യുവന്റസിന്റെ പത്ത് പോയിന്റുകൾ വെട്ടികുറച്ചു,അടുത്ത ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഒന്നായ ഇറ്റാലിയൻ ലീഗിൽ ഇത്തവണ ഏറെ വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടം നേടിയ സന്തോഷത്തിലാണ് നാപോളി ടീമും ആരാധകരും. എന്നാൽ മറുഭാഗത്ത് തങ്ങൾ മാത്രം അടക്കിഭരിച്ചിരുന്ന ഈ ലീഗ് കിരീടം ഇത്തവണയും നേടാനാവാത്തതിന്റെ വിഷമത്തിലാണ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്.

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്‌ വിട്ടതോടെ ആടിയുലഞ്ഞ യുവന്റസ് ക്ലബ്‌ കര കയറാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ഇരുട്ടടി ഏറ്റിരിക്കുകയാണ്. ഇത്തവണ ലീഗിൽ രണ്ടാം സ്ഥാനത്ത് തുടർന്നിരുന്ന യുവന്റസിന് കോടതി വിധി പ്രകാരം ഇപ്പോൾ നഷ്ടമായത് 10 പോയന്റുകളാണ്.

താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റം സംബന്ധിച്ച് തെറ്റായ കണക്കുകൾ രേഖപ്പെടുത്തി ഫിനാൻഷ്യൽ രേഖകളിൽ യുവന്റസ് കൃത്രിമം കാണിച്ചെന്ന് ഇറ്റാലിയൻ ഫെഡറൽ കോടതി കണ്ടെത്തിയതോടെയാണ് ഇറ്റാലിയൻ കരുത്തരായ യുവന്റസിന് ശിക്ഷ നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം ലീഗിൽ നടന്ന മത്സരത്തിൽ 4-1 ന് തോൽവി വഴങ്ങിയ യുവന്റസിന് മത്സരത്തിന് പിന്നാലെ വന്ന കോടതി വിധിയും തലവേദനയായി.

ഇതോടെ പോയന്റ് ടേബിളിൽ 69 പോയന്റുകളുമായി നപോളിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് തുടർന്നിരുന്ന യുവന്റസ്, കോടതി വിധി പ്രകാരം ശിക്ഷ നടപടിയായി 10 പോയന്റ് കുറച്ചപ്പോൾ 59 പോയന്റ് മാത്രം സമ്പാദ്യവുമായി ആറാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.നേരത്തെ 15 പോയന്റ് കുറക്കാനാണ് തീരുമാനിച്ചതെങ്കിലും കഴിഞ്ഞ ദിവസം നടന്ന അന്തിമ വിചാരണയിലാണ് കോടതി 10 പോയന്റ് കുറക്കാനുള്ള തീരുമാനം എടുത്തത്. ആറാം സ്ഥാനത്തേക്ക് പിന്തള്ളിയതോടെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനുള്ള യുവന്റസിന്റെ സാധ്യതകൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.

സീരി എ ലീഗിൽ ടോപ് ഫോറിൽ ഫിനിഷ് ചെയുന്ന നാല് ടീമുകൾക്ക് മാത്രമേ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ നേരിട്ടു യോഗ്യത ലഭിക്കുകയുളൂ, ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ നാലാം സ്ഥാനത്തുള്ള എസി മിലാനെക്കാൾ അഞ്ച് പോയന്റ് പിന്നിലുള്ള യുവന്റസിന്റെ യുസിഎൽ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം.

Rate this post