല്യവും വിശകലനം ചെയ്‌തു കൊണ്ടിരിക്കുകയാണ് ആരാധകർ. സൗത്ത് അമേരിക്കയിലെയും യൂറോപ്പിലെയും കരുത്തുറ്റ രണ്ടു ടീമുകളായ ബ്രസീലും പോർച്ചുഗലും കിരീടപ്രതീക്ഷയോടെ തന്നെയാണ് ഇത്തവണ ലോകകപ്പിനായി ഇറങ്ങുന്നത്. ലോകകപ്പ് നേടാൻ സഹായിക്കാൻ കരുത്തുള്ള നിരവധി താരങ്ങൾ രണ്ടു ടീമുകളിലുമുണ്ട്.

എല്ലാ പ്രാവശ്യവും ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ബ്രസീൽ. ലോകത്തിന്റെ തന്നെ ഫുട്ബോൾ ഫാക്റ്ററിയായി കണക്കാക്കപ്പെടുന്ന ബ്രസീലിൽ നിന്നും അത്രയധികം പ്രതിഭകളാണ് വിവിധയിടങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്നത്. മറ്റുള്ള ടീമുകളേക്കാൾ എല്ലായിപ്പോഴും ബ്രസീലിനൊരു മുൻ‌തൂക്കം ആരാധകർ കൽപ്പിച്ചു നൽകാറുണ്ടെങ്കിലും ഈ ലോകകപ്പിൽ പോർചുഗലിനേക്കാൾ മികച്ച ടീമായി ബ്രസീലിനെ കാണാൻ കഴിയില്ലെന്നാണ് അത്ലറ്റികോ മാഡ്രിഡ് താരം ജോവോ ഫെലിക്‌സ് പറയുന്നത്.

“ബ്രസീലിനൊപ്പം മികച്ച താരങ്ങളുണ്ട്.. പക്ഷെ അവർ പോർച്ചുഗീസ് ദേശീയ ടീമിനെക്കാൾ മികച്ചതാണെന്ന് കരുതുന്നില്ല.” അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ബ്രസീലും പോർച്ചുഗലും ടൂർണമെന്റിൽ മുഖാമുഖം വരാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ ജോവോ ഫെലിക്‌സ് പറഞ്ഞു. ടൂർണമെന്റിൽ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടാനുള്ള അവസരം വരുമെന്ന പ്രതീക്ഷയും താരം പങ്കു വെക്കുകയുണ്ടായി.

എഡേഴ്‌സൺ, അലിസൺ എന്നീ ഗോൾകീപ്പർമാരും തിയാഗോ സിൽവ, മാർക്വിന്യോസ്, മിലിറ്റാവോ, അലക്‌സ് സാൻഡ്രോ, ഡാനിലോ, ടെയസ് തുടങ്ങിയ പ്രതിരോധതാരങ്ങളും അടങ്ങിയ ബ്രസീൽ ടീമിൽ കസമീറോ, ഫ്രെഡ്, ഫാബിന്യോ, പക്വറ്റ, ബ്രൂണോ ഗുയമേറാസ് തുടങ്ങിയ മധ്യനിര താരങ്ങളും കളിക്കുന്നു. നെയ്‌മർ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫിന്യ, റീചാർലിസൺ, ഫിർമിനോ, ആന്റണി തുടങ്ങിയ സൂപ്പർതാരങ്ങൾ അടങ്ങിയ മുന്നേറ്റനിരയാണ് ബ്രസീലിന്റെ കരുത്ത്.

ഫെലിക്‌സ് കരുതുന്നതു പോലെ തന്നെ ഒട്ടും താഴെയല്ലാത്ത ഒരു ടീം പോർചുഗലിനുമുണ്ട്. ഗോൾകീപ്പറായി റൂയി പാട്രീഷ്യോയും പ്രതിരോധത്തിൽ പെപ്പെ, റൂബൻ ഡയസ്, ജോവോ കാൻസലോ, ഡിയാഗോ ദാലോട്ട്, റാഫേൽ ഗുരേര എന്നിവരും അണിനിരക്കുന്നു. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസ്, ഡാനിലോ പെരേര, വിറ്റിന്യ, ബെർണാർഡോ സിൽവ എന്നീ താരങ്ങളുള്ളപ്പോൾ മുന്നേറ്റനിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോവോ ഫെലിക്‌സ്, റാഫേൽ ലിയോ തുടങ്ങിയ അപകടകാരികളായ താരങ്ങളുടെ സാന്നിധ്യമുണ്ട്.

Rate this post